സാഹസിക കടല്‍ യാത്രകളിലൂടെ ഇന്ത്യയെ 'കണ്ടെത്തിയ' യൂറോപ്യന് അന്നാവശ്യം ഇന്ത്യക്കാരന്‍ തന്റെ മണ്ണില്‍ വിളയിച്ച കുരുമുളകും ഏലവും മഞ്ഞളും ആയിരുന്നു. ഇന്ന് ഈ ആഗോളീകരണ കാലഘട്ടത്തില്‍ ഇന്ത്യയുടെ ആധുനികോത്തര തലമുറ താലത്തില്‍ വെച്ച് നീട്ടുന്നത് മറ്റൊന്നാണ് : അവന്റെ പെണ്ണിന്റെ ഉര്‍വരമായ ഗര്‍ഭപാത്രം !
വളരെയെളുപ്പം പരിഹരിക്കാന്‍ കഴിയാത്ത വന്ധ്യത എന്ന ദു:ഖത്തിന് പാശ്ചാത്യര്‍ കണ്ടെത്തിയ വഴിയാണ് ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കല്‍ അഥവാ 'സറോഗസി'. സ്വന്തം രാജ്യത്ത് നിയമക്കുരുക്കുകളും വന്‍ പണച്ചെലവും വരുന്ന ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കലിന്റെ പറുദീസയായി പാശ്ചാത്യന്‍ ഇന്ന് കാണുന്നത് ഇന്ത്യയെയാണ്. ഇന്ത്യന്‍ നഗരങ്ങളില്‍ അതിദ്രുതം വളര്‍ന്ന് വരുന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ 'ചുരുങ്ങിയ ചിലവില്‍' കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു നല്‍കുന്ന കേന്ദ്രങ്ങളായി മാറുന്നു. അങ്ങനെ ബിസിനസ് ഔട്ട്‌സോഴ്‌സിങ്ങിന്റെ മറ്റൊരു പുത്തന്‍ രൂപം ആയി മാറുന്നു ഇന്ത്യയില്‍ 'കമേഴ്‌സ്യല്‍ സറോഗസി'.
എന്താണ് സറോഗസി?മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിച്ചു പ്രസവിച്ചു കുഞ്ഞിനെ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് 'സറോഗസി' എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ട് തരത്തിലുണ്ട് ഇത്. 'പരമ്പരാഗത സറോഗസി' യില്‍ വാടകയ്‌ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും അണ്ഡം. ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. മറ്റൊരു രീതിയായ 'ഗെസ്‌റ്റേഷണല്‍ സറോഗസി'യില്‍ ബീജസങ്കലനം കഴിഞ്ഞ ഭ്രൂണം വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. രണ്ടാം രീതിയാണ് ഇപ്പോള്‍ വ്യാപകം.
ഇന്ത്യയുടെ മേന്മകള്ഈ രംഗത്ത് ഇന്ത്യയുടെ പ്ലസ് പോയിന്റുകള്‍ ഒട്ടേറെയാണെത്രെ. ഏറ്റവും പ്രധാനം സാമ്പത്തിക ലാഭം തന്നെ. അമേരിക്കയില്‍ 80,000 ഡോളര്‍ വേണ്ടി വരുന്ന 'സറോഗസി 'ക്ക് ഇന്ത്യയില്‍ വെറും 5000 ഡോളര്‍ മാത്രം. കൂടാതെ ഇന്ത്യയില്‍ 'സറോഗസി ' നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഇല്ലായ്മ കാലതാമസവും ചുവപ്പുനാടയും ഒഴിവാക്കുന്നു. 'സറോഗസി' അനുവദിച്ച ചൈന പോലുള്ള ഏഷ്യന്‍ രാജ്യങ്ങളെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ എന്നിവയെയും അപേക്ഷിച്ച് ഇംഗ്ലീഷ് അറിയാവുന്ന ഡോക്ടര്‍മാരും ക്ലിനിക്കുകളിലെ ലോകോത്തര
സൗകര്യങ്ങളും ഇന്ത്യയുടെ അനുകൂല ഘടകമാണ്.
വളരുന്ന ഉര്‍വരതാ ടൂറിസംമെഡിക്കല് ടൂറിസത്തിന്റെ വളര്‍ച്ചയുടെ ഭാഗമായാണ് ഇന്ത്യയില്‍ ഈ ഉര്‍വരതാ ടൂറിസം വേര് പിടിച്ചത്. ഈ ടൂറിസത്തിന്റെ ചിത്രവും ശോഭനീയമാണ്. വര്‍ഷവും 7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ ഇതിനുള്ളത്. 50 കോടി ഡോളറിന്റെ ബിസിനസാണ് ഈ മേഖലയില്‍ നടക്കുന്നതെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം 2000 'സറോഗസി' ജനനങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിദഗ്ദര്‍ പറയുന്നു. 'സറോഗസി'യുടെ ആഗോള തലസ്ഥാനമായി മാറും ഇന്ത്യ എന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ സമൂഹം ഈ രീതിയോട് ആദ്യമൊക്കെ പുറം തിരിഞ്ഞു നിന്നെങ്കിലും വന്ധ്യത ഏറ്റവും വലിയ ശാപമായി കണക്കാക്കുന്ന ഇന്ത്യക്കാരും ഇപ്പോള്‍ വാടക ഗര്‍ഭപാത്രം തേടി തുടങ്ങിയതും ഈ ബിസിനസിനെ പ്രതീക്ഷയിലേക്കുയര്‍ത്തുന്നു.
നിയമങ്ങളുടെ അഭാവംഏതെങ്കിലുമൊരു പ്രശ്‌നത്തില്‍ ഒരു നിയമം ഉണ്ടാകുന്നതിനു മുന്‍പേ അതിന്റെ അസാന്നിദ്ധ്യത്തില്‍ അനേകര്‍ അനര്‍ഹമായത് നേടാറുണ്ട്. ഇന്ത്യയില്‍ ഇതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് ഈ വിഷയം. 2002 മുതല്‍ക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും 'സറോഗസി' യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവില്‍ ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല.
ഇരു കക്ഷികള്‍ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണിത്. ഈ കരാറിന്റെ ലംഘനത്തിന്മേല്‍ നിയമനടപടി സ്വീകരിക്കാന്‍ പലപ്പോഴും സാധിക്കുകയുമില്ല. ഇതു പോലൊരു ആശയക്കുഴപ്പം നിറഞ്ഞ മേഖലയിലെ ഏക നിയമപരമായ അനുമതി എന്നത് 2008 ലെ ഒരു കേസില്‍ 'സറോഗസി' അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയാണ്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇത് സംബന്ധമായി കുറച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ശക്തമായ ഒരു നിയമത്തിന്റെ അഭാവം അവയെ ദുര്‍ബലമാക്കുന്നു.
ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തല്‍, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കല്‍, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കല്‍ എന്നിവ ഈ രംഗത്ത് അനിവാര്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരേ സമയം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവുന്ന ഭ്രൂണങ്ങളുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ നാലെണ്ണം വരെ ഒരേ സമയം നിക്ഷേപിക്കുന്ന കേസുകള്‍ ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാദ്യശ്ചികമായി ഒന്നില്‍ കൂടുതല്‍ ഭ്രൂണങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഒന്നിനെ നിലനിര്‍ത്തി മറ്റുള്ളവയെ അബോര്‍ട്ട് ചെയ്യുന്നതും സാധാരണമാണ്. കൂടാതെ ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്.
ഇവയെല്ലാം ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളുടെ ലംഘനമായിട്ടും അത് തടയാന്‍ പോലും കഴിയുന്നില്ല നിയമസംവിധാനത്തിന്. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇതിനു വിധേയരാകുന്ന സ്ത്രീകള്‍ ഒട്ടേറെയാണ് എന്നത് ഈ മേഖലയിലെ നിയമസാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതാക്കുന്നു. കൂടാതെ സ്വന്തം ഭര്‍ത്താവിന്റേതല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സ്ത്രീയെ തികച്ചും ആചാരബദ്ധമായ ഇന്ത്യന്‍ ഗ്രാമസമൂഹം എങ്ങനെ കാണും എന്നതു പരിഗണിക്കേണ്ട ഒരു പ്രശ്‌നമാണെന്ന് ആക്ടിവിസ്റ്റുകള്‍ കരുതുന്നു. പല തവണ തിരുത്തലിനു വിധേയമാക്കി ഇന്ത്യയിലെ നിയമനിര്‍മ്മാണ രീതിയ്ക്ക് മകുടോദാഹരണമായി മാറിയിരിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജീസ് (റെഗുലേഷന്‍) നിയമം ഇനിയും പാ!സ്സാക്കിയിട്ടില്ല ഇവിടെ.
