LATEST NEWS
  Aug 10, 2012
റോഡിന്റെ ശോച്യാവസ്ഥ: തൃശ്ശൂരില്‍ ദേശീയപാത ഉപരോധിച്ചു


തൃശ്ശൂര്‍: റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചു. വെള്ളിയഴ്ച രാവിലെ ഒമ്പതു മണിക്കു തുടങ്ങിയ ഉപരോധം പന്ത്രണ്ടര വരെ നീണ്ടു. തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ ഗതാഗതം സ്തംഭിച്ചു. ഒല്ലൂര്‍ എംഎല്‍എ എം.പി. വിന്‍സെന്റ് ഉപരോധം ഉദ്ഘാടനം ചെയ്തു.

കുതിരാനിലെ ഗതാഗതക്കുരുക്കും, ഇരുമ്പുപാലത്തിന്റെ അപകടാവസ്ഥയും തൃശ്ശൂര്‍-പാലക്കാട് യാത്രയ്ക്ക് ഭീഷണിയാവുകയാണ്. അഞ്ചും എട്ടും മണിക്കൂര്‍ റോഡില്‍ കെട്ടിക്കിടന്നാണ് വാഹനങ്ങള്‍ പട്ടിക്കാട്-വാണിയമ്പാറ റൂട്ടില്‍ സഞ്ചരിക്കുന്നത്. റോഡിലെ കുഴികളില്‍ തെന്നി ഇരുചക്രവാഹന യാത്രക്കാര്‍ തെറിച്ചുവീഴുന്നതും, വലിയ വാഹനങ്ങള്‍ തകരാറിലാകുന്നതും കുതിരാനിലെ നിത്യകാഴ്ചകളാണ്. ബുധനാഴ്ച രാത്രി ഏഴുമണിക്കു തുടങ്ങിയ ഗതാഗതക്കുരുക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വിട്ടൊഴിഞ്ഞത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ വാഹനങ്ങള്‍ വടക്കാഞ്ചേരി വഴി പോലീസ് തിരിച്ചുവിടുകയായിരുന്നു.

റോഡ് ഗതാഗതയോഗ്യമാക്കണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കാന്‍ അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല. ആറു വര്‍ഷമായി റോഡ് റീടാര്‍ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ആയിരക്കണക്കിനു വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ സ്ഥിതി മോശമാണെന്നറിയുന്നതിനാല്‍ മന്ത്രിമാരും ജനപ്രതിനിധികളും ഇപ്പോള്‍ ഈവഴി സഞ്ചരിക്കാറില്ല.

ഗതാഗതക്കുരുക്കു കാരണം കൃത്യസമയത്ത് ജോലിക്കെത്താന്‍ കഴിയാത്തതിനാല്‍ പരിസരവാസികളില്‍ പലരും നഗരത്തിലെ ചെറിയ ജോലികള്‍ ഉപേക്ഷിച്ചു. വാണിയംപാറ വാസികള്‍ ഇളനാട്, പഴയന്നൂര്‍-ചേലക്കര വഴിയാണ് ഇന്ന് നഗരത്തിലെത്തുന്നത്.ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ഹൈവേ പോലീസിനു പുറമെ ക്യാമ്പില്‍ നിന്നുള്ള അടിയന്തര വിഭാഗത്തെയും റോഡില്‍ നിയോഗിച്ചിട്ടുണ്ട്. കുഴികളില്‍ വീണ് കയറാന്‍ പാടുപെടുന്ന ചരക്കുവണ്ടികളെ തള്ളിക്കയറ്റുക എന്നതാണ് കുതിരാനിലെ പോലീസിന്റെ പ്രധാന ജോലി. അധികാരികളുടെ കണ്ണു തുറപ്പിക്കാനുള്ള അവസാന ശ്രമമെന്നോണം റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വാണിയമ്പാറ സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണയും പിക്കറ്റിങ്ങും നടക്കും.

