തിരുവനന്തപുരം: സേവനാവകാശനിയമ പരിധിയില്‍ മുഖ്യമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍-പോലീസ് സേവനങ്ങളാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തുക. രണ്ടാംഘട്ടത്തില്‍ സെക്രട്ടേറിയറ്റിലടക്കം സേവനം വിപുലപ്പെടുത്തും. സേവനാവകാശം സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ ചര്‍ച്ചക്കുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ജീവനക്കാരുമായി ധനകാര്യമന്ത്രി പ്രശ്‌നം ചര്‍ച്ച ചെയ്തു. അവര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്. ജീവനക്കാരെക്കൂടി വിശ്വാസത്തിലെടുത്തായിരിക്കും നിയമം നടപ്പാക്കുക. സബ്ജക്ട് കമ്മിറ്റിക്കുവിട്ട ബില്ല് നിയമം ആയി ആറു മാസത്തിനകം ഉള്‍പ്പെടുത്തേണ്ട സേവനങ്ങള്‍ തീരുമാനിക്കും. വിശദമായ ചര്‍ച്ചകളും നടക്കും.
സെക്രട്ടേറിയറ്റിനെ ബില്ലില്‍ നിന്നൊഴിവാക്കിയെന്ന ആക്ഷേപം മുഖ്യമന്ത്രി നിഷേധിച്ചു. സെക്രട്ടേറിയറ്റില്‍ സമയബന്ധിതമായി കൊടുക്കാവുന്ന സേവനങ്ങളെ ഇതിലുള്‍പ്പെടുത്തും. ഹര്‍ജികള്‍ , സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയവ പരിഗണിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് ചെയ്തു കൊടുക്കേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. ഈ നിയമം ജനങ്ങളുടെ മാഗ്‌നാകാര്‍ട്ടയായിട്ടാണ് കരുതുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ബില്ല് സെലക്ട്കമ്മിറ്റിക്കു വിടണമെന്ന കെ. സുരേഷ്‌ക്കുറുപ്പിന്റെ ഭേദഗതിനിര്‍ദേശം സഭ വോട്ടിനിട്ടു തള്ളി.
സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴയടക്കം ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കേരള സേവനാവകാശ ബില്‍. 13 സര്‍ക്കാര്‍ സേവനങ്ങളും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട ഒമ്പതു സേവനങ്ങളുമാണ് നിലവില്‍ ബില്ലിന്റെ പരിധിയില്‍ വരുന്നത്.
സേവനങ്ങള്‍ കിട്ടാന്‍ താമസമുണ്ടായാല്‍ പരാതി നല്‍കാന്‍ സംവിധാനമുണ്ട്. പരാതികള്‍ക്ക് മറുപടി കിട്ടാന്‍ സമയ പരിധിയുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ അതിനെതിരെ അപ്പീല്‍ നല്‍കാം. സേവനം കൃത്യമായി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ പിഴയടക്കേണ്ടി വരും. 500 രൂപ മുതല്‍ 5000 രൂപ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
സേവനാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ ചുവടെ : ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്, മരണസര്‍ട്ടിഫിക്കറ്റ്, വീടുകള്‍ക്കും കടകള്‍ക്കുമുള്ള വൈദ്യുത കണക്ഷന്‍, വീടുകള്‍ക്കുള്ള ജലവിതരണ കണക്ഷന്‍, റേഷന്‍ കാര്‍ഡു നല്‍കല്‍, പോലീസ് സ്റ്റേഷനില്‍ നല്‍കുന്ന പരാതികള്‍ക്ക് രസീത്, എഫ്.ഐ.ആര്‍. പകര്‍പ്പു നല്‍കല്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ പോലീസിന്റെ പെട്ടെന്നുള്ള ഇടപെടല്‍, സമയബന്ധിതമായി പോലീസ് വെരിഫിക്കേഷനും ജോലി വെരിഫിക്കേഷനും, കുറ്റകൃത്യം നടക്കുന്നിടത്തു പോലീസ് സമയത്ത് എത്തിച്ചേരല്‍, പരാതികളില്‍ സമയത്ത് നടപടിയെടുക്കല്‍, ഉച്ചഭാഷിണികള്‍, ജാഥകള്‍ എന്നിവയ്ക്കുള്ള അനുമതി, ആയുധങ്ങള്‍, സ്‌ഫോടകവസ്തു ലൈസന്‍സ്, പോലീസ് ക്‌ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കല്‍, കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ മോചിപ്പിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ നഷ്ടപരിഹാര ശുപാര്‍ശ നല്‍കല്‍.
പി.തിലോത്തമന്‍, ബെന്നി ബെഹനാന്‍, ടി.എ.മുഹമ്മദ് കബീര്‍, എ.എം. ആരിഫ്, പി.സി. ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.