ഒളിമ്പിക്‌സ് : കച്ചവടത്തിന്റെ അദ്യശ്യ ആറാം വളയം

Published on  28 Jul 2012

ജാഫര്‍ എസ് പുല്‍പ്പള്ളി

പണ്ട്, ഒളിമ്പിക്‌സ് ശുദ്ധമായ അമേച്വറിസത്തിന്റെയും സന്തോഷദായകമായ സ്‌പോര്‍ട്ട്‌സിന്റെയും മേളനമായിരുന്നു. ആധുനിക മനുഷ്യന്റെ സംഘബോധത്തിന്റെയും ഉത്സുകതയുടെയും ചിഹ്നമായ ആ അഞ്ച് വളയങ്ങള്‍ക്ക് പുറമെ മറ്റൊരു അദ്യശ്യ വളയം കൂടി ആ പതാകയില്‍ കടന്നുകൂടിയിരിക്കുന്നു. പുതിയ കാലത്തിന്റെ മുഖമുദ്രയായ കച്ചവടം തന്നെ ആ ആറം വളയം.

*************************

സ്‌പോണ്‍സര്‍ഷിപ്പ് ആണ് ഒളിമ്പിക്‌സിന്റെ കച്ചവടസാധ്യതകളുടെ വലിയ ഒരു മേഖല ആദ്യമായി തുറന്നു കൊടുത്തത്. ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി അത്് കൊണ്ടു വന്നത് 1930 കളിലായിരുന്നു . ചെറു പ്രാദേശിക കമ്പനികളായിരുന്നു പങ്കാളികള്‍. ഇത് ക്രമേണ വളര്‍ന്നു. 60കളുടെ അവസാനം വരെ സ്‌പോണ്‍സര്‍ഷിപ്പിനെതിരെയുള്ള നയമായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടേത്. എന്നാല്‍ 70കളില്‍ സ്‌പോണ്‍സര്‍ഷിപ്പ് രീതി ശക്തി പ്രാപിച്ചു. ഇതിനു പുത്തന്‍ മാനങ്ങള്‍ നല്‍കിയത് മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്ക നടത്തിയ 1984 ലെ ലോസ് ആഞ്ചലിസ് ഒളിമ്പിക്‌സും. 1976 ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്‌സ് വന്‍ സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ചതാണ് സംഘാടകരെ ഇതിനു പ്രേരിപ്പിച്ചത്.

ആ ഒളിമ്പിക്‌സില്‍ സ്‌പോണ്‍സര്‍മാര്‍ 628 ആയിരുന്നു. ഇത്രയും വലിയ സ്‌പോണ്‍സര്‍ സംഘത്തെ ഡീല്‍ ചെയ്യുക തന്നെ വലിയ പ്രയത്‌നമായി സംഘാടകര്‍ക്ക്. ഒളിമ്പിക്‌സ് നടത്താന്‍ വേണ്ടി വരും എന്ന് കരുതപ്പെട്ട തുകയുടെ 796 ശതമാനം കൂടുതല്‍ ചെലവാണ് അന്ന് നേരിട്ടത്. അതു കൊണ്ട് ലോസ് ആഞ്ചലിസില്‍ അവര്‍ പുതിയ രീതി തുടങ്ങി. കുറെ പേരില്‍ നിന്നു കുറച്ച് വീതം വാങ്ങുന്നതിനു പകരം കുറച്ച് പേരില്‍ നിന്ന് കുറെ പണം വാങ്ങുകയായിരുന്നു പുത്തന്‍ നയത്തിന്റെ കാതല്‍. എന്തായാലും നയം വന്‍വിജയം. ആദ്യമായി ലാഭംനേടിയ ഒളിമ്പിക്‌സ് എന്ന ഖ്യാതി ലോസ് ആഞ്ചലിസ് സ്വന്തമാക്കി. 22.5 കോടി ഡോളറായിരുന്നു ലാഭം.

