സ്തനാര്‍ബുദം സ്ത്രീരോഗമല്ല

Published on  13 Jul 2012

സിസ്സി ജേക്കബ്‌


സ്തനാര്‍ബുദം സ്ത്രീരോഗമല്ല
ലോകമാകെ 13 ലക്ഷം സ്ത്രീകളിലാണ് ഓരോ വര്‍ഷവും സ്തനാര്‍ബുദം കണ്ടെത്തുന്നത്. വ്യാപകമായ ബോധവത്ക്കരണം ഈ രോഗത്തിന്റെ കാര്യത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കി. സ്തനാര്‍ബുദ ബാധിതര്‍ രോഗത്തെ അതിജീവിക്കാനുള്ള സാധ്യതയേറി. എന്നാല്‍, വികസ്വര രാജ്യങ്ങളില്‍ സ്ഥിതി ഇപ്പോഴും ആശാവഹമല്ല.

പൊണ്ണത്തടിയും ഭക്ഷണശീലങ്ങളിലെ മാറ്റവും ആദ്യത്തെ കുഞ്ഞിന്റെ പിറവി വൈകുന്നതും രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

സ്തനാര്‍ബുദം പുരുഷന്‍മാരില്‍

ഇതിനിടയിലാണ് സ്ത്രീകള്‍ക്ക് മാത്രം പിടിപെടുന്ന രോഗമല്ല സ്തനാര്‍ബുദം എന്ന കണ്ടെത്തലുണ്ടായത്. ഓരോ വര്‍ഷവും 13,000 പുരുഷന്‍മാരില്‍ പുതുതായി രോഗം കണ്ടെത്തുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഇതുമൂലം മരണമടയുന്നവരുടെ എണ്ണത്തില്‍ 2000 മുതല്‍ 3.3 ശതമാനം കുറവുണ്ടെന്ന് ബ്രെസ്റ്റ് ക്യാന്‍സര്‍ ജേണലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുരുഷന്‍മാര്‍ക്കും സ്തന കലകളുണ്ടെന്നും അവര്‍ക്കും സ്തനാര്‍ബുദം വരുമെന്നും ഭൂരിഭാഗത്തിനും അറിയില്ല.
സ്തനാര്‍ബുദത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ സ്തനത്തിന്റെ ഘടനയെക്കുറിച്ച് അവശ്യം അറിവുണ്ടാകണം.

ലോബ്യൂള്‍സ് (സ്ത്രീകളില്‍ പാലുത്പാദിപ്പിക്കുന്ന ഗ്ലാന്‍ഡുകള്‍), ഡക്ട്‌സ് (ലോബ്യൂളുകളില്‍ നിന്ന് മുലക്കണ്ണുകളിലേയ്ക്ക് പാല് കൊണ്ടുപോകുന്ന ചെറിയ ട്യൂബുകള്‍), സ്‌ട്രോമ (ലോബ്യൂളുകളെയും ഡക്ടുകളെയും ചുറ്റിക്കാണുന്ന കലകളും കൊഴുപ്പുകലകളും രക്തക്കുഴലുകളും ലിംഫാറ്റിക് വെസലുകളും) എന്നിവയാലാണ് സ്തനങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകും വരെ (13-14 വയസ് പ്രായം വരെ) പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ചെറിയ അളവ് സ്തനകലകളേ ഉണ്ടാകൂ. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ പെണ്‍കുട്ടികളില്‍ അണ്ഡാശയങ്ങള്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉത്പ്പാദിപ്പിക്കാന്‍ തുടങ്ങും. അതോടെ സ്തന വളര്‍ച്ചയും ആരംഭിക്കും. ആണ്‍കുട്ടികളില്‍, വൃഷണം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ സ്തന കലകളുടെ വളര്‍ച്ചയെ നിയന്ത്രിച്ചു നിര്‍ത്തും.

ശരീരത്തിലെ മറ്റെല്ലാ കോശങ്ങളെയുമെന്ന പോലെ പുരുഷന്‍മാരുടെ സ്തനത്തിലെ കോശങ്ങളെയും അര്‍ബുദം ബാധിക്കാം. എന്നാല്‍, പുരുഷന്‍മാരിലെ സ്തനാര്‍ബുദം അത്ര സാധാരണമല്ല. കാരണം, അവരിലെ ഡക്ട് സെല്ലുകള്‍ സ്ത്രീകളുടെയത്ര വികസിച്ചിട്ടില്ല.

ഡക്ടര്‍ കാര്‍സിനോമ ഇന്‍ സിറ്റു (ഡി.സി.ഐ.എസ്), ഇന്‍ഫില്‍ട്രേറ്റിങ് (ഇന്‍വേസിവ്) ഡക്ടല്‍ കാര്‍സിനോമ (ഐ.ഡി.സി.), ഇന്‍ഫില്‍ട്രേറ്റിങ് (ഇന്‍വേസിവ്) ലോബ്യുലാര്‍ കാര്‍സിനോമ (ഐ.എല്‍.സി.), ലോബ്യുലാര്‍ കാര്‍സിനോമ ഇന്‍ സിറ്റു (എല്‍.സി.ഐ.എസ്.), പേജെന്റ് ഡിസീസ് ഓഫ് ദ നിപ്പിള്‍, ഇന്‍ഫ്ലാമേറ്ററി ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവയാണ് പുരുഷന്‍മാരെ ബാധിക്കുന്ന വിവിധ തരം സ്തനാര്‍ബുദങ്ങള്‍.

ആയുസ്


സ്ത്രീയായാലും പുരുഷനായാലും സ്താനാര്‍ബുദം ബാധിച്ചയാള്‍ രക്ഷപ്പെടാനുള്ള സാധ്യത ഇന്ന് വളരെയേറെയാണ്. സ്തനാര്‍ബുദം സ്ഥിരീകരിച്ചയാള്‍ 10 വര്‍ഷത്തിലേറെ ജീവിച്ചിരിക്കുകയെന്നത് 60 വര്‍ഷം മുമ്പ് അസാധ്യമെന്ന് കരുതിയിരുന്നു. കാല്‍ശതമാനം രോഗികളേ ഇത്തരത്തില്‍ രോഗത്തെ അതിജീവിച്ചിരുന്നുള്ളൂ. ഇന്ന് ഇത് മൂന്നിരട്ടിയായിയിരിക്കുന്നു. എന്നാല്‍, അര്‍ബുദ കോശങ്ങള്‍ സ്തനത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ രോഗി 10 വര്‍ഷത്തിലേറെ ജീവിച്ചിരിക്കാന്‍ 22 ശതമാനം സാധ്യതയേ ഇന്നുമുള്ളൂ.


മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കവും സ്തനാര്‍ബുദവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇസ്രായേലിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹൈഫ ഇതുസംബന്ധിച്ച് നടത്തിയ പഠനമാണ് ഇക്കാര്യം വെളിവാക്കിയത്. 10 ലക്ഷം സ്തനാര്‍ബുദ ബാധിതരെയെടുത്താന്‍ അവരില്‍ 25 ശതമാനവും ഏതെങ്കിലും സമയത്ത് കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുള്ളവരാകുമെന്ന് അവര്‍ പറയുന്നു. യൂറോപ്പില്‍ നിന്ന് ഓരോ കാലത്ത് മറ്റിടങ്ങളില്‍ കുടിയേറിയവരെ ശ്രദ്ധിച്ചപ്പോള്‍, ഹോളോകോസ്റ്റിനെ അതിജീവിച്ചവരില്‍ അര്‍ബുദ ബാധ കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, ദിവസവും ഏതെങ്കിലും തരം പിരിമുറുക്കം അനുഭവിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത ഏറെയാണോ എന്ന് വ്യക്തമല്ല.

