ജീവന്‍ വെടിയുന്നവരില്‍ അഞ്ചില്‍ ഒരാള്‍ വീട്ടമ്മ
ന്യൂഡല്‍ഹി: അപകടമരണങ്ങളെ ക്കുറിച്ചും ആത്മഹത്യകളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന കണക്കുകളുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഓരോ നാലുമിനിറ്റിലും ഇന്ത്യയില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നതായി 2011-ലെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യചെയ്യുന്ന അഞ്ചുപേരില്‍ ഒരാള്‍ വീട്ടമ്മയാണ്. എന്നാല്‍ 65 പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് 35 സ്ത്രീകള്‍ ആത്മഹത്യചെയ്യുന്നത്. സാമൂഹിക-സാമ്പത്തിക കാരണങ്ങളാലാണ് പുരുഷന്മാരില്‍ ഏറെയും ജീവന്‍ വെടിയുന്നതെങ്കില്‍ സ്ത്രീകളെ വൈകാരിക-സ്വകാര്യപ്രശ്‌നങ്ങളാണ് അലട്ടുന്നത്.രാജ്യമെമ്പാടും ആത്മഹത്യ ചെയ്തവരില്‍ 1.2 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാര്‍ജീവനക്കാര്‍.
60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ കൂടുതല്‍ ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. കഴിഞ്ഞവര്‍ഷം കൂട്ടആത്മഹത്യ ഏറ്റവും കൂടുതല്‍ നടന്നത് രാജസ്ഥാനിലാണ് (72). കേരളത്തിലിത് 19 ആണ്. 2011-ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് പശ്ചിമബംഗാളിലാണ്(16492). തമിഴ്‌നാടാണ് തൊട്ടുപിന്നില്‍-15963. കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും കൂടിയാണ് രാജ്യത്തെ പകുതിയിലേറെ ആത്മഹത്യയും നടന്നത്; 50.2ശതമാനം.