1985 ല്‍ തുടക്കമിട്ട ദ ഒളിമ്പിക് പാര്‍ട്‌ണേര്‍സ്‌പ്രോഗ്രാം (TOP) പിന്നീടുള്ള എല്ലാ സ്‌പോണ്‍സര്‍ഷിപ്പ് ഘടനകളുടെയും അടിത്തറയായി.. നാല് വര്‍ഷം വീതം കാലയളവ് ഉണ്ടായിരിക്കും ഈ വ്യവസ്ഥയ്ക്ക് കീഴിലുള്ള ഓരോ കരാറുകള്‍ക്കും. വന്‍ തോതിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് വേണ്ട എന്ന മുന്‍കാല കമ്മറ്റികളുടെ നയം ജുവാന്‍ ആന്റോണിയോ സമറാഞ്ചിന്റെ നേത്യത്വത്തിലുള്ള പില്‍ക്കാല നേത്യത്വങ്ങള്‍ തിരുത്തി. അങ്ങനെയാണ് 2012 ലെ സംഘാടകര്‍ കൊക്കാ കോളയില്‍ നിന്ന് ഒറ്റയടിക്ക് 10 കോടി പൌണ്ട് നേടിയത്.

സ്വന്തം ബ്രാന്‍ഡിന്റെ പ്രൊമോഷനെക്കുറിച്ച് സദാ ചിന്തിക്കുന്ന കമ്പനികള്‍ക്കും ഒളിമ്പിക്‌സ് നടത്തുന്ന രാജ്യത്തിനും സ്‌പോണ്‍സര്‍ഷിപ്പ് സുപ്രധാന കാര്യമായി മാറി.. ഇതിനെ എതിര്‍ക്കുന്നവരോട് ഇത്രയും വലിയ ഒരു മേള നടത്താന്‍ വേണ്ട പണം (ഏകദേശം 70 കോടി പൌണ്ട് എന്ന് കണക്ക്) എങ്ങനെയുണ്ടാക്കും എന്ന മറുചോദ്യം ഉന്നയിക്കും ഒളിമ്പിക് കമ്മിറ്റിയും നടത്തിപ്പു രാജ്യവും.

ഈ ഒളിമ്പിക്‌സിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള 11 സ്‌പോണ്‍സര്‍മാരെ തിരഞ്ഞെടുത്തത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയാണ്. ഓരോ കച്ചവട ഇനത്തിലും ഓരോ സ്‌പോണ്‍സര്‍ എന്ന രീതിയിലാണ് തെരഞ്ഞെടുപ്പ്. സോഫ്റ്റ് ഡ്രിങ്കില്‍ കൊക്കാകോള, ടെലിവിഷന് പാനസോണിക് എന്നിങ്ങനെ. ഇവരാണ് ഒളിമ്പിക്‌സിന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍മാര്‍. മറ്റ് സ്‌പോണ്‍സര്‍മാരെ തെരഞ്ഞെടുക്കുന്നത് ആതിഥേയരാജ്യത്തിന്റെ അവകാശമാണ്. അവര്‍ക്ക് 44 കമ്പനികളെ ആഭ്യന്തര സ്‌പോണ്‍സര്‍മാരാക്കാം. ഇവരില്‍ ബി.പി യും കാഡ്ബറീസും ഉള്‍പ്പെടുന്നു.

ആഗോള സ്‌പോണ്‍സര്‍മാര്‍


11 പേരാണ് ആഗോള സ്‌പോണ്‍സര്‍മാര്‍. ഓരോ കച്ചവട ഇനത്തിനും ഓരോരുത്തര്‍. എയ്‌സര്‍, അറ്റോസ്, കൊക്കകോള, ഡൌ, ജനറല്‍ ഇലക്ട്രിക്, മക് ഡൊണാള്‍ഡ്‌സ്, ഒമേഗ, പാനാസോണിക്, പ്രോക്ടര്‍ & ഗാംബ്ള്‍ , സാംസങ്ങ്, വിസ എന്നിവരാണ് ഈ വമ്പന്മാര്‍. ഇവര്‍ ഐ ഒ സി ക്ക് പണമായോ സേവനമായോ തങ്ങളുടെ വിഹിതം നല്‍കുന്നു.

