പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് എം.എം.മണി

Published on  12 Aug 2012
മാധ്യമങ്ങള്‍ തന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന് മണി


ഫയല്‍ഫോട്ടോ
തൊടുപുഴ: കഴിഞ്ഞദിവസം അടിമാലി പത്താംമൈലില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി അവതരിപ്പിച്ചുവെന്ന് സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിശദീകരണം. ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്‍ ബാലുവിനെ കൊന്നത് സി.പി.എമ്മാണ് താന്‍ പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തിലേത് എന്നുപറഞ്ഞ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ശബ്ദരേഖയില്‍ കൃത്രിമം നടന്നതായി സംശയമുണ്ടെന്നും എം.എം.മണി പറഞ്ഞു. മണക്കാട് പ്രസംഗത്തിന്റെ പേരില്‍ കേസ് നടക്കുന്നതിനിടെയാണ് മണിയുടെ പുതിയ രാഷ്ട്രീയ പ്രസംഗം വീണ്ടും വിവാദമായത്.

ശബ്ദരേഖയില്‍ കൃത്രിമമായി ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതായി സംശയമുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മണി പറഞ്ഞു. 46 കൊല്ലമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. വളരെ കഷ്ടപ്പെട്ട് ജീവിക്കുകയും അത്തരം സാഹചര്യത്തിലൂടെ ഉയര്‍ന്നുവരികയും ചെയ്തയാളാണ് താന്‍. എന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന വാശി മാധ്യമങ്ങള്‍ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും എം.എം.മണി രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഞങ്ങടെ സഖാവ് അയ്യപ്പദാസിനെ വെട്ടിക്കൊന്നതിന് പകരമായി ഞങ്ങടെ ആളുകള്‍ കോണ്‍ഗ്രസ്സുകാരനായ ബാലുവിനെ കൊന്നു''ഇതാണ് അടിമാലി പത്താംമൈലില്‍ നടന്ന സി.പി.എം. രാഷ്ട്രീയ വിശദീകരണയോഗത്തില്‍ മണിയുടേതായി വന്ന വിവാദപരാമര്‍ശം. ഇതാണ് അദ്ദേഹം നിഷേധിച്ചത്. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ താന്‍ ഉള്‍പ്പെടെയുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വെള്ളിയാഴ്ച ആരോപിച്ചു. സി.പി.ഐ. സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷമായ ഭാഷയിലും വി.എസ്. അച്യുതാനന്ദനെതിരെ പരോക്ഷമായും മണി പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു.