കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജൂലായ് 30-ലേക്ക് മാറ്റി. വി.എസ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി നല്‍കിയത്.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെയാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകന്‍ മുഖേനെ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 'അന്വേഷി' പ്രസിഡന്റ് കെ അജിത പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ രാവിലെ കണ്ടിരുന്നു. കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. ഇവര്‍ക്കൊപ്പം വി.എസ്സിന്റെ അഭിഭാഷകന്‍ രാജീവുമുണ്ടായിരുന്നു.
കേസില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യാഴാഴ്ച നിരീക്ഷിച്ചിരുന്നു. പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന അപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ വി.എസ്. നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നാലാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാറിന് ജസ്റ്റിസ് ജി.എസ്. സിങ്‌വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.