കൊക്ക കോള, മക്‌ഡൊണാള്‍ഡ്‌സ്, പ്രോക്ടര്‍ & ഗാംബ്ള്‍ എന്നിവര്‍ സേവനമൊന്നും നല്‍കുന്നില്ല പകരം പണം നല്‍കുന്നു. എന്നാല്‍ ഒളിമ്പിക്‌സ് സുഗമമായി നടക്കുന്നതിനുള്ള എല്ലാ കമ്പ്യൂട്ടര്‍ സൌകര്യങ്ങളും പ്രദാനം ചെയ്യുന്ന
എയ്‌സര്‍ നല്‍കുന്നത് സ്‌പോണ്‍സര്‍ഷിപ്പിന്റെ സേവനരൂപമാണ്. അറ്റോസ് എന്ന ഐ.ടി പാര്‍ട്ണര്‍ ആകട്ടെ വിവരസാങ്കേതിക വിദ്യയുടെ എല്ലാ അംശങ്ങളും ഒളിമ്പിക്‌സിനു നല്‍കുന്നു. ജനറല്‍ ഇലക്ട്രിക് നല്‍കുന്ന സേവനങ്ങള്‍ വൈദ്യുതി, വെളിച്ചം, ജലശുദ്ധീകരണം എന്നീ രംഗങ്ങളിലാണ്. കൂടാതെ അവര്‍ ഒളിമ്പിക് ഗ്രാമത്തിനകത്തെ ആശുപത്രികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. ഒമേഗ എന്ന ലോകോത്തര വാച്ച് നിര്‍മ്മാതാക്കളുടെ കയ്യില്‍ സുരക്ഷിതമായിരിക്കും ഒളിമ്പിക്‌സിന്റെ 'സമയം' മുഴുവനും.

കളിക്കളത്തില്‍ നിയന്ത്രണം; പുറ്‌ത്തോ ?

പ്രാചീന ഗ്രീസില്‍ ഒരു അത്‌ലറ്റിനും വസ്ത്രത്തില്‍ ഒരു ലോഗോ പതിക്കാന്‍ പറ്റില്ലായിരുന്നു. കാരണം അഃ്‌ലറ്റ് പൂര്‍ണനഗ്‌നനായാണ് മത്സരിക്കുക. ഇപ്പോള്‍ വസ്ത്രം ഉണ്ടെങ്കിലും ഇത്തവണത്തെ ഒളിമ്പിക്‌സില്‍ സ്‌റ്റേഡിയത്തിനകത്തോ താരങ്ങളുടെ വസ്ത്രത്തിലോ ഒരു ലോഗോയും പാടില്ല. സ്‌റ്റേഡിയത്തിനകത്ത് കഴിയാത്തത് തങ്ങളുടെ കച്ചവടമേഖലയുടെ ഓരോ ഇഞ്ചിലും അവര്‍ പ്രയോഗിക്കുന്നു. അങ്ങനെ അവരുടെ ഓരോ പരസ്യബോര്‍ഡും ഉത്പന്നവും ഒളിമ്പിക് ലോഗോ പേറും. അവര്‍ ഒളിമ്പിക്‌സിനും നല്ല 'പരസ്യം' നല്‍കുന്നു. കണക്കുകള്‍ വെച്ച്്് ഒളിമ്പിക് സ്‌പോണ്‍സര്‍മാര്‍ ആയിരിക്കുന്ന കാലത്ത് കമ്പനികള്‍ക്കൊക്കെ 10.5 ശതമാനം വരുമാനവളര്‍ച്ച ഉണ്ടായിട്ടുണ്ട് എന്നാണ്. ഒളിമ്പിക് സ്‌പോണ്‍സര്‍ പദവി വന്‍ കമ്പനികള്‍ക്ക് പ്രൌഡിയുടെ പ്രതീകം കൂടിയാണ്.
പല പ്രാദേശിക കമ്പനികള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഒറ്റയടിക്ക് ലോകശ്രദ്ധയിലെത്താന്‍ കഴിയുന്നു എന്ന ഗുണവുമുണ്ട്. ഇത്തവണത്തെ മികച്ച ഉദാഹരണം സാംസങ്ങ് ആണ്. തെക്കന്‍ കൊറിയയിലെ മുന്‍പന്‍ മാത്രം ആയിരുന്ന അവര്‍ ലോകം കീഴടക്കാന്‍ തങ്ങള്‍ സജ്ജരാണ് എന്നത് വിളംബരം ചെയ്യുന്നു ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ. 1997 വരെ മോട്ടറോള ഇരുന്ന സ്ഥാനമാണ് സാംസങ്ങ് കരസ്ഥമാക്കിയത്. വിവിധ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ ഒരു ഉത്പന്നം മാത്രമേ ഈ വഴിയില്‍ പ്രൊമോട്ട് ചെയ്യപ്പെടുന്നുള്ളൂ എന്ന് തോന്നാമെങ്കിലും കമ്പനിക്ക് ലഭിക്കുന്ന മൊത്തം താരപദവി മറ്റ് ഉത്പന്നങ്ങളുടെ വില്പനയെയും ഗുണപരമായി സഹായിക്കുന്നു. സാംസങ്ങിന്റെ മൊബൈല്‍ ഫോണ്‍ മാത്രമല്ല ഇന്‍ഷുറന്‍സ്, ടെലിവിഷന്‍ എന്നിവ മുതല്‍ കപ്പല്‍ വരെ യുള്ള മൊത്തം ഉത്പന്നങ്ങളും പരിപോഷിക്കപ്പെടും ഇതിലൂടെ.

