ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിക്കെതിരെ മത്സരത്തിനില്ലെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം വ്യക്തമാക്കി. തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്നുമാണ് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചത്.
എന്‍.ഡി.എയും മമതാ ബാനര്‍ജിയും കലാമിനെ പിന്തുണയ്ക്കുകയും മത്സര രംഗത്തിറങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് സൗഹൃദക്കൂട്ടായ്മയായ ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട് തുറന്ന് മമത ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് അനുകൂലമായി പ്രചാരണവും തുടങ്ങിയിരുന്നു.
തങ്ങളുടെ പിന്തുണ പ്രണബിനായിരിക്കുമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ജനതാദള്‍(യു) നേരത്തെ തന്നെ വ്യക്തമായ സൂചനനല്‍കിയിരുന്നു. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ പേര് വലിച്ചിഴച്ചതിനെ ശിരോമണി അകാലിദള്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. മതിയായ വോട്ടുമൂല്യമില്ലാത്തതിനാല്‍ വെറുതെ സ്ഥാനാര്‍ഥിയെ നിര്‍ത്തി തോല്‍വി ഏറ്റുവാങ്ങേണ്ടെന്ന നിലപാടാണ് എന്‍.ഡി.എ.യിലെ മിക്ക കക്ഷികള്‍ക്കുമുള്ളത്.
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കൊളെജില്‍ 4,896 അംഗങ്ങളാണുള്ളത്. പാര്‍ലമെന്‍റിന്റെ ഇരുസഭകളിലും കൂടി 776 അംഗങ്ങളും നിയമസഭകളില്‍ 4,120 അംഗങ്ങളുമാണുള്ളത്. സഭകളിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടുചെയ്യാനാവില്ല. വോട്ടുകളുടെ മൊത്തം മൂല്യം 10,98,882 ആണ്. രഹസ്യവോട്ടെടുപ്പായിരിക്കും നടക്കുക. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിപ്പ് അവകാശമില്ല.