വാഷിങ്ടണ്‍: ഇറാനുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള ബില്ലിന്റെ കാര്യത്തില്‍ അമേരിക്കയിലെ ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും അംഗങ്ങള്‍ സമവായത്തിലെത്തി. എണ്ണ കയറ്റുമതില്‍നിന്ന് ഇറാന് ലഭിക്കുന്ന വരുമാനം വെട്ടിച്ചുരുക്കാനുദ്ദേശിച്ചുള്ള ബില്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ അംഗീകാരത്തിനുവേണ്ടി സമര്‍പ്പിക്കുന്നതിനുമുമ്പ് ഇരുസഭയിലും പാസാകേണ്ടതുണ്ട്.
ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവര്‍ക്കും സ്വര്‍ണംനല്‍കി എണ്ണ വാങ്ങുന്നവര്‍ക്കുംമേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ബില്ലില്‍ വകുപ്പുണ്ട്. എണ്ണ വില്പന കുറയ്ക്കുകയും അങ്ങനെ സര്‍ക്കാരിനുള്ള വരുമാനം കുറയ്ക്കുകയുമാണ് ലക്ഷ്യം. എണ്ണ വാങ്ങുന്നതില്‍നിന്ന് പിന്നോട്ടുപോകാത്ത രാജ്യങ്ങള്‍ക്കുമേല്‍ ഈ വര്‍ഷം ആദ്യം യു.എസ്സും യൂറോപ്യന്‍ യൂണിയനും ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതിലും കടുത്ത നടപടികളാണ് പുതിയ ബില്ലിലുള്ളത്.
ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നെന്ന് പറഞ്ഞാണ് യു.എസ് ഉപരോധവുമായി മുന്നോട്ടുപോയത്. തങ്ങള്‍ ആണവപരീക്ഷണം നടത്തിയത് സൈനികേതര ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍.