ഖരമാലിന്യ സംസ്‌കരണം: 'കേരളമാതൃക'ലജ്ജാകരം

Published on  06 Aug 2012

എസ്.എന്‍. ജയപ്രകാശ്‌

കേരളത്തിന് 17-ാം സ്ഥാനം മാത്രം


* കണ്ടെത്തല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ പഠനത്തില്‍
* ജലമലിനീകരണ നിയന്ത്രണത്തിലും മലിനജല സംസ്‌കരണത്തിലും കേരളം പിന്നില്‍


തിരുവനന്തപുരം: രാജ്യത്ത് പതിനേഴാം റാങ്കുമായി നഗരമാലിന്യ സംസ്‌കരണത്തില്‍ ലജ്ജാകരമായ കേരളമാതൃക. സംസ്ഥാനത്തെ നഗര മാലിന്യ ശേഖരണശേഷി 20 ശതമാനം മാത്രം. മലിനജല സംസ്‌കരണശേഷി വെറും പൂജ്യവും. ജല, വായു മലിനീകരണ നിയന്ത്രണത്തിലും കേരളം പിന്നില്‍ത്തന്നെ.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിസ്ഥിതി നയങ്ങളുടെയും പരിപാടികളുടെയും നടപ്പാക്കലിനെപ്പറ്റി കേന്ദ്ര ആസൂത്രണ ക്കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് കേരളത്തിന്റെ പരിതാപകരമായ അവസ്ഥ വെളിപ്പെടുന്നത്. സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണബോര്‍ഡും പരിസ്ഥിതി വകുപ്പും നടപ്പാക്കിയ വിജയകരമായ മാതൃകകള്‍ കണ്ടെത്തുന്ന ഈ പഠനത്തില്‍ കേരളത്തില്‍ നിന്ന് ഒരു പരിപാടിയും സ്ഥാനം പിടിച്ചിട്ടില്ല.

ആസൂത്രണകമ്മീഷനുവേണ്ടി പ്രിസ്റ്റല്‍സ് എന്ന പരിസ്ഥിതി സുരക്ഷാപഠന ഏജന്‍സിയാണ് കമ്മീഷനുവേണ്ടി പഠനം നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിലെ കാര്യക്ഷമത (ഇ.പി.ഐ.- എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ്) വ്യവസായ മേഖലകളിലെ പാരിസ്ഥിതിക മലിനീകരണത്തോത് ( സി.ഇ.പി.ഐ.- കോംപ്രിഹെന്‍സീവ് എന്‍വയോണ്‍മെന്റല്‍ പൊല്യൂഷന്‍ ഇന്‍ഡക്‌സ്) എന്നിവ സംബന്ധിച്ച സൂചികകളുടെ അടിസ്ഥാനത്തിലാണ് ഈ പഠനത്തില്‍ സ്‌കോറും റാങ്കും കണക്കാക്കിയിരിക്കുന്നത്.

നഗരമാലിന്യം, അപകടകരമായ പാഴ്‌വസ്തുക്കള്‍, ആസ്പത്രി മാലിന്യം എന്നിവ ശേഖരിക്കുന്നതിനുള്ള ശേഷിയുടെ അടിസ്ഥാനത്തിലാണ് മാലിന്യ സംസ്‌കരണത്തിലെ ഇ.പി.ഐ. സ്‌കോര്‍ കണക്കാക്കിയത്. കേരളത്തില്‍ 20 ശതമാനം നഗരമാലിന്യമേ ശേഖരിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ 17-ാം റാങ്കും. 70 ശതമാനം ശേഷിയോടെ ചണ്ഡീഗഢ്, മേഘാലയ, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, സിക്കിം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവയാണ് രാജ്യത്ത് മുന്നില്‍. എന്നാല്‍ , കേരളത്തില്‍ 86 ശതമാനം ആസ്പത്രി മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്.

രണ്ടുസൂചികകളുടെയും അടിസ്ഥാനത്തില്‍ ജലമലിനീകരണ നിയന്ത്രണത്തിലും പിന്നിലാണ് കേരളം. രാജ്യത്ത് 14-ാം സ്ഥാനം. ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര എന്നിവയാണ് മുന്നില്‍. കേരളത്തോടൊപ്പം ഝാര്‍ഖണ്ഡ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഒഡിഷ, രാജസ്ഥാന്‍, ഡല്‍ഹി എന്നിവയാണ് പിന്നില്‍. വിസര്‍ജ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന മലിനജലം നദികളിലേക്ക് ഒഴുക്കിവിടുന്നതില്‍ കേരളം രാജ്യത്തുതന്നെ മുന്നിലാണ്. മലിനജല സംസ്‌കരണത്തിലും കേരളത്തിന്റെ ശേഷി പൂജ്യം തന്നെ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അസമും ഝാര്‍ഖണ്ഡുമാണ് പൂജ്യംശേഷിയോടെ കേരളത്തിന് കൂട്ടായുള്ളത്.

വായു സംരക്ഷണത്തിലും ഇരുസൂചികകളുടെയും അടിസ്ഥാനത്തില്‍ കേരളത്തിന്റെ റാങ്ക് 14. അസം, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ചത്തീസ്ഗഢ്, രാജസ്ഥാന്‍, ഹരിയാണ, ഡല്‍ഹി എന്നിവയാണ് കേരളത്തോടൊപ്പം പിന്നിലുള്ള സംസ്ഥാനങ്ങള്‍. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനുമുള്ള കേന്ദ്ര നിയമങ്ങള്‍ പാലിക്കുന്നതിലും കേരളം പിന്നിലാണ്.