
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ ജനിച്ച കുഞ്ഞിനെ ഭാഗ്യചിഹ്നമാക്കാന്‍ ഡി.എം.ആര്‍.സി. തീരുമാനിച്ചു. ആദ്യമായി മെട്രോ ട്രെയിനിനുള്ളില്‍ ജനിച്ച കുഞ്ഞിനുള്ള ബഹുമതിയാണിത്. ഞയറാഴ്ച രാവിലെ 7.28-നാണ് ഡല്‍ഹി മെട്രോയുടെ വൈലറ്റ്‌ലൈനിലെ ഖാന്‍ മാര്‍ക്കറ്റ് സ്റ്റേഷന് സമീപത്തുവെച്ച് ഫരീദാബാദുകാരി ജൂലി ദേവി(27) പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആസ്പത്രി ചെലവ് വഹിക്കുമെന്ന് ഡി.എം.ആര്‍.സി. കഴിഞ്ഞദിവസംതന്നെ അറിയിച്ചിരുന്നു.
ജൂലായ് 30-നായിരുന്നു ജൂലിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പാണ് പ്രസവം നടന്നത്. ഭര്‍ത്താവ് സഞ്ജീവിനൊപ്പം ബദര്‍പുരില്‍ നിന്നാണ് ജൂലി മെട്രോയില്‍ കയറിയത്. ട്രെയിനില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട ജൂലിയെ യാത്രക്കാരായ രണ്ടു സ്ത്രീകള്‍ സഹായിച്ചു. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷന്‍ എത്തുംമുമ്പുതന്നെ സഞ്ജീവ്- ജൂലി ദമ്പതികളുടെ മൂന്നാമത്തെ പെണ്‍കുഞ്ഞ് പിറന്നു.
ജൂലിയെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് സംഭവം. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനിലെത്തുമ്പോഴേക്കും യുവതിക്കും കുഞ്ഞിനുമായി വീല്‍ചെയറും ആംബുലന്‍സുമെല്ലാം ഏര്‍പ്പാടു ചെയ്തിരുന്നു. സ്റ്റേഷനിലിറങ്ങിയ ഉടനെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
ആസ്പത്രിയില്‍ ഇവര്‍ എത്തുമ്പോഴേക്കും ആവശ്യമായ സൗകര്യങ്ങള്‍ മെട്രോ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഏര്‍പ്പെടുത്തിയിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന് 3.6 കിലോഗ്രാം തൂക്കമുണ്ടെന്നും ഇത് സാധാരണമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ ആസ്പത്രി ബില്‍ ഡി.എം.ആര്‍.സി. ഏറ്റെടുക്കുമെന്ന് മെട്രോ വക്താവ് അനൂജ് ദയാല്‍ പറഞ്ഞു.