വയറില്ല; മീറ്ററില്ല വൈദ്യുതി വിതരണമേഖലയില്‍ പ്രതിസന്ധി

Published on  09 Aug 2012
തോപ്പുംപടി: സര്‍വീസ് വയറും മീറ്ററുമില്ല. ഫ്യൂസ്‌കെട്ടാന്‍ വയറില്ല. ഇതു രണ്ടുമില്ലാത്തതിനാല്‍ യഥാസമയം പുതിയ കണക്ഷന്‍ നല്‍കാനാവുന്നുമില്ല. വൈദ്യുതി ബോര്‍ഡിന്റെ മേഖലാകേന്ദ്രങ്ങളിലും ഇവയൊന്നുമില്ല. ഫ്യൂസ് വയര്‍, ഷാക്കിള്‍, ഫ്യൂസ് തുടങ്ങിയ സാമഗ്രികളൊന്നും സെക്ഷനുകളിലേക്ക് വിതരണം ചെയ്യുന്നില്ല. വൈദ്യുതി വിതരണജോലികള്‍ക്ക് അത്യാവശ്യംവേണ്ട സാമഗ്രികള്‍ ശേഖരിക്കുവാന്‍ ബോര്‍ഡില്‍ നടപടികളില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ വാങ്ങല്‍ നിര്‍ത്തിവച്ചിരിക്കുകയാണത്രെ.

വാഹനങ്ങള്‍ ഉപയോഗിക്കുന്നകാര്യത്തിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുറമേനിന്ന് വാഹനം വാടകയ്‌ക്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്. ഓരോ സെക്ഷനിലും വാടകവാഹനങ്ങള്‍ പരമാവധി ഉപയോഗിക്കാവുന്നതിനു പരിധി നിശ്ചയിച്ചിരിക്കുകയാണ്. വിദഗ്ദ്ധസമിതിയെ നിയോഗിച്ച് പഠനംനടത്തിയശേഷമാണ് വാഹന ഉപയോഗത്തിന്റെ പരിധി നിര്‍ണയിച്ചത്. ഓരോ സെക്ഷന്റെയും ഭൂമിശാസ്ത്രപരമായ കിടപ്പുമനസ്സിലാക്കി, 1000 മുതല്‍ 2500 കിലോമീറ്റര്‍വരെയായി വാഹനയാത്രയുടെ പരിധി നിശ്ചയിച്ച് കരാര്‍ഡ്രൈവുടെ വേതനവും പരിമിതപ്പെടുത്തി.

ഓഫീസ് ആവശ്യങ്ങള്‍ക്കും വൈദ്യുതിതകരാറുള്‍ പരിഹരിക്കുന്നതിനുമൊക്കെ വാഹനം ഉപയോഗിക്കാമെങ്കിലും ദൂരപരിധി ലംഘിക്കാനാവില്ല. മോഡല്‍ സെക്ഷന്‍ സംവിധാനം നിലവില്‍വന്നതോടെ, ജീവനക്കാര്‍ ഒരു ഗ്രൂപ്പായി വൈദ്യുതിതകരാര്‍ പരിഹരിക്കുന്ന ജോലികള്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഇതിന് വാഹനം വേണം. വാഹനലഭ്യത കുറയുന്നതോടെ കൂട്ടായി ജോലികള്‍ചെയ്യുന്ന സമ്പ്രദായം ഇല്ലാതാകും. 'മോഡല്‍ സെക്ഷന്‍ സങ്കല്പം' പൊളിയുകയും ചെയ്യും.

വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് മോഡല്‍ സെക്ഷന്‍ സംവിധാനത്തെ തകര്‍ക്കാനാണെന്ന വാദവുമായി സിഐടിയു നേതൃത്വത്തിലുള്ള വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്. വാഹനങ്ങളുടെ കിലോമീറ്റര്‍പരിധി എടുത്തുമാറ്റണമെന്നാണ് സിഐടിയു യൂണിയന്റെ ആവശ്യം. വാഹനങ്ങളിലെ ഡ്രൈവറുടെ വേതനം പരിമിതപ്പെടുത്തുമ്പോള്‍ രാത്രിജോലിചെയ്യുവാന്‍ ആളെ കിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.