വ്യായാമം
മറ്റുപല രോഗങ്ങളെയുമെന്ന പോലെ സ്തനാര്‍ബുദത്തെയും അകറ്റി നിര്‍ത്താന്‍ വ്യായാമത്തിന് കഴിയും.
ബോസ്റ്റണിലെ മാസ്ജനറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്് ഫോര്‍ ന്യൂറോഡിജെനറേറ്റിവ് ഡിസീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാനിസ് ഹെയ്‌സ് ചായുടെ ജീവിതം കേള്‍ക്കാം. നാല് മക്കളുടെ അമ്മയായ ചായ്ക്ക് രണ്ട് സ്തന്ങ്ങളും രണ്ട് അണ്ഡാശയങ്ങളും ഇല്ല. സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ ഇവ നാലും നീക്കം ചെയ്തു. ശസ്ത്രക്രിയയും നാല് മാസത്തെ കീമോതെറാപ്പിയും രണ്ട് മാസത്തെ റേഡിയോതെറാപ്പിയും അവരെ ശാരീരികമായും വൈകാരികമായും തകര്‍ത്തു.

നാല്‍പ്പതുകാരിയായ ചായ്ക്ക് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. ചെറുപ്പത്തിലുണ്ടായിരുന്ന ഒരു ശീലം വീണ്ടും തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. അര്‍ബുദം നല്‍കിയ വിഷാദത്തെയും ഉത്കണ്ഠയെയും അകറ്റാന്‍ ഇതുകൊണ്ടാകുമെന്ന് അവര്‍ വിശ്വസിച്ചു. അങ്ങനെയാണ് അവര്‍ ഓടാന്‍ തുടങ്ങിയത്. ആദ്യം പത്തുമിനിറ്റ്. പിന്നെ അത് ഒരു മണിക്കൂറായി. നീക്കം ചെയ്യപ്പെട്ട സ്തനങ്ങളും അണ്ഡാശയങ്ങളുമല്ലാതെ, സ്തനാര്‍ബുദം അതിഗുരുതരമായി ബാധിച്ചിരുന്നു എന്നതിന്റെ ഒരു ലക്ഷണവും ചായുടെ ശരീരത്തില്‍ ഇന്നില്ല.

വിയര്‍ക്കുവോളം പണിയെടുക്കുന്ന, കായികാധ്വാനമോ വ്യായാമമോ ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരിലേതിനേക്കാള്‍ 25 ശതമാനം കുറവാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നു.

2011-ല്‍ പുറത്തുവന്ന പഠനം പറയുന്നത് പതിവായ വ്യായാമത്തിന് അര്‍ബുദ മുഴകളെ പ്രതിരോധിക്കാനുള്ള ജീനിനെ ഉണര്‍ത്താനാകുമെന്നാണ്. ന്യൂഹാവനിലെ യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് പഠനം നടത്തിയത്. സ്തനാര്‍ബുദ ചികിത്സ പൂര്‍ത്തിയായ 12 സ്ത്രീകളിലായിരുന്നു പഠനം.

 


Other News in this section
ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടത് സ്വയംഭരണമല്ല

കേരളത്തിലെ ചില കോളേജുകള്‍ക്ക് അക്കാദമിക് സ്വയംഭരണം നല്‍കാനുള്ള തീരുമാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. അക്കാദമിക് സ്വയംഭരണം നല്‍കല്‍ കേരളത്തില്‍ പുതിയ പദ്ധതി ആണെങ്കിലും ആഗോള ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത് പുതിയതോ വിപ്ലവകരമോ ആയ ഒരു ആശയം ഒന്നുമല്ല. എ.ഡി. 13 ാം നൂറ്റാണ്ടില്‍ തന്നെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ ഓട്ടോണമസ് ആയ കോളേജുകള്‍ ഉണ്ടായിരുന്നു. ..

 

 

 

 

Latest news