മന്ത്രിയുടെ വാക്കിനും പുല്ലുവില


റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന മന്ത്രിയുടെ ഉത്തരവ് ചെവിക്കൊള്ളാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പൊതുമരാമത്ത് മന്ത്രി അടിയന്തര യോഗം വിളിച്ച് നല്‍കിയ നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ തള്ളിയത്. മഴയ്ക്കു മുന്‍പേ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന എം.എല്‍.എ.യുടെ ആവശ്യവും കാറ്റില്‍ പറന്നു.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ, ദേശീയപാത നിര്‍മ്മാണ കമ്പനിയോ അനങ്ങാതെ വന്നപ്പോഴാണ് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിക്കും വകപ്പു മന്ത്രിക്കും പരാതി നല്‍കിയത്. നിയമസഭയില്‍ തൃശ്ശൂര്‍-പാലക്കാട് റോഡ് വിഷയമായി ഉയര്‍ന്നതോടെ മന്ത്രി എന്‍.എച്ച്.എ.ഐ. ഉദ്യോഗസ്ഥരേയും ദേശീയപാത നിര്‍മ്മാണ കമ്പനിക്കാരെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ദേശീയപാത നിര്‍മ്മാണത്തിന് റോഡ് കൈമാറിയതിനാല്‍ ഉത്തരവാദിത്വം മുഴുവന്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്ത കെ.എം.സി. കമ്പനിക്കാണെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം. പുതിയ ആറുവരിപ്പാതയുടെ ജോലി ഉടന്‍ ആരംഭിക്കുന്നതിനാല്‍ നിലവിലുള്ള റോഡ് റീടാര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

കുഴികളില്‍ ക്വാറി വേസ്റ്റ് നിറച്ചാണ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന മന്ത്രിയുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയത്. മഴ എത്തിയതോടെ റോഡില്‍ ചെളി നിറഞ്ഞു. ഗതാഗത യോഗ്യമല്ലാത്ത റോഡിനെ പിന്നീടാരും തിരിഞ്ഞു നോക്കിയിട്ടില്ല.ക്വാറി വേസ്റ്റ് തടയും


റോഡിലെ കുഴികളില്‍ ക്വാറി വേസ്റ്റ് കൊണ്ടുതട്ടുന്ന സ്ഥിരം പരിപാടി അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ഒറ്റക്കെട്ടോടെ വ്യക്തമാക്കി. ''വെയില്‍ കനക്കുമ്പോള്‍ ക്വാറിപ്പൊടി പറക്കുന്നതും, മഴക്കാലത്ത് റോഡില്‍ ചേറു നിറയുന്നതും പലതവണ കണ്ടു, ഇനി അനുവദിക്കില്ല.'' ഇരുമ്പുപാലത്തിനു സമീപത്തു താമസിക്കുന്ന കണ്ടത്ത് ജോണിയുടെ വാക്കുകള്‍ തിളച്ചു. കുഴികള്‍ നികത്തിയുള്ള റീടാറിങ്ങില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും ഇത്തവണ യാത്രക്കാരും തയ്യാറല്ല. റോഡിന്റെ തകരാറില്‍ മുതിര്‍ന്നവരെ പോലെ കുട്ടികളും ദുരിതം അനുഭവിക്കുന്നു. ഇ.കെ.എം. യു.പി. സ്‌കൂളിലെ അറുന്നൂറോളം കുട്ടികളും കൊമ്പഴ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ 400 കുട്ടികളും ദുരിതപാതയിലാണ് ദിവസവും നീങ്ങുന്നത്.

