തൃശ്ശൂര്‍:ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട സി.ഐ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. പ്രതിയെ ജയിലിലടയ്ക്കാതിരിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ക്കിടെ മജിസ്‌ട്രേട്ട് എത്തി ഇയാളെ ആസ്പത്രിയില്‍ത്തന്നെ റിമാന്‍ഡ് ചെയ്തു. രോഗം ഭേദമായാലുടന്‍ ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ്.
കര്‍ക്കടക വാവുബലി കഴിഞ്ഞ് ബസ്സില്‍ മടങ്ങുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയും ദ്രുതകര്‍മസേന സി.ഐ.യുമായ ദേശമംഗലം സ്വദേശി ടി.ടി. സുബ്രഹ്മണ്യന്‍ (38) ആണ് വീണ്ടും പിടിയിലായത്. ജില്ലാ കോടതി ജാമ്യം റദ്ദാക്കിയിട്ട് അഞ്ച് ദിവസമായിട്ടും പ്രതി ഒളിവിലായതിനാല്‍ പിടിക്കാനായില്ലെന്നാണ് വടക്കാഞ്ചേരി പോലീസ് പറഞ്ഞിരുന്നത്. ഇതിനിടെ ശനിയാഴ്ച രാത്രി 10.30 ഓടെ ഇയാള്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടി. അമിത രക്തസമ്മര്‍ദ്ദം, ചെവിവേദന എന്നിവയായിരുന്നു രോഗങ്ങള്‍. കുറച്ച് കഴിഞ്ഞ് പോലീസെത്തി നിരീക്ഷണത്തിലാക്കി. ഞായറാഴ്ച ഉച്ചയോടെ കുന്നംകുളം ഡിവൈഎസ്പി കെ.കെ. ഇബ്രാഹിം എത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിക്ക് ചെവിയില്‍ പഴുപ്പായതിനാലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതിനാലും യാത്ര ചെയ്യുന്നത് ഉചിതമല്ലെന്ന് ഇ.എന്‍.ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
പ്രതിയെ ജയിലിലടയ്ക്കാതെ ആസ്പത്രിയില്‍ സുഖചികിത്സയ്ക്ക് പാര്‍പ്പിക്കാനാണ് പോലീസിന്റെ ഉദ്ദേശ്യമെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മുറിക്ക് മുന്നില്‍ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടി പ്രതിഷേധവും നടത്തി.
വടക്കാഞ്ചേരി മജിസ്‌ട്രേട്ടിന്റെ ചുമതല വഹിക്കുന്ന കൊടുങ്ങല്ലൂര്‍ മജിസ്‌്ര്രേടട്ട് എം.ജി. സതീഷ്‌കുമാര്‍ വൈകീട്ട് അഞ്ചു മണിയോടെ ആസ്പത്രിയിലെത്തി. ഡോക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രതിയെ ആഗസ്ത് 17 വരെ ആസ്പത്രിയില്‍ത്തന്നെ റിമാന്‍ഡ് ചെയ്തു. രോഗം ഭേദമായാലുടന്‍ ജയിലിലടയ്ക്കാനുള്ള പ്രൊഡക്ഷന്‍ വാറന്‍റും നല്‍കി.
പ്രതി ആസ്പത്രിയിലുണ്ടെന്നറിഞ്ഞ് എത്തിയ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ മുറിയടച്ചിട്ടിരിക്കുകയായിരുന്നു പോലീസ്. പിന്നീട് മജിസ്‌ട്രേട്ട് എത്തുന്നതിന് മുമ്പാണ് വാതില്‍ തുറന്നത്. ജൂലായ് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി മജിസ്‌ട്രേ്ട്ട് അന്നുതന്നെ ജാമ്യം നല്‍കിയത് വിവാദമായി. ജില്ലാ പബ്‌ളിക് പ്രൊസിക്യൂട്ടര്‍ പയസ് മാത്യുവും അപമാനത്തിനിരയായ വീട്ടമ്മയും ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജൂലായ് 30ന് ജാമ്യം റദ്ദാക്കിയത്.