പെരുകുന്ന ക്ലിനിക്കുകള്അനുദിനം പെരുകി വരുന്ന ക്ലിനിക്കുകള്‍ വെബ്‌സൈറ്റിലൂടെ പരസ്യം നല്‍കി വിദേശ 'കസ്റ്റമര്‍'മാരെ ആകര്‍ഷിക്കുന്നു. മിക്ക വലിയ നഗരങ്ങളിലും 'സറോഗസി' ക്ലിനിക്കുകള്‍ ഉണ്ടെങ്കിലും ക്ഷീരവിപ്ലവത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ച ഗുജറാത്തിലെ 'ആനന്ദ്' നഗരമാണ് എണ്ണത്തിലും ഗുണത്തിലും മികച്ച് നില്‍ക്കുന്ന ക്ലിനിക്കുകളുടെ കാര്യത്തില്‍ മുന്‍നിരയില്‍. ലോകോത്തര നിലവാരമുള്ള ഇന്‍വിട്രോ
ഫെര്‍ട്ടിലൈസേഷന്‍ സൌകര്യങ്ങള്‍ ഒരുക്കി അവര്‍ കാത്തിരിക്കുകയാണ് വന്ധ്യരായ വിദേശികളെ. 'ആനന്ദി'ലെ ഏറ്റവും മികച്ച ക്ലിനിക്ക് ആയ 'ആകാംക്ഷ' യില്‍ എല്ലായ്‌പ്പോഴും കുറഞ്ഞത് 15 ഗര്‍ഭിണികളെങ്കിലും ഉണ്ടാകും. അവര്‍ തങ്ങളുടെ അഞ്ഞൂറാമത്തെ കുഞ്ഞിന്റെ ജനനം ആഘോഷിച്ചു കഴിഞ്ഞു.
ആരാണ് ദാതാക്കള്‍ ?ക്ലിനിക്കുകളുള്ള നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലെ ദരിദ്ര സ്ത്രീകളാണ് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറായി വരുന്നത്. ദാരിദ്യം തന്നെയാണ് ഇന്ത്യയില്‍ 'കമേഴ്‌സ്യല്‍ സറോഗസി'യ്ക്ക് വളക്കൂറുള്ള മണ്ണുണ്ടാക്കുന്നത് എന്ന് അര്‍ത്ഥം. വിവാഹിതരും രണ്ടോ മൂന്നോ കുട്ടികളുടെ അമ്മമാരുമായ ആരോഗ്യവതികളായ യുവതികളെയാണ് ക്ലിനിക്കുകള്‍ തെരഞ്ഞെടുക്കുക. പ്രതിഫലത്തിന് നിശ്ചിതനിരക്കുകള്‍ ഒന്നും പൊതുവായില്ല ക്ലിനിക്കുകളില്‍. നാല് ലക്ഷം മുതല്‍ എട്ട് വരെ രൂപയാണ് പ്രതിഫലമായി നല്‍കപ്പെടുന്നത്. സന്തുഷ്ടരാകുന്ന ദമ്പതികള്‍ നല്‍കാനിടയുള്ള 50000 രൂപ വരെ വരാവുന്ന 'ടിപ്പ്' ഇതിനു പുറമെയാണ്. ഒരു കുഞ്ഞിനുള്ള നിരക്കാണിത്. ഇരട്ടകളാണ് ഉണ്ടാകുന്നതെങ്കില്‍ പ്രതിഫലത്തില്‍ 20 ശതമാനം വര്‍ദ്ധനവ് നല്‍കും. ക്ലിനിക്കുകള്‍ സകലവുമടക്കം 13 ലക്ഷം രൂപ വരെ ദമ്പതികളില്‍ നിന്ന് ഈടാക്കുന്നു. ഗര്‍ഭപാത്രം കടം നല്‍കുന്ന സ്ത്രീയ്ക്ക് കിട്ടുന്നത് അവരെ സംബന്ധിച്ച് വലുതെങ്കിലും ചൂഷണം ഇവിടെയും മണക്കുന്നു.