സെക്കന്റുകള്‍ക്ക് വിലപറയുന്ന ടെലിവിഷന്‍ പ്രക്ഷേപണം

കോടികളുടെ കരാറുകളുടെ മറ്റൊരു മേഖലയാണ് ടെലിവിഷന്‍ സംപ്രേഷണം. 1964 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ആണ് ആദ്യമായി സംപ്രേഷണാവകാശം വില്പന നടത്തിയത്. പത്ത് ലക്ഷം ഡോളറായിരുന്നു അന്നത്തെ തുക. 2005-08 കാലഘട്ടത്തില്‍ മാധ്യമക്കമ്പനികള്‍ സംപ്രേഷണാവകാശത്തിനായി 257 കോടി ഡോളര്‍ ചെലവഴിച്ചെങ്കില്‍ 2009 -12 ല്‍ 391 കോടി ഡോളര്‍ ആയി. പരസ്യ വരുമാനത്തിലൂടെ ഈ പണം തിരിച്ചു കിട്ടുമ്പോള്‍ ശതഗുണീഭവിക്കുന്നുണ്ട്. മത്സരങ്ങളുടെ സംപ്രേഷണാവകാശം വിതരണം ചെയ്യുന്നത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ഒരു ഉപ ഏജന്‍സിയായ ഒളിമ്പിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് ആണ്. ആതിഥേയ രാജ്യത്തിലെ അവകാശം ലഭിച്ചിരിക്കുന്നത് ബി.ബി.സി.ക്കാണ്.

അമേരിക്കയിലേതാകട്ടെ കഴിഞ്ഞ തവണത്തേതു പോലെ എന്‍.ബി.സി യാണ്. അവര്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 32 ശതമാനം അധികം പണമിറക്കിയാണ് ഇത്തവണ അവകാശം കരസ്ഥമാക്കിയത്. ഏഷ്യ, തെക്കേ അമേരിക്ക , എന്നിവിടങ്ങളിലെ സം പ്രേഷണാവകാശം നേടിയത് ഇ.എസ്.പി.എന്‍ ആണെങ്കില്‍ യൂറോപ്പിലേത് യൂറോസ്‌പോര്‍ട്ട്‌സ് സ്വന്തമാക്കി.

