എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും യോജിപ്പിലേക്ക്

Published on  27 Jun 2012
കോട്ടയം/ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും കൈകോര്‍ക്കുന്നു. ഭരണം മുസ്ലീംലീഗിന് തീറെഴുതിക്കൊടുത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇതിനെതിരെ ഇരു സംഘടനകളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. സുകുമാരന്‍ നായരുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഇപ്പോള്‍ പറഞ്ഞുതീര്‍ത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതേ അവസ്ഥയില്‍ പോവുകയാണെങ്കില്‍ സെക്രട്ടേറിയറ്റ് മലപ്പുറത്തേയ്ക്ക് മാറ്റേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മലപ്പുറത്തേയ്ക്ക് താമസം മാറ്റേണ്ടിയും വരുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഈ നീതിനിഷേധം തുടന്നാല്‍ അതിനെതിരെ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്-സുകുമാരന്‍ നായര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ എയ്ഡഡ് പദവി നല്‍കാന്‍ നിശ്ചയിച്ച സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇപ്പോള്‍ ജനാധിപത്യത്തിന് പകരം മതാധിപത്യമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും യോജിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നും ഞങ്ങളെ പല തട്ടുകളിലായി വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയില്ല. എല്ലാവരേയും എല്ലാ കാലത്തും മണ്ടന്മാരാക്കാമെന്ന് ആരും കരുതേണ്ട-വെള്ളാപ്പള്ളി പറഞ്ഞു.