കമേഴ്‌സ്യല്‍ സറോഗസി' യെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം ആക്ടിവിസ്റ്റുകളുടെയും പ്രധാന ഊന്നല്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്രരായ യുവതികളാണ് ദാതാക്കളാകാന്‍ തയ്യാറായി വരുന്നത് എന്ന കാര്യത്തിലാണ്. ദാരിദ്യത്തിന്റെ ഈ ചൂഷണത്തിലൂടെ ഇടനിലക്കാര്‍ നല്ല പണക്കൊയ്ത്ത് നടത്തുകയും ചെയ്യുന്നു. പ്രതിദിന വരുമാനം എന്നത് ഒരു ഡോളറില്‍ താഴെ മാത്രമായ ഒരു ഇന്ത്യന്‍ ദരിദ്ര കുടുംബത്തെ സംബന്ധിച്ച് നാല് ലക്ഷം രൂപ വലിയ ഒരു സംഖ്യയാണെന്നിരിക്കെ തങ്ങളുടെ ജീവന്‍ പോലും അപകടത്തില്‍ പെടാവുന്ന ഒരു 'കടം കൊടുപ്പിനു' അവര്‍ പ്രേരിതരാകുന്നു. ഒന്നില്‍ കൂടുതല്‍ തവണ ഗര്‍ഭപാത്രം ഇങ്ങനെ കടം നല്‍കിയവരും ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗര്‍ഭിണികളുടെ മരണനിരക്ക് 19 ശതമാനം ആണ്. സെന്റര്‍ ഫോര്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍, െ്രെടനിംഗ് ആന്റ് മറ്റേര്‍ണല്‍ ഡെത്ത് എന്ന എന്‍.ജി.ഒ 2011 ല്‍ നടത്തിയ സര്‍വേ അനുസരിച്ച് ഓരോ എട്ടു മിനിട്ടിലും ഒരു ഗര്‍ഭിണി ഇന്ത്യയില്‍ മരണപ്പെടുന്നു.
വലിയ റിസ്‌കുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ തന്നെയാണ് ഈ പാവം സ്ത്രീകള്‍ ചെയ്യുന്നതെന്ന് സാരം. ഗര്‍ഭിണിയ്ക്ക് മികച്ച ഭക്ഷണവും മറ്റ് സൌകര്യങ്ങളും നല്‍കുന്നതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ക്ലിനിക്കുകള്‍ നടത്തുന്നുണ്ട് : 9 മാസം താന്‍ പേറുന്ന കുഞ്ഞിനോട് യാതൊരു ആത്മബന്ധവും 'അമ്മ'യില്‍ ഉണ്ടാകാതിരിക്കാനുള്ള കൌണ്‍സലിംഗ് ആണത്. മറ്റാരുടെയോ
കുഞ്ഞിനെയാണ് താന്‍ വഹിക്കുന്നതെന്നും അത് തന്റെ ആരുമല്ലെന്നും കരുതാന്‍ അവരെ 'പ്രാപ്ത'രാക്കേണ്ടത് ഇവിടെ അനിവാര്യമാണല്ലോ?
പ്രമീള വഗേലയുടെ അനുഭവംഅഹമ്മദാബാദിലെ പള്‍സ് വിമെന്‍സ് ഹോസ്പിറ്റല്‍ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ വെച്ച് എട്ടുമാസമായി ഒരു അന്യഭ്രൂണത്തെ ഗര്‍ഭത്തില്‍ പേറുന്ന പ്രമീള വഗേല എന്ന മുപ്പതുകാരിയുടെ മരണം നിയമപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പ്രമീള മരിച്ചെങ്കിലും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാന്‍ കഴിഞ്ഞു. പ്രമീളയെപ്പോലെ ഗര്‍ഭപാത്രം നല്‍കുന്ന അനേകം സ്ത്രീകളും അവരുടെ ബന്ധുക്കളും ഒപ്പു വെക്കുന്ന കരാറിലെ പ്രധാനവ്യവസ്ഥ തന്നെ ഏതെങ്കിലും കാരണവശാല്‍ ഗര്‍ഭിണിയ്ക്ക് ഗുരുതരമായ അപായം സംഭവിക്കുന്ന സാഹചര്യം വന്നാല്‍ കുഞ്ഞിനായിരിക്കും മുന്‍ഗണന നല്‍കേണ്ടത് എന്നാണ് . ഇത്തരമൊരു സംഭവം നടന്നാല്‍ അമേരിക്കയിലോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ക്ലിനിക്ക് ഉടമകള്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും എന്നും ഇന്ത്യയില്‍ അതൊന്നും നടക്കാത്തത് 'സറോഗസി'യെ നിയന്ത്രിക്കാന്‍ യാതൊരു നിയമങ്ങളും നിലവിലില്ലാത്തതു മൂലമാണെന്നും നിരീക്ഷകര്‍ കരുതുന്നു.
ഉയരുന്ന ചോദ്യങ്ങള്ഒട്ടേറെ നിയമ,ധാര്‍മ്മിക ചോദ്യങ്ങള്‍ ഉയരുന്നുണ്ട് ഈ വാടകയ്‌ക്കെടുക്കല്‍ സംബന്ധമായി സമൂഹത്തില്‍. ഗര്‍ഭപാത്രത്തിന്റെ കച്ചവടവത്കരണം, സ്ത്രീ വെറുമൊരു ചരക്കെന്ന നിലയില്‍ വ്യവഹരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ അവളുടെ സ്ഥാനം കൂടുതല്‍ മോശമാക്കുകയല്ലെ ചെയ്യുക? പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള എല്ലാ കച്ചവടത്തിലും അന്തര്‍ലീനമായ ചൂഷണം 'കമേഴ്‌സ്യല്‍ സറോഗസി' യും ഉള്‍ക്കൊള്ളുന്നില്ലേ എന്നതാണ് മറ്റൊരു ചോദ്യം. തന്റെ ശരീരം വാടകയ്ക്ക് നല്‍കാന്‍ ഒരാള്‍ക്ക് അനുവാദം നല്‍കാന്‍ സമൂഹത്തിനു അവകാശമുണ്ടോ എന്ന മറ്റൊരു ചോദ്യവും ഉയരുന്നു ഈ വിഷയത്തില്‍. അതിനുള്ള 'മനുഷ്യാവകാശം' ആ വ്യക്തിക്കു തന്നെയില്ല എന്ന് കരുതുന്നവരുമുണ്ട്. ഗര്‍ഭധാരണത്തെയും പ്രസവത്തെയും തൊഴിലുടമതൊഴിലാളി ബന്ധം പോലെയോ അടിമജോലിയ്ക്കായുള്ള കരാര്‍ പോലെയോ ആക്കി മാറ്റുക എന്നത് എത്രത്തോളം ആശാസ്യമാണ് ?
മറുവഴികള്‍ തിരയാത്ത സമൂഹം'തന്റെ സ്വന്തം ചോരയില്‍ ഒരു കുഞ്ഞ്' എന്ന ഒട്ടൊക്കെ സ്വാര്‍ഥമെന്ന് പറയാവുന്ന വികാരമാണ് മിക്ക ദമ്പതികളെയും ഈ മാര്‍ഗങ്ങളിലേക്ക് പലപ്പോഴും നയിക്കുന്നത്. ദത്തെടുപ്പ് സംബന്ധമായി ഇന്ത്യയിലെ നിലവിലുള്ള നിയമനൂലാമാലകള്‍ ദമ്പതികളെ അവരതിനാഗ്രഹിച്ചാലും പിന്തിരിപ്പിക്കുന്നു.
രണ്ടര വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നു പലപ്പോഴും ഉദ്ദേശിച്ച കുഞ്ഞിനെ ദത്തു കിട്ടാന്‍ നിലവിലെ സ്ഥിതിയില്‍. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായാല്‍ ധാരാളം പേര്‍ ദത്തെടുക്കല്‍ എന്ന മാര്‍ഗം അവലംബിക്കുമെന്നും അതു വഴി ആത്യന്തികമായി
സമൂഹത്തിനു തന്നെയാവും നേട്ടം ഉണ്ടാവുകയെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു.