
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിവാദങ്ങള്‍ തീരുന്നില്ല. എഞ്ചിനീയറിങ് പരീക്ഷയില്‍ ഒരു പേപ്പര്‍ മാത്രം തോറ്റ വിദ്യാര്‍ത്ഥികളെ 20 മാര്‍ക്ക് മോഡറേഷന്‍ നല്‍കി ജയിപ്പിക്കാനുള്ള അക്കാദമിക് കൗണ്‍സില്‍ തീരുമാനമാണ് പുതിയ വിവാദത്തിന് കാരണം. ഈ മാര്‍ക്ക് ദാനം ശുപാര്‍ശ ചെയ്ത സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനത്തിനാണ് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ ചില അധ്യാപകര്‍ ബി.ടെക്കുകാര്‍ക്കുള്ള ഈ മാര്‍ക്ക് ദാനത്തെ എതിര്‍ത്തുവെന്നും യോഗത്തിന്റെതായി പുറത്തുവന്ന മിനിറ്റ്‌സില്‍ പറയുന്നുണ്ട്. ഈ തീരുമാനത്തിന് 2008 ഡിസംബര്‍ മുതലുള്ള മുന്‍കൂര്‍ പ്രാബല്യവും സര്‍വകലാശാല നല്‍കി. എഞ്ചിനീയറിങ് ഫാക്കല്‍റ്റി ഡീന്‍ ആയ സതീഷ്‌കുമാറിന്റെ അഭിപ്രായത്തെ മറികടന്നാണ് സിന്‍ഡിക്കേറ്റ് ഈ തീരുമാനം പാസ്സാക്കിയത്.
കൗണ്‍സില്‍ യോഗത്തിലെ അംഗങ്ങളില്‍ ഡോ.സി.സതീഷ്‌കുമാര്‍, ഡോ.കെ.പി.മുരളീധരന്‍ എന്നിവര്‍ ഈ തീരുമാനത്തെ വിയോജിച്ചുവെന്നും മറ്റൊരംഗമായ ആര്‍.എസ്.പണിക്കര്‍ ഇത് പൊതുവായി എല്ലാവര്‍ക്കും ബാധകമാക്കി സര്‍ക്കുലറാക്കി ഇറക്കണമെന്ന് നിര്‍ദേശിച്ചതായും മിനിറ്റ്‌സില്‍ പറയുന്നുണ്ട്.

സംസ്ഥാന എഞ്ചിനീയറിങ് കോളേജുകളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഹൈക്കോടതി പോലും ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പുതിയ മാര്‍ക്ക് ദാനവിവാദം കൂടി പുറത്തുവരുന്നത്. നിലവാരമില്ലാത്ത കോളേജുകള്‍ അടച്ചുപൂട്ടിക്കൂടെയെന്ന് അടുത്തിടെയാണ് ഒരു കേസ് പരിഗണിക്കവേ ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്.
നിലവില്‍ പത്ത് മാര്‍ക്കാണ് മോഡറേഷനായി നല്‍കിവരുന്നത്. കഴിഞ്ഞ മാര്‍ച്ച് 24 ന് നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് ആണ് പുറത്തുവന്നത്. എന്നാല്‍ ഉത്തരവിന് നാലുവര്‍ഷത്തെ മുന്‍കൂര്‍ പ്രാബല്യം നല്‍കിയ തീരുമാനം ദുരുദ്ദേശപരമാണെന്നും അംഗങ്ങള്‍ക്ക് താല്‍പര്യമുള്ള ആരെയോ ജയിപ്പിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നില്ലെന്നും സര്‍വകലാശാലയിലെ ഇടത് അനുകൂല സംഘടനകള്‍ ആരോപിച്ചു.