കോട്ടയം: ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലായി ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്റെ കൈവശമുള്ള മിച്ചഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ റവന്യൂവകുപ്പ് തുടങ്ങി. വനംവകുപ്പിന്റെകൂടി സഹകരണത്തോടെയാണ് നടപടികള്‍. സംസ്ഥാനത്ത് ഹാരിസന്റെ കൈവശമുള്ള ഭൂമിയില്‍നിന്ന് 834.53 ഏക്കര്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറായ സാഹചര്യത്തിലാണ് നടപടികള്‍. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ പെരിയാര്‍ വില്ലേജില്‍ മൂങ്കലാര്‍ എസ്റ്റേറ്റിലെ 127 ഏക്കറും തൊടുപുഴ താലൂക്കില്‍ കോടിക്കുളം വില്ലേജിലെ കാളിയാര്‍ എസ്റ്റേറ്റില്‍ 77 ഏക്കറുമാണ് ഏറ്റെടുക്കുന്നത്.
മൂങ്കലാര്‍ എസ്റ്റേറ്റിലെ സ്ഥലം ബുധനാഴ്ച ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അടുത്തദിവസം ഹാരിസണ്‍ കമ്പനിയുടെയും റവന്യൂ, വനം വകുപ്പുകളുടെയും സര്‍വേസംഘങ്ങള്‍ സംയുക്തമായി സ്ഥലം പരിശോധിക്കും. ഈ ഭൂമിയെപ്പറ്റി റവന്യൂ, വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഡി.എഫ്.ഒ.കൂടി എത്തിയശേഷം നടക്കുന്ന സര്‍വേയില്‍ ഭൂമിയെപ്പറ്റി കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നാണ് പ്രതീക്ഷ. അഡീഷണല്‍ തഹസില്‍ദാര്‍മാരായ ബി.ശശിധരന്‍, കെ.നളിനാക്ഷന്‍, വില്ലേജ് ഓഫീസര്‍ റോയി മാത്യു, സര്‍വേ സൂപ്രണ്ട് എ.നജീബ്, കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥലപരിശോധന നടത്തിയത്.
പത്തനംതിട്ട ജില്ലയില്‍ ളാഹ, കല്ലേലി, റാന്നി എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുത്തത്. ളാഹ എസ്റ്റേറ്റിലെ 7.98 ഏക്കറും കല്ലേലി എസ്റ്റേറ്റിലെ 17.23 ഏക്കറും ഏറ്റെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ കൃഷ്ണക്കുട്ടിക്കുറുപ്പ്, കോഴഞ്ചേരി തഹസില്‍ദാര്‍ ഡാനിയേല്‍ മാത്യു, ഐരവണ്‍ വില്ലേജ് ഓഫീസര്‍ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കല്ലേലില്‍ ഭൂമി ഏറ്റെടുത്തത്.
റാന്നി തഹസില്‍ദാര്‍ കെ.അജന്തകുമാരി, അഡീഷണല്‍ തഹസില്‍ദാര്‍ പി.ഗോപകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.യു.രാധാകൃഷ്ണന്‍ നായര്‍, വൈ.സലിം, ഇ.ജെ.സന്തോഷ്, താലൂക്ക് സര്‍വേയര്‍ ഷാജഹാന്‍, പെരുനാട് വില്ലേജ് ഓഫീസര്‍ ജി.റെജി എന്നിവരുടെ നേതൃത്വത്തിലാണ് ളാഹയില്‍ ഭൂമി ഏറ്റെടുക്കല്‍ നടന്നത്. ഏറ്റെടുത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ഭൂമിയായി പ്രഖ്യാപിച്ച് ബോര്‍ഡുവെച്ചു.
വയനാട് ജില്ലയില്‍ പൊഴുതന പെരുങ്കോട എസ്റ്റേറ്റിലെ 7.23 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ജില്ലയില്‍ 298 ഏക്കര്‍ ഭൂമി സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്നാണ് കമ്പനി അറിയിച്ചത്. വൈത്തിരി താലൂക്കിലെ മൂപ്പൈനാട്, കോട്ടപ്പടി, അച്ചൂരാനം, ബത്തേരി താലൂക്കിലെ തൊവരിമല എന്നിവിടങ്ങളിലാണ് ഇനി ഭൂമി ഏറ്റെടുക്കാനുള്ളത്. എ.ഡി.എം. പി.അറുമുഖന്‍, വൈത്തിരി തഹസില്‍ദാര്‍ സൂപ്പി കല്ലങ്കോടന്‍, സര്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.