
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സി.പി.എം. ബ്രാഞ്ചില്‍ നിന്ന് എസ്.എഫ്.ഐ. നേതാക്കളുടെ കൂട്ടരാജി. സി.പി.എം. കേന്ദ്രക്കമ്മിറ്റി ആസ്ഥാനത്തെ റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ പ്രസേന്‍ജിത്ത് ബോസ് രാജിവെച്ചതിനു പിന്നാലെയാണ് ജെ.എന്‍.യു. വിലെ കൂട്ടരാജി.
എസ്.എഫ്.ഐ. സംസ്ഥാന-യൂണിറ്റു നേതാക്കളുമുള്‍പ്പെടുന്ന ജെ.എന്‍.യു. സി.പി.എം. ബ്രാഞ്ചില്‍ നിന്ന് 11പേരാണ് പാര്‍ട്ടി വിട്ടത്. പതിനഞ്ചംഗങ്ങളുള്ള ബ്രാഞ്ചില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി വിട്ടതോടെ സര്‍വകലാശാലയില്‍ സി.പി.എമ്മിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയേറ്റു. എസ്.എഫ്.ഐ. ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് റോഷന്‍ കിഷോര്‍, വൈസ് പ്രസിഡന്റ് പി.കെ. ആനന്ദ്, സെക്രട്ടേറിയറ്റംഗം ജീക്കോ ദാസ് ഗുപ്ത എന്നിവരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവരില്‍ ഉള്‍പ്പെടും.
എസ്.എഫ്.ഐ. ജെ.എന്‍.യു. യൂണിറ്റ് പ്രസിഡന്റായിരുന്നു മലയാളിയായ പി.കെ. ആനന്ദ്. പാര്‍ട്ടിയില്‍ നിന്ന് മാത്രമെ തങ്ങള്‍ രാജിവെച്ചിട്ടുള്ളൂവെന്നും എസ്.എഫ്.ഐ. യില്‍ തുടരുമെന്നും പി.കെ. ആനന്ദ് പറഞ്ഞു. ജെ.എന്‍.യു. വില്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ രാജിവെയ്ക്കാനിടയായ സാഹചര്യവും കാരണങ്ങളും വിശദീകരിക്കുമെന്നും ആനന്ദ് പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രഖ്യാപിതനയത്തില്‍ നിന്ന് വ്യത്യസ്തമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബിനെ പിന്തുണയ്ക്കാനുള്ള സി.പി.എം. തീരുമാനമെന്ന് പ്രസേന്‍ജിത് ബോസ് പറഞ്ഞിരുന്നു. രാജ്യത്ത് നവ ഉദാരവത്കരണനയം നടപ്പാക്കുന്നതില്‍ കേന്ദ്രധനമന്ത്രിയെന്ന നിലയില്‍ ചുക്കാന്‍പിടിച്ച പ്രണബിനെ എന്തിനാണ് പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്നാണ് ജെ.എന്‍.യു. വില്‍ പാര്‍ട്ടിവിട്ടവരുടെയും ചോദ്യം.
കേന്ദ്രസര്‍ക്കാറിന്റെ ഭാഗമായുള്ള ഒരു നേതാവ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാവുന്നത് ഇതാദ്യമായാണ്. ജനവിരുദ്ധ സാമ്പത്തികനയങ്ങളുടെ വക്താവായ പ്രണബിനെ പിന്തുണച്ചതിലൂടെ സി.പി.എം. വലിയ തെറ്റു ചെയ്തതായും രാജിവെച്ച എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിക്കില്ല. പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി -നേതാക്കള്‍ വിശദീകരിച്ചു. അതുകൊണ്ടു തന്നെ എല്ലാവരും എസ്.എഫ്.ഐ. യില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
പ്രമേയത്തിന്റെ കോപ്പി