തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ നിലവാരത്തകര്‍ച്ച സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.പി.എം നേതാവ് പി.ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
തുടര്‍ച്ചയായി വിജയശതമാനം കുറയുന്ന എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടുന്ന കാര്യം സര്‍ക്കാരും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. യോഗ്യതയുള്ള വേണ്ടത്ര അധ്യാപകരുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളേജുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തീരെ കുറഞ്ഞ വിജയശതമാനമാണെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിലയിരുത്തിയത്.
ഇക്കാര്യമാണ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ എ.ഐ.സി.ടി.ഇയുടെ അംഗീകാരമുള്ള കോളജുകള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മറുപടി പറഞ്ഞു. പുതിയ സ്വാശ്രയകോളജുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ വിജയശതമാനം 40-ല്‍ താഴെയുള്ള സ്വാശ്രയ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.