ആതിഥേയര്‍ക്കുമുണ്ട് പ്രതീക്ഷകള്‍

ഒളിമ്പിക്‌സിന്റെ ആതിഥേയര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും എന്ന കണക്കുകൂട്ടല്‍ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഒളിമ്പിക്‌സ് അനുബന്ധ ടൂറിസം വലിയ പ്രതീക്ഷകളുടെ മുതലിറക്കല്‍ നടത്തിക്കഴിഞ്ഞു. മുതലാളിത്ത പ്രതിസന്ധിയില്‍ ഏറെ നഷ്ടം വന്നിട്ടുള്ള ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ് നല്‍കും ഒളിമ്പിക്‌സ് എന്ന് അവര്‍ കരുതുന്നു. 1000 കോടി പൌണ്ട് ആണ് കൂടുതല്‍ വരുമാനമായി പ്രതീക്ഷിക്കപ്പെടുന്നത്. ടൂറിസത്തില്‍ നിന്ന് ലഭിക്കും എന്ന് കരുതപ്പെടുന്ന 2.1 ബില്യണ്‍ പൌണ്ട് വരുമാനം ഇതിനു പുറമെയാണ്. ബാങ്കുകള്‍, റെസ്‌റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ എന്നിവര്‍ ബിസിനസ് വര്‍ദ്ധന പ്രതീക്ഷിച്ച് കൂടുതല്‍ തൊഴിലാളികളെ ജോലിക്ക് വെക്കുന്നത് വഴി ദേശീയ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിച്ചിട്ടുണ്ട്. ഒളിമ്പിക് പാര്‍ക്കില്‍ മാത്രം 12000 പേര്‍ക്ക് ജോലി ലഭിച്ചു. ബ്രിട്ടന്റെ ജി.ഡി.പി 0.2 ശതമാനം വര്‍ദ്ധിക്കും ഒളിമ്പിക്‌സിന്റെ സഹായത്താല്‍ എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നു. പക്ഷെ കടുത്ത സാമ്പത്തികമാന്ദ്യത്തിനു നടുവിലെ ഒളിമ്പിക്‌സ് നടത്തിപ്പ് ബ്രിട്ടന്റെ കൈപൊള്ളിക്കും എന്ന് കരുതുന്ന സാമ്പത്തിക നിരീക്ഷകരും കുറവല്ല.

ഒളിമ്പിക്‌സിന്റെ ബ്രാന്‍ഡ്‌വത്കരിക്കപ്പെടല്‍


ഒളിമ്പിക്‌സ് നടത്തിപ്പുകാര്‍ നേരിടുന്ന പ്രധാന വിമര്‍ശനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഈ സ്‌പ്പോന്‍സര്‍ഷിപ്പ് ഘടനയിലാണ്. രണ്ട് നിയമങ്ങളാണ് ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായി യു.കെ പാസ്സാക്കിയിട്ടുള്ളത്. 2006 ലെ ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് ആന്റ് പാരാലിമ്പിക്‌സ് ഗെയിംസ് ആക്ടും 1995 ലെ ഒളിമ്പിക് സിംബല്‍ സംരക്ഷണ നിയമവും. അവ ഗെയിംസിനും സ്‌പോണ്‍സര്‍മാര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്നു ഈ നിയമങ്ങള്‍ 'ഒളിമ്പിക്‌സ്' എന്ന വാക്ക് മുതല്‍ അഃിന്റെ മുദ്രാവാക്യം , ചിഹ്നങ്ങള്‍ എന്നിവ വരെയുള്ളവയുടെ 'അനധിക്യത' ഉപയോഗത്തെ നിരോധിക്കുന്നു. സ്‌പോണ്‍സര്‍മാര്‍ക്കൊഴികെ മറ്റാര്‍ക്കും അവ ഉപയോഗിക്കാന്‍ കഴിയില്ല എന്നു ചുരുക്കം. ഒളിമ്പിക്‌സിലേക്ക് സൂചന നല്‍കുന്ന ഇതരവാക്കുകളോ ചിത്രങ്ങളോ ഉപയോഗിക്കാനാവില്ല മറ്റുള്ള കമ്പനികള്‍ക്കോ പൊതുജനങ്ങള്‍ക്കോ പോലും. ഈ നിയമങ്ങളും അതിന്റെ കര്‍ക്കശമായ നടപ്പിലാക്കലും യു.കെയിലെങ്കിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഒളിമ്പിക്‌സില്‍ നിന്ന് എന്തെങ്കിലും കച്ചവടം കൂടുതലായി ഉണ്ടാക്കാം എന്നാഗ്രഹിക്കുന്ന ചെറുകിട ബിസിനസ്സ്
സ്ഥാപനങ്ങളും വിഷമത്തിലാണ് അവിടെ.

'സംരക്ഷിത'പദങ്ങള്‍

ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ രണ്ട് ഗ്രൂപ്പ് ആണ് നിയമത്തില്‍ പറയുന്നത്. ഒരു ഗ്രൂപ്പില്‍ നിന്നുള്ള രണ്ട് വാക്കുകളുടെ ഒരേ സമയത്തുള്ള ഉപയോഗവും ഓരോ ഗ്രൂപ്പുകളില്‍ നിന്നുമുള്ള രണ്ട് വാക്കുകളുടെ ഒന്നിച്ചുള്ള ഉപയോഗവും അപകടം ക്ഷണിച്ചു വരുത്തും. ഗ്രൂപ്പ് എ യിലെ വാക്കുകള്‍ ഗെയിംസ്, 2012, ടു തൌസന്റ് ആന്റ് ട്വെല്‍വ്, ട്വെന്റി ട്വെല്‍വ് എന്നിവയാണ് . ഗ്രൂപ്പ് ബി യിലേത് ലണ്ടന്‍ , മെഡല്‍സ്, സ്‌പോണ്‍സേര്‍സ്, സമ്മര്‍ , ഗോള്‍ഡ്, സില്‍വര്‍ , ബ്രോണ്‍സ് എന്നിവയുമാണ്. ഉദാഹരണത്തിനു ലണ്ടന്‍ ഗെയിംസ് എന്നോ ഗോള്‍ഡ് 2012 എന്നോ ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല എന്നു ചുരുക്കം. കച്ചവടക്കാരെ മാത്രമല്ല , ആ താത്പര്യം ഇല്ലാത്തവരെയും

ബ്രാന്‍ഡ് പോലീസ് വിരട്ടുന്നുണ്ട്. ലണ്ടന്‍ ഒളിമ്പിക്‌സിനെ പിന്താങ്ങിക്കൊണ്ട് ബാനര്‍ ഉയര്‍ത്തിയ ഡെര്‍ബി സര്‍വകലാശാല അത് അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. കലാകാരനേയും വെറുതെ വിടുന്നില്ല നിയമം. ബര്‍മിംഗ് റോയല്‍ ബാലെയുടെ ഡയറക്ടറോട് അദ്ദേഹത്തിന്റെ പുതിയ കലാസ്യഷ്ടിയുടെ പേര് മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അദ്ദേഹം അതിനു നല്‍കിയ ഫ്ാസ്റ്റര്‍, ഹൈയര്‍, സ്‌ട്രോങ്ങര്‍ (Faster, Higher, Stronger) എന്ന പേരാണ് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. അദ്ദേഹം ഒടുവില്‍ എമേെലൃ എന്ന് തന്റെ സ്യഷ്ടിയുടെ പേര് മാറ്റാന്‍ നിര്‍ബന്ധിതനായി. ഒളിമ്പിക്‌സ് നടത്തുന്നതിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന സ്വയം ഭരണ സ്ഥാപനമായ 'ലോകോഗ്' ആണ് 'ഒളിമ്പിക് ബ്രാന്‍ഡ് പോലീസ്' ആയി ഇത്തരത്തിലുള്ള കടുത്ത നടപടികളുമായി രംഗത്ത് വന്നിരിക്കുന്നത്. അതിന്റെ ചിഹ്നങ്ങളും മറ്റ് ബൗദ്ധിക സ്വത്തുകളും സംരക്ഷിക്കാനുള്ള അവകാശം ഒളിമ്പിക് പ്രസ്ഥാനത്തിനുണ്ടെങ്കിലും ഇത് കുറെ അതിരു കടന്നു പോയെന്ന്
വിമര്‍ശകര്‍ പറയുന്നു. ഇത്തരത്തില്‍ സ്‌പോണ്‍സര്‍മാരെ സംരക്ഷിക്കുന്ന നടപടികള്‍ നിത്യജീവിതത്തില്‍ ആളുകള്‍ ഉപയോഗിക്കുന്ന വാക്കുകളെ വരെ നിരോധനത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിലാക്കുന്നതില്‍ എത്തിയിരിക്കുന്നു എന്നും അവര്‍ കരുതുന്നു.

