
ഇസ്‌ലാമാബാദ്: 21 വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കിയെന്ന പ്രഖ്യാപനം പാകിസ്താന്‍ ചൊവ്വാഴ്ച അര്‍ധരാത്രി തിരുത്തി. സരബ്ജിത്ത് സിങ്ങിനെയല്ല, മൂന്ന് പതിറ്റാണ്ടായി പാക് ജയിലിലുള്ള സുര്‍ജിത് സിങ്ങിനെയാണ് വിട്ടയയ്ക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ വിശദീകരിച്ചു.
പാകിസ്താനെതിരെ ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് അതിര്‍ത്തിയില്‍ നിന്ന് പാക്‌സൈന്യം പിടികൂടിയ സുര്‍ജിത് സിങ് 30 വര്‍ഷത്തോളമായി ലാഹോര്‍ ജയിലിലായിരുന്നു. ഇദ്ദേഹത്തിന്റെ വധശിക്ഷ 1989-ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചു. ജീവപര്യന്ത ശിക്ഷാകാലാവധി കഴിഞ്ഞതോടെയാണ് ഇയാളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ പാക് ചാനലുകള്‍ സരബ്ജിത്ത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കി മോചിപ്പിക്കുന്നു എന്നാണ് വാര്‍ത്ത നല്‍കിയത്. ഇതോടെ ഇന്ത്യയിലെ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സരബ്ജിത്ത് സിങ്ങിന്റെ മോചനത്തെക്കുറിച്ച് വാര്‍ത്ത നല്‍കി.
ഇതുശ്രദ്ധയില്‍പ്പെട്ടയുടനെയാണ് പാക് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് വിശദീകരണം ഉണ്ടായത്.