ജ്യോത്സ്‌നയുടെ മൃതദേഹം കണ്ടെത്തി

Published on  09 Aug 2012


തിരുവമ്പാടി: മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി കാണാതായ ആനക്കാംപൊയില്‍ ചെറുശ്ശേരി പടന്നമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോത്സ്‌നയുടെ (7) മൃതദേഹം കണ്ടെത്തി.

അച്ഛന്റെയും അമ്മ ഷീബയുടെയും സഹോദരങ്ങളുടെയും ഒപ്പം തോട് മുറിച്ചു കടക്കുന്നതിനിടെയാണ് അച്ഛന്റെ വിരല്‍ത്തുമ്പില്‍നിന്ന് തെന്നിമാറി മകള്‍ ഒഴുകിപ്പോയത്. ആനക്കാംപൊയില്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

തോട്ടില്‍ വെള്ളം കൂടിയതിനാല്‍ ഷീബയോടൊപ്പം ബിനുവും കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ്. കുട്ടികളെ കടത്തുന്നതിനിടെ വലിയ പാറക്കല്ലുകള്‍ ഒഴുകിവന്നു. മൂന്നു കുട്ടികളെ തോട് കടത്തുകയും ചെയ്തു. അവസാനത്തെയാളായ ജ്യോത്സ്‌ന മാത്രം കൈവിട്ടുപോയി.

ബിനു ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഷീബയും മക്കളായ ലൈജില്‍, അഖില്‍, അലന്‍ എന്നിവരും കൂടെയുണ്ട്. ''ഒഴുകിപ്പോകുന്ന മകളുടെ കൈയില്‍ മൂന്നു തവണ പിടിത്തം കിട്ടിയതാണ്. പക്ഷേ, ഒഴുകിവന്ന പാറക്കല്ലുകള്‍ തട്ടി പിടിവിട്ടുപോവുകയായിരുന്നു. മൂന്നാമത്തെ തവണയും കൈയില്‍നിന്ന് വഴുതിപ്പോയ മകള്‍ താഴേക്ക് ഒഴുകിപ്പോകുന്നത് കണ്ടതാണ്. പിറകെ നീന്തിനോക്കുകയും ചെയ്തു. പിന്നെ കണ്ടെത്താനായില്ല'' ആസ്പത്രിക്കിടക്കയിലിരുന്ന് സങ്കടമൊതുക്കി ബിനു പറഞ്ഞു.

ആനക്കാംപൊയില്‍ യു.പി. സ്‌കൂളിലാണ് നാലു കുട്ടികളും പഠിക്കുന്നത്. ജ്യോത്സ്‌ന നാലാം ക്ലാസ്സിലും മൂത്തയാള്‍ ലൈജില്‍ ഏഴിലും അഖില്‍ ആറിലും ഇളയകുട്ടി ഒന്നാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.