കൂടാതെ നൂറ് കണക്കിനു ചെറുകിട വ്യവസായകച്ചവട സംരംഭകരെയും ഈ കടുത്ത നടപടികള്‍ പരുങ്ങലിലാക്കിയിരിക്കുന്നു. തങ്ങളുടെ രാജ്യത്ത് വെച്ച് നടക്കുന്ന മഹാമേളയില്‍ നിന്ന് സാധാരണമനുഷ്യര്‍ അന്യവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന് സാരം. മനുഷ്യാവകാശപരിസ്ഥിതിആരോഗ്യപ്രശ്‌നങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ തെരഞ്ഞെടുപ്പ് ഐ.ഒ.സി യെയും ലോകോഗിനെയും മുന്‍പേ തന്നെ വിമര്‍ശനത്തിന്റെ മുന്‍പിലെത്തിച്ചിരുന്നു. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വരുത്തി വെച്ച ബ്രിട്ടീഷ് പെട്രോളിയം, റിയോ ടിന്റൊ തുടങ്ങിയ കമ്പനികള്‍ ,ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൂട്ടാക്കാത്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ പുതിയ ഉടമസ്ഥരായ ഡൌ കെമിക്കല്‍സ് എന്നിവരെ സ്‌പോണ്‍സര്‍മാരാക്കിയ നടപടി വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തിയെങ്കിലും അധിക്യതര്‍ തീരുമാനം മാറ്റിയിട്ടില്ല. ഫാസ്റ്റ് ഫുഡ്, ക്യത്രിമപാനീയങ്ങള്‍, ചോക്കലേറ്റ് പോലുള്ള വരുത്തി
വെക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെയുള്ള നയങ്ങള്‍ സ്വീകരിക്കേണ്ട രാജ്യം

അതിന്റെ മഹാമേളയുടെ പാര്‍ട്ണര്‍മാരായി 'മക് ഡൊളാള്‍ഡ്‌സി'നെയും കൊക്കാകോളയെയും കാഡ്ബറിയെയും അംഗീകരിച്ചത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ കരുതുന്നു. ഒളിമ്പിക്‌സിന്റെ യഥാര്‍ഥ സ്പിരിറ്റ് പകരുന്നതിനു പകരം കുത്തകക്കമ്പനികളുടെ പ്രൊപ്പഗാന്‍ഡ പ്രകടനം മാത്രമാണ് ഇത്തരം സ്‌പോണ്‍സര്‍ഷിപ്പ് മാമാങ്കത്തിലൂടെ അധി:ക്യതര്‍ ലക്ഷ്യം വെക്കുന്നതെന്നും വിമര്‍ശിക്കപ്പെടുന്നു.

താരങ്ങളുടെ മേലും നിയന്ത്രണം
ഔദ്യോഗിക സ്‌പോണ്‍സര്‍മാരെക്കുറിച്ചല്ലാതെ മറ്റൊരു കമ്പനിയെക്കുറിച്ചും
ബ്ലോഗിലോ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലോ എഴുതുന്നതിനെ ഒളിമ്പിക്‌സില്‍
പങ്കെടുക്കുന്ന കായികതാരങ്ങളെ ശക്തമായി വിലക്കുന്നു അധിക്യതര്‍.
സമഗ്രാധിപത്യ ഭരണകൂടം നടത്തിയ ബെയ്ജിംഗ് ഒളിമ്പിക്‌സിനേക്കാള്‍ സെന്‍സര്‍ഷിപ്പ് ലണ്ടന്‍ നടത്തുന്നു എന്ന് വിമര്‍ശകര്‍ പറയുന്നു.

