ന്യൂഡല്‍ഹി:കലാപ സ്ഥലങ്ങളില്‍ പട്ടാളത്തിന്റെ സേവനം പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടിക്രമത്തില്‍ മാറ്റംവരുത്തണമെന്ന്ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം പ്രതിരോധമന്ത്രാലയത്തിന് കത്തയച്ചു.
സി.ആര്‍.പി.സി 130 -ാം വകുപ്പ് പ്രകാരം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കരസേനയുടെ സേവനം ആവശ്യപ്പെട്ടാല്‍ അത് ലഭ്യമാക്കണം. എന്നാല്‍ 84-ലെ സിഖ് വിരുദ്ധ കലാപത്തിനുശേഷം പ്രതിരോധ മന്ത്രാലയം നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി. ഇതനുസരിച്ച് കരസേനയെ നിയോഗിക്കുന്നതിനുള്ള ആവശ്യം പ്രതിരോധ മന്ത്രാലയത്തില്‍ കൂടി വേണം ഉയര്‍ത്തേണ്ടത്. ഇത് കാലതാമസത്തിന് കാരണമാകുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
അസമില്‍ അടുത്തിടെ കലാപം ഉണ്ടായപ്പോള്‍ കരസേനയെ വിന്യസിക്കുന്നതിന് കാലതാമസം വന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. അസമിലെ കരസേനാ കമാന്‍ഡര്‍മാര്‍ സംസ്ഥാനഅധികൃതരുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. സേനയെ വിന്യസിക്കാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു അവരുടെ നിലപാട്. തുടര്‍ന്ന് അസം ചീഫ് സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയുമായി സംസാരിച്ചശേഷമാണ് സേനയെ വിന്യസിച്ചത്.കരസേന തുടക്കത്തില്‍തന്നെ രംഗത്തുവന്നിരുന്നെങ്കില്‍ കലാപം പടരുന്നത് തടയാമായിരുന്നുവെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അഭിപ്രായപ്പെട്ടിരുന്നു.
കലാപസമയത്ത് സേനാവിന്യാസത്തിന് നിയമനടപടികളുടെ നൂലാമാല ഉണ്ടാകരുതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.