കൊല്‍ക്കത്ത: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് യു.പി.എ. സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്ക് വോട്ടുചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.
തുടക്കംമുതല്‍ പ്രണബിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തുവന്ന മമത ചൊവ്വാഴ്ച നാടകീയമായ രാഷ്ട്രീയമലക്കംമറിച്ചിലിലൂടെയാണ് പുതിയ തീരുമാനം അറിയിച്ചത്. നിവൃത്തികേടുകൊണ്ട് മാത്രമാണ് പ്രണബിന് പിന്തുണനല്‍കാന്‍ തീരുമാനിച്ചതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണിത് - മമത പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി എം.പി. മാരുടെയും എം.എല്‍.എ. മാരുടെയും യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
തന്നെ പിന്തുണയ്ക്കാനുള്ള മമതയുടെ തീരുമാനത്തെ പ്രണബ് മുഖര്‍ജി സ്വാഗതം ചെയ്തു. പ്രണബിന് വിജയമുറപ്പിക്കാന്‍ ഈ തീരുമാനം സഹായകമാകുമെന്ന് കോണ്‍ഗ്രസ്സും പ്രതികരിച്ചു. യു.പി.എ.യിലെ വിലപ്പെട്ട സഖ്യകക്ഷിയാണ് മമതാ ബാനര്‍ജിയെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അഭിപ്രായപ്പെട്ടു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും അവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മമതയും പിന്തുണ പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബിന് മൊത്തം 60.57ശതമാനം വോട്ടു ലഭിക്കുമെന്ന് ഉറപ്പായി. ബി.ജെ.പി പിന്തുണയ്ക്കുന്ന പ്രതിപക്ഷസ്ഥാനാര്‍ഥിയായ പി.എ. സങ്മയ്ക്ക് 31.7 ശതമാനം വോട്ടാണ് ഉറപ്പാക്കാനായത്. സി.പി.ഐയും (0.8ശതമാനം വോട്ട്) ആര്‍.എസ്.പിയും(0.3ശതമാനം) തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.
രണ്ടുദിവസം മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചിരുന്നതായി തീരുമാനം അറിയിച്ച് മമതാബാനര്‍ജി പറഞ്ഞു. തന്റെ മനസ്സ് അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ എട്ടു മാസമായി പ്രണബുമായി സംസാരിച്ചിട്ടില്ല. തന്റെ മന്ത്രിസഭ അധികാരമേറ്റശേഷം പ്രണബിനെ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹം വന്നില്ല. മുന്‍രാഷ്ട്രപതി കലാം മത്സരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ പിന്തുണച്ചേനെ. ഇപ്പോള്‍ പുഞ്ചിരിയോടെയല്ല പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത് -മമത പറഞ്ഞു.
യു.പി.എ.യുടെ രാഷ്ട്രപതിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനായി ജൂണ്‍ 13-ന് സോണിയയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, പ്രണബിനെയോ ഹമീദ് അന്‍സാരിയെയോ പിന്തുണയ്ക്കണമെന്ന കോണ്‍ഗ്രസ്സിന്റെ അഭ്യര്‍ഥന കൂടിക്കാഴ്ചയ്ക്കുപിന്നാലെ അവര്‍ തള്ളി. തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനോടൊപ്പം എ.പി.ജെ. അബ്ദുല്‍കലാം, മന്‍മോഹന്‍ സിങ്, സോമനാഥ് ചാറ്റര്‍ജി എന്നീ പേരുകള്‍ നിര്‍ദേശിച്ചു.
എന്നാല്‍, കോണ്‍ഗ്രസ് പ്രണബിന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ മുലായം പിന്തുണച്ചത് അവര്‍ക്ക് തിരിച്ചടിയായി. മമത ഉയര്‍ത്തിക്കാട്ടിയ ഡോ. കലാമാകട്ടെ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. എന്‍.ഡി.എ. ക്യാമ്പില്‍ നിന്നടക്കം പ്രണബിന് പിന്തുണ ലഭിച്ചതും യു.പി.എ. സഖ്യത്തില്‍ ഒറ്റപ്പെടുകയാണെന്നുള്ള തിരിച്ചറിവും നിലപാടു തിരുത്താന്‍ മമതയെ പ്രേരിപ്പിച്ചു. ഇതിനിടെ പലയിടത്തും തൃണമൂല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതും വിഷമത്തിലാക്കി.
ബി.ജെ.പി. പിന്തുണയുള്ള പി.എ. സങ്മയെ പിന്തുണച്ചാല്‍ സംസ്ഥാനത്തെ മുസ്‌ലിംവിഭാഗം കൈവിടുമോയെന്ന ആശങ്ക മമതയ്ക്കുണ്ടായിരുന്നു. പ്രണബിന് വോട്ട് കൊടുത്തില്ലെങ്കില്‍ ബംഗാളി വികാരം എതിരാളികള്‍ തനിക്കെതിരെ തിരിച്ചുവിടുമോയെന്നും അവര്‍ ഭയന്നു. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക പിന്തുണ സംസ്ഥാനത്തിന് നഷ്ടമായേക്കുമെന്നും തൃണമൂല്‍ നേതൃത്വം സംശയിച്ചു.