സഭാതലം
പ്രബുദ്ധകേരളത്തില്‍ സേവനാവകാശ നിയമം വരാന്‍ ഇത്രയും വൈകിയതെന്തെന്ന് ഇരുപക്ഷത്തുമുള്ള എം.എല്‍.എ മാര്‍ക്ക് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. പട്ടിണിപ്പാവങ്ങളും നിരക്ഷരരും തിങ്ങിപ്പാര്‍ക്കുന്ന 12 സംസ്ഥാനങ്ങളില്‍ ഇതിനുമുമ്പേ നിയമം വന്നു. രാജസ്ഥാനും മഹാരാഷ്ട്രയ്ക്കും കേരളത്തിന് മാതൃകയാവാനുള്ള അവസരവും കിട്ടി. നിയമം ലേറ്റായിപ്പോയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ , മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ സേവനങ്ങളുടെ വ്യാപ്തിയില്‍ ലേറ്റസ്റ്റായില്ലെന്ന അതൃപ്തിയും ചിലര്‍ക്കുണ്ട്.
കേരളമുണ്ടായതിനുശേഷമുള്ള നിര്‍ണായക നിയമമാണിതെന്ന കാര്യത്തില്‍ എല്ലാവരും യോജിച്ചു. ഇത് ജനങ്ങളുടെ മാഗ്‌നാകാര്‍ട്ടയെന്ന് സേവനാവകാശ ബില്ലവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. എന്തുവന്നാലും ഈ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കണമെന്ന പിടിവാശിയും മുഖ്യമന്ത്രി മറച്ചുവെച്ചില്ല. സര്‍ക്കാര്‍ രേഖകള്‍ കിട്ടാന്‍ ജനങ്ങളനുഭവിക്കുന്ന വിഷമം നേരിട്ടറിഞ്ഞ മുഖ്യമന്ത്രിക്ക് ചര്‍ച്ചകള്‍ക്കുവേണ്ടി ഇനിയും ഇത് വൈകിക്കാന്‍ താത്പര്യമില്ല. പാസ്സാക്കിയ ശേഷവും ചര്‍ച്ചയാവാം. മലയാളം പരിഭാഷ കാത്തിരുന്നാല്‍ സമയം പോവും. അതുകൊണ്ട് ഇംഗ്ലീഷ് മതിയെന്ന് നിശ്ചയിച്ചു. മലയാളത്തെ മതിമറന്ന് സ്‌നേഹിക്കുന്ന പാലോട് രവി ഇതൊരു കടുത്ത വീഴ്ചയായിക്കണ്ടു. ഉദ്ദേശ്യശുദ്ധിക്കുമുന്നില്‍ മാപ്പുനല്‍കാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിധിച്ചു.
സേവനം സമയത്തുകിട്ടിയില്ലെങ്കില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടുതട്ടിലുള്ള സമിതികള്‍ വേണ്ടെന്ന് ടി.എ. അഹമ്മദ് കബീര്‍. ഒന്നാം അപ്പീലില്‍ത്തന്നെ കാര്യങ്ങള്‍ നടക്കുമെന്ന് ഉറപ്പാക്കണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫൈന്‍ ഇതുപോര. അഹമ്മദ് കബീറിനെപ്പോലെ നിയമം വൈകിയത് സുരേഷ്‌കുറുപ്പിനും കുറച്ചിലായി. നിയമമില്ലെങ്കിലും കിട്ടുന്ന കുറെ നിരുപദ്രവകരമായ രേഖകള്‍ മാത്രമാണ് ബില്ലിന്റെ പരിധിയില്‍. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാവകുപ്പുകളെയും സേവനങ്ങളെയും ഉള്‍പ്പെടുത്തണം. സര്‍ക്കാര്‍ ഓഫീസിലെ ജോലിഭാരം കുറയ്ക്കാതെയും സംവിധാനം മെച്ചപ്പെടുത്താതെയും നിയമം മാത്രംകൊണ്ടെന്ത് കാര്യം? ബില്‍ ഒരു സംഭവമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ സുരേഷ് കുറുപ്പ് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പിഴമാത്രം പോര. നടപടിയും വേണമെന്നായി പി. തിലോത്തമന്‍.
പിഴയിട്ടാല്‍ ആ പണവും ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ പോക്കറ്റില്‍ നിന്നെടുക്കുമെന്ന കാര്യത്തില്‍ ബെന്നി ബഹനാന് സംശയമില്ല. വീഴ്ചവന്നാല്‍ സര്‍വീസ് ബുക്കില്‍ റെഡ്മാര്‍ക്കിടണം. അഞ്ച് റെഡ് മാര്‍ക്കായാല്‍ ഇന്‍ക്രിമെന്‍റില്‍ പിടിക്കണം. വിവരാവകാശ കമ്മീഷന്‍േറതുപോലുള്ള അപ്പലേറ്റ് അതോറിറ്റി വേണം. ചീഫ് സെക്രട്ടറിയുടെ പദവിയിലുള്ള അദ്ധ്യക്ഷനും വേണം. വി. എസ്. അച്യുതാനന്ദന്റെ സേവനത്തെ പാര്‍ട്ടി കൈകാര്യം ചെയ്ത രീതി ജനാധിപത്യത്തിന് അഭിമാനകരമെന്നാണ് ബെന്നിയുടെ നിരീക്ഷണം. എല്ലാരും വിയോജിച്ചിട്ടും അതിനെ എതിര്‍ത്തയാളിന്റെ അഭിപ്രായംകൂടി കണക്കിലെടുത്തത് അഭിനന്ദനീയം. പക്ഷേ, പിണറായിയുടേത് ഫാഷിസം. പന്ത്രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടാത്ത സഭയാണിതെന്ന് എ.എം. ആരിഫ് വിമര്‍ശിച്ചു.
