
ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനിലെ നാറ്റോ സൈനികര്‍ക്കായി ആകാശമാര്‍ഗം ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് പാകിസ്താന്‍ രഹസ്യാനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. നാറ്റോ സൈനികര്‍ക്കുള്ള വിതരണപാത തുറക്കുന്നത് സംബന്ധിച്ച് പാക്പാര്‍ലമെന്‍റ് കൊണ്ടുവന്ന പ്രമേയത്തെ മറികടന്നാണീതീരുമാനമെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞവര്‍ഷം നവംബറില്‍ ഉണ്ടായ നാറ്റോ ആക്രമണത്തില്‍ 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് അഫ്ഗാനിസ്താനിലേക്കുള്ള സാധനവിതരണപാതകള്‍ പാകിസ്താന്‍ അടച്ചുപൂട്ടിയത്. അഫ്ഗാനിസ്താനിലേക്ക് ആയുധങ്ങളും വെടിമരുന്നും കൊണ്ടുപോകാന്‍ രാജ്യത്തിന്റെ ഭൂപ്രദേശമോ, ആകാശപ്പരപ്പോ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് സംയുക്ത പാര്‍ലമെന്‍റ് സമ്മേളനം പ്രമേയം പാസാക്കിയിരുന്നു.
ഈ വര്‍ഷമാദ്യം ആയുധമില്ലാത്ത വിമാനങ്ങള്‍ക്കു പറക്കാന്‍ പാകിസ്താന്‍ നാറ്റോക്ക് അനുമതി നല്‍കിയിരുന്നു. മാരകായുധങ്ങള്‍ ആകാശമാര്‍ഗം കൊണ്ടുപോകാനുള്ള അനുമതി എപ്പോഴാണ് നല്‍കിയതെന്ന് വ്യക്തമല്ല. എന്നാലും അമേരിക്കയില്‍നിന്നുള്ള വിമാനത്തിന് പാകിസ്താനില്‍ ഇടത്താവളം അനുവദിച്ചാണ് ക്രമീകരണമുണ്ടാക്കിയിരിക്കുന്നതെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നാറ്റോ വിമാനങ്ങള്‍ക്ക് ആയുധങ്ങള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ പാര്‍ലമെന്‍റിന്റെ പ്രമേയം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം പ്രതിരോധമന്ത്രാലയത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് വിദേശമന്ത്രാലയം അനുമതി നല്‍കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ നാറ്റോ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയതില്‍ പങ്കില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയം വിസമ്മതിച്ചു. യു.എസ്. എംബസിയും പ്രതികരിച്ചിട്ടില്ല.