എയിഡഡ് സ്‌കൂള്‍: തുടക്കമിട്ടത് കഴിഞ്ഞ സര്‍ക്കാരെന്ന് മുഖ്യമന്ത്രി

Published on  27 Jun 2012
തിരുവനന്തപുരം: മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള നീക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങിയതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തന്നെ ഇതുസംബന്ധിച്ച ഫയലുകള്‍ നീങ്ങിത്തടങ്ങി. എയിഡഡ് പദവി നല്‍കുന്നത് കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രിയായിരുന്ന എം.എ ബേബി നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ 13 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് വന്നത്. എന്നാല്‍ ഇത് തത്വത്തില്‍ അംഗീകരിച്ച് ധനവകുപ്പിന്റെ പരിഗണനയ്ക്കായി വിടുകയാണ് ചെയ്തത്. അല്ലാതെ ഇതില്‍ സര്‍ക്കാര്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സ്വയം തിരുത്തിയതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സ്‌കൂള്‍ പ്രശ്‌നത്തില്‍ ലീഗിനെ ടാര്‍ജറ്റ് ചെയ്യാനാണ് ശ്രമമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ട. ഞങ്ങള്‍ ഓട് പൊളിച്ചുവന്നവരല്ല. ജനം തിരഞ്ഞെടുത്ത് വന്നവര്‍ തന്നെയാണ്. ഏത് വിഷയത്തിലും സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.