അടുത്ത ഘട്ടത്തില്‍ നിയമത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയെത്തന്നെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ച ഉമ്മന്‍ചാണ്ടി എല്ലാവരെയും സമാധാനിപ്പിച്ചു. സുരേഷ്‌കുറുപ്പ് പറഞ്ഞതെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരാത്തതിന്റെ ന്യായങ്ങളായേ അദ്ദേഹത്തിനുതോന്നിയുള്ളൂ.
ബില്ലിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്പീക്കര്‍ 179 പേജുള്ള 'ബാക്ക്ഗ്രൗണ്ട് മെറ്റീരിയല്‍സാ'ണ് അംഗങ്ങള്‍ക്കുനല്‍കിയത്. അധികം ഗവേഷണമില്ലാതെ ഈ മെറ്റീരിയല്‍സില്‍ത്തന്നെ ഒതുങ്ങിനിന്ന് സംസാരിക്കാന്‍ അവര്‍ക്കുകഴിഞ്ഞു. എന്നാല്‍ കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കുന്ന ബില്ലില്‍ 'ബാക്ക്ഗ്രൗണ്ട് മെറ്റീരിയല്‍സി'ന്റെ അഭാവം തെളിഞ്ഞുകണ്ടു. ബ്രിട്ടീഷുകാരുടെ ഈ ഫാക്ടറിയില്‍ ലോകപ്രശസ്ത ഫര്‍ണിഷിങ് തുണികളാണ് ഉണ്ടാക്കിയിരുന്നതെന്ന് നാട്ടുകാരനായ എ. പ്രദീപ് കുമാര്‍. എന്നാല്‍ വിക്ടോറിയാ രാജ്ഞിയുടെ വസ്ത്രവും ഇവിടെയാണ് നെയ്തതെന്ന വിജ്ഞാനമാണ് ജോസഫ് വാഴയ്ക്കന്. തര്‍ക്കമായപ്പോള്‍ രാജ്ഞിയുടെ വസ്ത്രത്തെക്കുറിച്ച് ചര്‍ച്ച വേണ്ടെന്ന് സ്പീക്കര്‍ പലവട്ടം ഓര്‍മിപ്പിച്ചു. അവിടെ സി.പി. എമ്മിന്റെ സൊസൈറ്റി സ്ഥലംവാങ്ങിയ സ്ഥിതിക്ക് കമ്പോള വിലനല്‍കി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ വാഴയ്ക്കന്‍ ദുരുദ്ദേശ്യം കാണുന്നുണ്ട്.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വെറും പൊളിറ്റീഷ്യനല്ല, അക്കാദമിക് പൊളിറ്റീഷ്യനാണെന്നാണ് ടി.എന്‍. പ്രതാപന്‍ പറയുന്നത്. നെല്ലിയാമ്പതി വനഭൂമി ഏറ്റെടുക്കണമെന്ന് വാദിക്കുന്ന പ്രതാപന്റെ ആത്മാര്‍ഥതയില്‍ വി.എസ്. സുനില്‍കുമാറിനും സംശയം. നോമ്പുകാലമാണ്. എല്ലാം ആത്മാര്‍ഥമായിട്ടേ പറയാവൂ എന്ന് ഡൊമിനിക് പ്രസന്‍േറഷന്‍ പ്രതാപനെ ഓര്‍മിപ്പിച്ചു.
മൂന്നാറിലെ ഹൈഡല്‍ടൂറിസത്തില്‍ നിന്ന് ഒരു ജീവനക്കാരനെ സ്ഥലം മാറ്റിയതിനെതിരെ സബ്മിഷനുമായി വന്ന എസ്. രാജേന്ദ്രന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മറുപടി കേട്ടപ്പോള്‍ മുഖം പൊത്തേണ്ട സ്ഥിതിയിലായി. അയാള്‍ സ്ത്രീയെ ശല്യം ചെയ്തവന്‍. പിരിച്ചുവിടേണ്ടവന്‍. രാജേന്ദ്രന്റെ അടുപ്പക്കാരനായതുകൊണ്ട് മാത്രം സ്ഥലം മാറ്റത്തിലൊതുക്കി - മന്ത്രി ആ രഹസ്യം വെളിപ്പെടുത്തി.