റിയാദില്‍ ട്രെയിന്‍ പാളം തെറ്റി 45 പേര്‍ക്ക് പരിക്ക്‌

Published on  27 Jun 2012


ജിദ്ദ: റിയാദ്-ദമാം റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല്പത്തഞ്ചോളമാളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെ റിയാദില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്.

പരിക്ക് പറ്റിയവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ദമാമില്‍ നിന്നു റിയാദിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ എട്ട് ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്. അപകടത്തില്‍ പെട്ട യാത്രക്കാരെയും പരിക്കേറ്റവരെയും മറ്റൊരു ട്രെയിനില്‍ റിയാദ് നഗരത്തില്‍ എത്തിച്ചു. റിയാദ് ഉപഗവര്‍ണര്‍ മുഹമ്മദ് ബിന്‍ സഅദ് രാജകുമാരന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിയാദില്‍ നിന്നു എഴുപതു കിലോമീറ്റര്‍ അകലെയുള്ള ഹരീദ് മരുഭൂപ്രദേശത്താണ് ട്രെയിന്‍ മറിഞ്ഞത്. മൊത്തം 373 പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം. ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗികളും മറിഞ്ഞു. മറ്റു ബോഗികള്‍ പാളത്തില്‍ നിന്നു തെന്നിമാറി.

അക്ബര്‍ പൊന്നാനി