ഗതാഗതക്കുരുക്കില്‍ പുതുമ ഇല്ലാതായിരിക്കുന്നുവെന്നാണ് 'മറിയ' ലോറിയുടെ ഡ്രൈവര്‍ ഷിജുവിന്റെ അഭിപ്രായം. ആലപ്പുഴയില്‍ നിന്ന് കഞ്ചിക്കോട്ടേയ്ക്ക് ചരക്കുലോറിയുമായി ആഴ്ചയില്‍ രണ്ടുതവണ ഷിജുവിനു യാത്രയുണ്ട്. ഇരുമ്പുപാലത്തിനടുത്ത് വാഹനം കേടായിയെന്നു കേട്ടാല്‍ ലോറി ഒതുക്കിയിട്ട് ഷിജു വിശ്രമിക്കും-''വെറുതേ റോഡില്‍ കിടന്ന് ഡീസല്‍ കത്തിക്കണ്ടല്ലോ?''. ഷിജുവിന്റെ അഭിപ്രായംതന്നെയാണ് ചരക്കുവണ്ടിയിലെ മിക്ക ഡ്രൈവര്‍മാര്‍ക്കും. ചീട്ടുകളിച്ചും കിടന്നുറങ്ങിയും അവര്‍ കുതിരാനിലെ ഗതാഗതക്കുരുക്ക് റോഡരികില്‍ ആഘോഷിക്കും.

കുതിരാനില്‍ പോലീസിനാണ് പെടാപ്പാട്. ''ഗതാഗതക്കുരുക്കുണ്ടാക്കുന്ന ഡ്രൈവര്‍മാരോട് ഒന്നു ദേഷ്യപ്പെടാന്‍പോലും കഴിയില്ല. കുഴിയില്‍ വീണ് തകരാറിലായ വണ്ടിഡ്രൈവറെ ചീത്തവിളിക്കാനാകുമോ.''-ഹൈവേ പോലീസിന്റെ സംസാരത്തില്‍ നിരാശ.അപകടക്കെണിയൊരുക്കി ഇരുമ്പുപാലം


ഇരുമ്പുപാലത്തെ പേടിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ഇത്തവണ സ്ഥിതി വളരെ മോശമാണ്. പാലത്തിലെ കുഴികളും കൈവരികളുടെ തകര്‍ച്ചയും ഭീമുകളിലെ വിള്ളലും പാലത്തെ മൊത്തം ഉലച്ചിരിക്കുകയാണ്.

പാലത്തിന്റെ അപകടാവസ്ഥ മുന്നില്‍ കണ്ട് അധികാരികള്‍ എടുത്ത ഏക നടപടി പാലത്തില്‍ രണ്ടു പോലീസുകാരെ നിര്‍ത്തിയെന്നതാണ്. ഒരേസമയം രണ്ടു ചരക്കുവണ്ടികള്‍ പാലത്തില്‍ കയറാതെ നോക്കുകയാണ് ഇവരുടെ ജോലി. പാലത്തിലെ കുഴികളില്‍ തെന്നി വാഹനം കൈവരിയിലുരസുന്നത് നേരില്‍ കണ്ടുനില്‍ക്കുന്നവരാണ് പോലീസുകാര്‍.

പാലത്തിന്റെ അടിഭാഗം മൊത്തം കാടുകയറിയ അവസ്ഥയിലാണ്. രണ്ടു ദിവസമായി മഴ കനത്തതോടെ ക്വാറി വേസ്റ്റ് നിറച്ച കുഴികളിലെല്ലാം ചേറുനിറഞ്ഞു. പാലത്തിലെ നടപ്പാത വാഹനം കയറി നശിച്ചു. കാല്‍നടക്കാരന് പാലം കടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വണ്ടി ഇടിച്ച് പാലത്തിന്റെ കൈവരികള്‍ മുന്‍പ് തകര്‍ന്നതാണ്. ഏറെ ഒച്ചപ്പാടുകള്‍ക്ക് ശേഷമാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. അവയെല്ലാം ഇന്ന് വീണ്ടും തകര്‍ന്നു. പാലത്തിലെ കുഴികളിലിറങ്ങുന്ന വാഹനം മറിയാന്‍ സാധ്യത ഉണ്ടെന്ന യാത്രക്കാരുടെ മുന്നറിയിപ്പുകള്‍പോലും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.


വാര്‍ത്ത അയച്ചത്: പി. പ്രജിത്ത്
ഫോട്ടോ: എം.വി. സിനോജ്‌

Latest news

Ad