ഡെറാഡൂണ്‍/ശ്രീനഗര്‍: കനത്ത മഴയിലും മലയിടിച്ചിലിലും ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ദുരന്തത്തില്‍ കാണാതായ ആറുപേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ജമ്മുകശ്മീരിലെ സോജില മേഖലയിലുണ്ടായ മഴയെയും മണ്ണിടിച്ചിലിനെയുംതുടര്‍ന്ന് ലഡാക്ക് മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു.
ഉത്തരാഖണ്ഡില്‍ ശനിയാഴ്ച കാണാതായ 23 തൊഴിലാളികളെ ഇനിയും കണ്ടെത്തിയിട്ടില്ല. സംസ്ഥാനസര്‍ക്കാറിന്റെ അസി ഗംഗ ജലവൈദ്യുതി പദ്ധതിക്കായി പണിയെടുക്കുന്നവരെയാണ് കാണാതായത്. ഇവര്‍ മരിച്ചതായി കരുതുന്നുവെന്ന് ജില്ലാ കളക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ശ്രീനഗര്‍-ലേ ഹൈവേയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും സോജില പാസില്‍ കുടുങ്ങിയിട്ടുണ്ട്.
മേഘസ്‌ഫോടനം എന്ന പ്രതിഭാസം ഉത്തരാഖണ്ഡിലെ ദുരന്തത്തിന് ആക്കം കൂട്ടിയതായി അധികൃതര്‍ പറയുന്നു. ചുരുങ്ങിയ സമയംകൊണ്ട് വെള്ളപ്പൊക്കമുണ്ടാക്കാന്‍പോന്ന കനത്ത മഴയാണ് മേഘസ്‌ഫോടനം എന്നറിയപ്പെടുന്നത്. ഒരു മണിക്കൂറില്‍ 100 മില്ലിമീറ്ററോ അതിലേറെയോ മഴയാണ് പെയ്തിറങ്ങുന്നത്.
ഉത്തരകാശിയില്‍മാത്രം 31 പേരും ചമോലി ജില്ലയില്‍ മൂന്നുപേരുമാണ് മരിച്ചത്. ഈ പ്രദേശങ്ങളില്‍നിന്ന് 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രകൃതിദുരന്തത്തെ ത്തുടര്‍ന്ന് ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള ചാര്‍ധാം യാത്രയില്‍ പങ്കെടുക്കുന്നവര്‍ പലയിടങ്ങളിലായി കുടുങ്ങിയിട്ടുണ്ട്.