റിമാന്‍ഡ് പ്രതി ആസ്പത്രിയില്‍ മരിച്ചു

Published on  12 Aug 2012
തിരുവനന്തപുരം: കോടതി റിമാന്‍ഡ് ചെയ്ത പ്രതി ആസ്പത്രിയില്‍ വെച്ച് മരിച്ചു. കൊല്ലം ശാസ്താംകോട്ട ഐവര്‍കാല സ്വദേശി അജികുമാറാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറഞ്ഞ് അജികുമാറിനെ ജയില്‍ അധികൃതര്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ പറഞ്ഞു. ന്യൂമോണിയ ബാധിച്ചയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത് ദുരൂഹമാണെന്നും ഇവര്‍ പറയുന്നു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ അജികുമാറിന് മര്‍ദ്ദനമേറ്റതായി സംശയമുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സത്‌നംസിങിന് സംഭവിച്ച ദുരന്തമാണ് ബന്ധുക്കള്‍ക്ക് അജികുമാറിന്റെ കാര്യത്തില്‍ സംശയം തോന്നാന്‍ കാരണമായത്.

എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നാണ് പോലീസിന്റെ വിശദീകരണം. ഞായറാഴ്ച പുലര്‍ച്ചെയാണ് അജികുമാര്‍ മരിച്ചത്. റബര്‍ മോഷണക്കേസിലാണ് അജികുമാറിനെ അറസ്റ്റുചെയ്തത്. കൊല്ലം ജില്ലാ ജയിലിലാണ് അജികുമാര്‍ കഴിഞ്ഞിരുന്നത്.