ഉന്നതാധികാര സമിതി പക്ഷപാതം കാട്ടി: പി.ജെ ജോസഫ്‌

Published on  06 Jul 2012


കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി കേരളത്തിനോട് പക്ഷപാതം കാട്ടിയെന്ന് ജലസേചന മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. റിപ്പോര്‍ട്ട് തള്ളിക്കളയും.

പുതിയ അണക്കെട്ടെന്ന ആവശ്യവുമായി കേരളം മുന്നോട്ട് പോകും. സുപ്രീംകോടതിയിലും ഇക്കാര്യം ഉന്നയിക്കും. ഇതിനെ പിന്താങ്ങാന്‍ റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ടും കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനു കേരളം ജൂലായ് 23 ന് മുന്‍പ് സുപ്രീം കോടതിയില്‍ അഭിപ്രായം അറിയിക്കും. പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉയര്‍ത്തിക്കാട്ടിയായിരിക്കും അഭിപ്രായം പറയുകയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയെ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കുന്നതിനു വേണ്ടിയാണ് ഉന്നതാധികാര സമിതിയെ നിയമിച്ചിരിക്കുന്നത്. അത് അവസാന വാക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.