തൃശ്ശൂര്‍: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ അഴിമതി കാണിച്ചെന്ന ആരോപണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ നന്ദകുമാര്‍, തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി. ഷീജ, ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.എന്‍. സജികുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി പി. മോഹനന്‍ നായര്‍, കോടിയേരിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന രാഘവന്‍ എന്നിവര്‍ക്കെതിരെയാണ് തൃശ്ശൂര്‍വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശ്ശൂര്‍ ബാറിലെ അഭിഭാഷകനായ അനന്തകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് ജഡ്ജി വി. ഭാസ്‌കരന്‍ ഉത്തരവിട്ടത്. അന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിലുണ്ട്.
തലശ്ശേരി, ദേവികുളം കോടതികളില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറായി താല്‍ക്കാലിക നിയമനം നേടിയവര്‍ക്ക് അനധികൃതമായി സ്ഥിരനിയമനം നല്‍കിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.