ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി.ചിദംബരം 2 ജി സ്‌പെക്ട്രം ലേലം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള കേന്ദ്രമന്ത്രിമാരുടെ പ്രത്യേക സമിതിയുടെ ചെയര്‍മാനായേക്കും. സമിതിയ്ക്ക് നേതൃത്വം നല്‍കാന്‍ കൃഷിമന്ത്രി ശരദ് പവാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. വിവാദ വിഷയങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പവാര്‍ സമിതിയില്‍നിന്ന് ഒഴിഞ്ഞത്.
പ്രതിരോധമന്ത്രി എ.കെ ആന്റണി, ടെലികോം മന്ത്രി കപില്‍ സിബല്‍, വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രി അംബികാസോണി, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി വി. നാരായണസ്വാമി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ എന്നിവരാണ് പുന:ക്രമീകരിച്ച സമിതിയിലുള്ളത്.