ഐ.ഒ.സി യുടെ 'പങ്ക്'

ഒളിമ്പിക്‌സിന്റെ അത്യുന്നത അധികാരികളായ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഒരു പരാദത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശകര്‍. ഗെയിംസിന്റെ ചെലവ് മുഴുവന്‍ വഹിക്കേണ്ടത് ആതിഥേയരാഷ്ട്രങ്ങളും നഗരങ്ങളുമാണെന്നിരിക്കെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുള്ള വരുമാനത്തില്‍ വലിയൊരു പങ്ക് ഐ.ഒ.സി. കരസ്ഥമാക്കുന്നു. ഒന്നും മുടക്കാതെ വരുമാനം നേടുന്ന ഐ.ഒ.സി
യുടെ ആസ്തികള്‍ ഓരോ ഒളിമ്പിക്‌സ് കഴിയുമ്പോളും കൂടി വരുന്നു. എന്നാല്‍ ആതിഥേയരാഷ്ട്രത്തിനാകട്ടെ മുടക്കു മുതല്‍ തിരിച്ചു പിടിക്കാ!ന്‍ കഴിഞ്ഞ സന്ദര്‍ഭങ്ങളൊന്നും തന്നെ സമീപകാലത്ത് ഉണ്ടായിട്ടില്ല താനും. കൂടാതെ നടത്തിപ്പിനു വേണ്ട പണം എപ്പോഴും കണക്കു കൂട്ടലിന്റെ എത്രയോ മടങ്ങ് അധികരിക്കുകയും ചെയ്യുക എന്ന സാഹചര്യവും ചേരുമ്പോള്‍ ഈ വരവ്കമ്മി നികുതി ദായകന്റെ ചുമലില്‍ കെട്ടിവെയ്ക്കപ്പെടും എന്ന് സാരം. 80,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ള , ലോകത്തിലെ തന്നെ ഏറ്റവും വലിയതായ പ്രധാന സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ തന്നെ 280 മില്യണ്‍ പൌണ്ട് ചെലവ് വരും എന്നായിരുന്നു പണി ആരംഭിച്ച 2008 ലെ കണക്ക്. എന്നാല്‍ 496 മില്യണ്‍ പൌണ്ട് വേണ്ടി വന്നു അത് പൂര്‍ത്തിയാക്കാന്‍. ഇതു പോലെ ഓരോ ചെലവും ബജറ്റിനു പുറത്തു നില്‍ക്കുന്ന സാഹചര്യം.

ലണ്ടന്‍ 2012 ഒളിമ്പിക്‌സ് ബ്രാന്‍ഡ് എന്നത് അവരുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്ത് ആണെന്നും അതിനെ അനധിക്യത ഉപയോഗത്തില്‍ നിന്നും കച്ചവടത്തില്‍ നിന്നും സംരക്ഷിക്കുക എന്നതു മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളു എന്നാണ് സംഘാടകരുടെ പക്ഷം. അങ്ങനെയൊരു നടപടിയില്ലെങ്കില്‍ തങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാലും മരിക്കില്ല ഒളിമ്പിക്‌സ് അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ കൊടിയ ശത്രുതയ്ക്ക് മികച്ച ഉദാഹരണമായ തെക്കന്‍ കൊറിയയും വടക്കന്‍ കൊറിയയും ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് കാണുന്നത് ഒറ്റ ടെലിവിഷന്‍ പ്രൊവൈഡറില്‍ നിന്നാണ് . രാഷ്ടീയക്കാര്‍ക്ക് തീര്‍ക്കാന്‍ കഴിയാത്ത വൈരം കായികകലയോടുള്ള ആവേശം തീര്‍ക്കും എന്ന് സാരം.
 


Other News in this section
സ്വയം ഭരിക്കുമ്പോള്‍ പുറത്താവുന്നവര്‍

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠനസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട് കോളേജുകള്‍ക്ക് സ്വയംഭരണം നല്കാനുള്ള നടപടിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വരുംതലമുറകളെ ബാധിക്കുന്ന നടപടിയായതിനാല്‍ ഇതില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് എല്ലാ ..

 

 

 

Latest news