തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനത്തിലെ പരാജയവും സുതാര്യതയുടെ അനിവാര്യതയും ചൂണ്ടിക്കാട്ടി ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നടത്തിയത് 17 റെയ്ഡുകള്‍. ഒരു വര്‍ഷത്തിനിടയില്‍ ഇത്രയും റെയ്ഡുകള്‍ നടന്നത് ചരിത്രത്തിലാദ്യമായാണെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. സര്‍ക്കാരിന്റെ വരുമാനച്ചോര്‍ച്ച തടയുന്നതിനും കൈക്കൂലി കൊടുത്ത് പൊറുതിമുട്ടിയ ജനത്തിന് ആശ്വാസം നല്‍കാനും ലക്ഷ്യമിട്ട് വിജിലന്‍സ് സമര്‍പ്പിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പകുതി പോലും നടപ്പായിട്ടില്ല.
ചെക്ക് പോസ്റ്റുകളിലൂടെയുള്ള വരുമാനച്ചോര്‍ച്ച തടയുന്നതിന് എല്ലായിടത്തും യന്ത്രത്തുലാസുകള്‍ (വേ ബ്രിഡ്ജസ്) വയ്ക്കണമെന്നാണ് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. ഒപ്പം ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഇവ നികുതിവകുപ്പ് ഓഫീസുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. നികുതി പിരിവിലെ കൃത്രിമം തടയുന്നതിന് വകുപ്പുതല വിജിലന്‍സ് ഇടയ്ക്കിടെ പരിശോധന നടത്തണം. എന്നാല്‍ ഇവയിലൊന്നും തന്നെ തുടര്‍നടപടിയായി ഉണ്ടായിട്ടില്ല. ധനവകുപ്പിന് കീഴില്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റുകളിലൂടെയുണ്ടാകുന്ന നികുതിച്ചോര്‍ച്ച തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ അമിതച്ചെലവുണ്ടാക്കുന്നവയാണെന്നാണ് വാദം. എന്നാല്‍ പ്രതിദിനമുണ്ടാകുന്ന 150 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടത്തോളം വരില്ല വിജിലന്‍സ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനുണ്ടാകുന്ന ചെലവ്. വാണിജ്യനികുതി ചെക്ക് പോസ്റ്റുകളിലൂടെ ചോരുന്ന ഈ വന്‍തുക ലാഭിച്ചാല്‍ വൈദ്യുതിനിരക്ക് വര്‍ധനപോലെയുള്ള അമിതഭാരം ജനങ്ങളുടെ തലയില്‍ നിന്നൊഴിവാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഇതിനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായാണ് ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ജനം വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന വില്ലേജ് ഓഫീസുകള്‍, താലൂക്ക് സര്‍വേ ഓഫീസുകള്‍ തുടങ്ങി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നയിടങ്ങളില്‍ നേരിട്ടാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചത്. ചിലയിടങ്ങളില്‍ കൈക്കൂലി വാങ്ങുന്നതിനായി ഉദ്യോഗസ്ഥര്‍ ജീവനക്കാരെ നിയമിക്കുകപോലും ചെയ്തിട്ടുണ്ട്. കൈക്കൂലി പിരിച്ചെടുക്കാനായി മാത്രമായിട്ടാണ് ഇവരെ നിയമിച്ചിരുന്നത്. എന്നാല്‍ ഇവയൊക്കെ തടയണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ മാര്‍ഗനിര്‍ദേശം നാളിതുവരെയും നടപ്പാക്കിയിട്ടില്ല. ജനം നേരിട്ട് സമീപിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ വയ്ക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. ഓഫീസിലെത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൈവശമുള്ള പണം രജിസ്റ്ററില്‍ എഴുതി വയ്ക്കാനായിരുന്നു ഈ നിര്‍ദേശം. അതുപോലെ തന്നെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ ക്യാഷ് ഹാന്‍ഡ്‌ലിങ് രജിസ്റ്റര്‍ വയ്ക്കണമെന്ന നിര്‍ദേശവും ഒരു വര്‍ഷമായിട്ടും നടപ്പായിട്ടില്ല.
വില്ലേജ് ഓഫീസുള്‍പ്പെടെയുള്ളിടങ്ങളില്‍ അപേക്ഷ സ്വീകരിക്കുമ്പോള്‍ അവ ആദ്യം വരുന്നവരുടെ ക്രമമനുസരിച്ച് എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒപ്പം ക്രമനമ്പറനുസരിച്ച് രസീതും നല്‍കണം. കൈക്കൂലി തടയുന്നതിന് വേണ്ടിയാണിത്. പക്ഷേ ഇവ ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും അപേക്ഷകരായെത്തുന്ന ജനത്തിന് സ്ഥിതി ദയനീയം തന്നെ. അതേസമയം ഇവര്‍ക്ക് ആവശ്യപ്പെട്ടെത്തുന്ന രേഖകള്‍ കൈമാറുമ്പോള്‍ രജിസ്റ്ററിലെഴുതുകയും രസീത് നല്‍കുകയുമാണിപ്പോള്‍ ചെയ്യുന്നത്.
ജനം നേരിട്ടെത്തുന്ന ഓഫീസുകള്‍ കമ്പ്യൂട്ടറൈസ് ചെയ്യണമെന്നും ഇതിനായി പ്രത്യേകം സോഫ്റ്റ് വേറുകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് മാത്രമാണ് അല്‍പമെങ്കിലും ചെലവുണ്ടാകുമെന്ന് കരുതുന്ന നിര്‍ദേശം. എന്നാല്‍ ഇതിലൂടെ സുതാര്യത ഉറപ്പാക്കാനും ജനത്തിന് മികച്ച സേവനം നല്‍കാനും കഴിയും.
അതേസമയം കഴിഞ്ഞ റെയ്ഡുകളിലൂടെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനും കഴിഞ്ഞിട്ടുണ്ട്. അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ 1000 ലേറെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവരുടെ വകുപ്പുതല പ്രൊമോഷനുകളെയാകും ഈ നടപടി ബാധിക്കുക. മാത്രമല്ല ജനം നേരിട്ട് വിജിലന്‍സ് ഓഫീസുകളില്‍ പരാതി അറിയിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പോലും റെയ്ഡുകള്‍ നടക്കുന്നുണ്ട്.
സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ജൂണ്‍ മുതലാണ് സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതിയും കൈക്കൂലിയും തടയുന്നതിന് വിജിലന്‍സ് റെയ്ഡുകള്‍ തുടങ്ങിയത്. 'സ്‌നേക്‌സ് ഐ' എന്ന പേരില്‍ കോര്‍പ്പറേഷന്‍ ഓഫീസുകളിലായിരുന്നു ആദ്യ റെയ്ഡ്. പിന്നീട് ചെക്ക്‌പോസ്റ്റുകള്‍, വില്ലേജ് ഓഫീസുകള്‍, ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസുകള്‍, സിവില്‍ സപ്ലൈസ് ഓഫീസുകള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍, റേഷന്‍ ഡിപ്പോകള്‍, കടകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ട്രാഫിക് പോലീസ്, പോലീസ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്, മോട്ടോര്‍ വാഹനവകുപ്പ്, മുനിസിപ്പാലിറ്റി - കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗങ്ങള്‍, താലൂക്ക് സര്‍വേ ഓഫീസുകള്‍, എകൈ്‌സസ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, ഒടുവില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസുകള്‍ വരെയെത്തുന്നു ഈ മിന്നല്‍ പരിശോധനകള്‍.