എന്‍.എസ്.ജി. ശക്തിപ്പെടുത്തുന്നു; കമാന്‍ഡോകള്‍ക്ക് തീവ്രപരിശീലനം

Published on  02 Jul 2012
ന്യൂഡല്‍ഹി: പുതിയ വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ പ്രമുഖ സുരക്ഷാ സേനയായ ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍.എസ്.ജി.) ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ പ്രമുഖ വ്യക്തികളുടെ സംരക്ഷണച്ചുമതലയുള്ള 900 കമാന്‍ഡോകളെ തിരിച്ച് വിളിക്കും. ഇവര്‍ക്ക് തീവ്രവാദവിരുദ്ധ, റാഞ്ചല്‍ വിരുദ്ധ നടപടികളില്‍ ആധുനിക പരിശീലനം നല്‍കാനാണിത്.

മുന്‍ ഡയറക്ടര്‍ ജനറലും കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ രാജന്‍ മധേക്കറാണ് 'കരിമ്പൂച്ച'കളുടെ പരിശീലനത്തിന് പദ്ധതി തയ്യാറാക്കിയത്. പുതിയ മേധാവി സുഭാഷ് ജോഷിയും ഇതിന് പച്ചക്കൊടി കാണിച്ചതോടെയാണ് പരിശീലനത്തിനായി കമാന്‍ഡോകളെ തിരിച്ച് വിളിക്കുന്നത്.

അഞ്ച് യൂണിറ്റുകളാണ് എന്‍.എസ്.ജി.ക്കുള്ളത്. കരസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ജവാന്മാരും അടങ്ങുന്ന രണ്ട് യൂണിറ്റ് സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും.അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് സ്‌പെഷല്‍ റേഞ്ചേഴ്‌സ് ഗ്രൂപ്പും. ഇതില്‍ സ്‌പെഷല്‍ ആക്ഷന്‍ഗ്രൂപ്പാണ് വിമാന റാഞ്ചലുകളും 26/ 11 മുംബൈ ആക്രമണം പോലുള്ള ഭീകരാക്രമണങ്ങളും ചെറുക്കാന്‍ പരിശീലനം സിദ്ധിച്ചവര്‍. സ്‌പെഷല്‍ റേഞ്ചേഴ്‌സ് ഗ്രൂപ്പില്‍പ്പെട്ടവരാണ് വി.ഐ.പി.കളുടെ കാവലിന് നിയോഗിക്കപ്പെടുന്ന കരിമ്പൂച്ചകള്‍.

ഇപ്പോള്‍ വി.ഐ.പി. സുരക്ഷയ്ക്ക് നിയോഗിച്ച ഒരു യൂണിറ്റ് സ്‌പെഷല്‍ റേഞ്ചേഴ്‌സ് സൈനികരെ പിന്‍വലിച്ച് അവര്‍ക്ക് തീവ്രവാദവിരുദ്ധ, റാഞ്ചല്‍ വിരുദ്ധ നടപടികളില്‍ ആധുനിക പരിശീലനം നല്‍കും. 900 സൈനികരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഇവരും ശേഷിയില്‍ സ്‌പെഷല്‍ ആക്ഷന്‍ഗ്രൂപ്പിന് തുല്യമാകും. ഇങ്ങനെ ഘട്ടംഘട്ടമായി എല്ലാവര്‍ക്കും പരിശീലനം നല്‍കും. ഹരിയാണയിലെ മനേസറിലുള്ള സേനയുടെ ആസ്ഥാനത്താകും പരിശീലനം.

മുംബൈ ആക്രമണത്തിനുശേഷം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എന്‍.എസ്.ജി. കേന്ദ്രങ്ങള്‍ തുറന്നിരുന്നു. ഇതോടെ പരിശീലനം സിദ്ധിച്ച കൂടുതല്‍ സൈനികരുടെ ആവശ്യം ഉണ്ടായി. ഭാവിയില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഒരേസമയം ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കാന്‍ ദേശീയ സുരക്ഷാ ഗാര്‍ഡ് അധികൃതര്‍ നടപടിയെടുക്കുന്നത്.

Other News in this section
ബാറ്ററി ചാര്‍ജ് ചെയ്യല്‍ : വിപ്ലവം സൃഷ്ടിക്കാന്‍ ഈഷയുടെ കണ്ടുപിടിത്തം

സാങ്കേതികവിദ്യയുടെ വേഗത്തിനൊപ്പം മുന്നേറാത്ത ഒന്നാണ് ബാറ്ററി രംഗം. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഇലക്ട്രിക് കാറുകളുമൊക്കെ ദിനംപ്രതി സ്മാര്‍ട്ടാകുമ്പോള്‍, ബാറ്ററികള്‍ മാത്രം മുടന്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും കുറച്ച് മുന്നേറ്റമുണ്ടായ രംഗങ്ങളിലൊന്ന് ബാറ്റിയുടേതാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, ബാറ്ററികളുടെ ജാതകദോഷം മാറ്റാന്‍ ഇതാ ഇന്ത്യന്‍ ..