പ്ലസ്ടു വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Published on  24 Jul 2012
തിരുവല്ല: സ്‌കൂളിലേക്ക് പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9 ന് ഞെക്കുവള്ളി ഓവര്‍ബ്രിഡ്ജ് ആമല്ലൂര്‍ റോഡിലായിരുന്നു സംഭവം. ആളൊഴിഞ്ഞ ഭാഗമാണിത്.

കാവുംഭാഗം ദേവസ്വം ബോര്‍ഡ് സ്‌കൂളിലേക്ക് പോകാന്‍ ബസ് കയറാനായി വീട്ടില്‍നിന്ന് ബസ്‌സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോഴാണ് പിന്നാലെ കാറിലെത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

മുന്നില്‍ ഇടതുവശത്തെ സീറ്റിലിരുന്ന യുവാവാണ് ആദ്യം കൈയില്‍ കയറിപ്പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. കൈയിലെ വാച്ച് പൊട്ടി താഴെവീണു. ഇതെടുക്കാന്‍ കുനിയുന്നതിനിടെ പെണ്‍കുട്ടിയുടെ തോളിലും ചുരിദാറിന്റെ ഷാളിലുമായി യുവാവ് പിടിച്ചുവലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. കുതറിയോടി അടുത്ത വീട്ടില്‍ കയറിയപ്പോള്‍ കാര്‍ വിട്ടുപോയതായി പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇവിടെ വാടകയ്ക്കു താമസിക്കുന്ന തിരുമൂലപുരം എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്‍റ് സന്തോഷിന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ വിദ്യാര്‍ഥിനിയെ ഉടന്‍ പോലീസ്‌സ്‌റ്റേഷനിലെത്തിച്ചു. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടി പറഞ്ഞ അടയാളങ്ങള്‍വച്ച് കൈയില്‍ പിടിച്ച യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിവരികയാണെന്ന് എസ്.ഐ ജി.സന്തോഷ്‌കുമാര്‍ പറഞ്ഞു. കാര്‍ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്‍ സംഭവസ്ഥലത്ത് എത്തി.