കൊച്ചിമെട്രോ പദ്ധതി നീളും

Published on  12 Aug 2012

പി.കെ. മണികണ്ഠന്‍

ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) പുനഃസംഘടിപ്പിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാറാണ് വീഴ്ചവരുത്തുന്നതെന്ന് കേന്ദ്രവിമര്‍ശം. കേന്ദ്ര നഗരവികസനമന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പുതിയ ഡയറക്ടര്‍ബോര്‍ഡിനെ നിശ്ചയിച്ച് കമ്പനി പുനഃസംഘടിപ്പിക്കാന്‍ ഇനി സംസ്ഥാനസര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊച്ചിമെട്രോയുടെ നിര്‍മാണച്ചുമതല ഏറ്റെടുക്കാനുള്ള ധാരണാപത്രം ഒപ്പുവെക്കാന്‍ ഇതുവരെയും സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍വൃത്തങ്ങള്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഇതോടെ കൊച്ചിമെട്രോയുടെ നിര്‍മാണം തുടങ്ങുന്നത് അനിശ്ചിതമായി നീളുമെന്നും ഉറപ്പായി. കേന്ദ്ര നഗരവികസനമന്ത്രാലയത്തിന്റെയും ഡി.എം.ആര്‍.സി.യുടെയും വിമര്‍ശനങ്ങളോടെ കൊച്ചി മെട്രോയുടെ നിര്‍മാണനടപടികളില്‍ സംസ്ഥാനത്തിന്റെ വീഴ്ച വ്യക്തമായി.

പദ്ധതി കേന്ദ്രസര്‍ക്കാറിന്റെ ഓഹരിപങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകളുടെ പ്രതിനിധികളടങ്ങുന്നതാവും കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ്. കേന്ദ്ര നഗരവികസന സെക്രട്ടറിയായിരിക്കും ബോര്‍ഡ് ചെയര്‍മാന്‍. മാനേജിങ് ഡയറക്ടര്‍ സംസ്ഥാനസര്‍ക്കാറിന്റെ പ്രതിനിധിയായിരിക്കും. എന്നാല്‍, പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ട് ഒന്നരമാസമായിട്ടും ഇതുവരെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍പ്രതിനിധികളെ നിശ്ചയിച്ചുകഴിഞ്ഞു. നഗരവികസനസെക്രട്ടറിക്കു പുറമേ നഗരവികസനമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി എസ്.കെ. ലോഹ്യ, ഡി.എം.ആര്‍.സി. നിര്‍മാണവിഭാഗം ഡയറക്ടര്‍ ജിതേന്ദ്ര ത്യാഗി, ബാംഗ്ലൂര്‍ മെട്രോ റോളിങ് സ്റ്റോക്ക് വിഭാഗം ഡയറക്ടര്‍ ഡി.ഡി. അഹൂജ, റെയില്‍വേ ബോര്‍ഡംഗം എ.കെ. ഗുപ്ത എന്നിവരാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രതിനിധികള്‍.

എന്നാല്‍, മാനേജിങ് ഡയറക്ടറടക്കമുള്ള സംസ്ഥാനസര്‍ക്കാര്‍പ്രതിനിധികളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടുത്തിടെ പ്രസ്താവിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണ് നഗരവികസനസെക്രട്ടറിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.കൊച്ചി മെട്രോ റെയില്‍നിര്‍മാണച്ചുമതലയ്ക്കായി ഡി.എം.ആര്‍.സി. തയ്യാറാക്കിയ ധാരണാപത്രത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്ന് 'മാതൃഭൂമി' നേരത്തേ റിപ്പോര്‍ട്ടുചെയ്തിരുന്നു.

അതേനില തുടരുകയാണെന്ന് ഡി.എം.ആര്‍.സി.യിലെ ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. കരടുധാരണാപത്രം തയ്യാറാക്കിയാണ് സര്‍ക്കാറിന് അയച്ചുകൊടുത്തത്. ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ധാരണാപത്രം ഒപ്പിടാന്‍ കൊച്ചിമെട്രോ കമ്പനിയുടെ പുനഃസംഘടന പൂര്‍ത്തിയാവണമെന്നില്ല. ധാരണാപത്രം ഒപ്പിടല്‍ വൈകുന്നതിനുള്ള കാരണം ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഡി.എം.ആര്‍.സി. വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.ക്കായതിനാല്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതെതന്നെ ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി(ജൈക്ക) വായ്പ നല്‍കാമെന്ന് ഉറപ്പു നല്‍കിക്കഴിഞ്ഞു.ധാരണാപത്രം ഒപ്പിട്ടാല്‍ ഏതുനിമിഷവും നിര്‍മാണപ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള ടെന്‍ഡര്‍നടപടികളും ഡി.എം.ആര്‍.സി. പൂര്‍ത്തിയാക്കിക്കഴിഞ്ഞു.