വടക്കാഞ്ചേരി: സി.പി.എം എന്നും മനുഷ്യസ്‌നേഹപരമായ സമീപനമാണ് എടുത്തിട്ടുള്ളതെന്നും കൈയില്‍ ചോരപുരണ്ടത് ഗാന്ധിശിഷ്യര്‍ക്കാണെന്നും സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി പറഞ്ഞു.
അഴീക്കോടനെ കൊന്നതിനു പിന്നില്‍ കരുണാകരന്‍ പ്രവര്‍ത്തിച്ചില്ലേ? നിലമ്പൂരിലെ കുഞ്ഞാലിയെ കൊന്ന കേസില്‍ ആര്യാടന്‍ പ്രതിയായിരുന്നില്ലേ? കോണ്‍ഗ്രസ്സുകാര്‍ കൊന്ന കേസുകളും പുനരന്വേഷിക്കുമോ? രാഘവന്‍ പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ പലരും പോയി. സി.പി. ജോണിനെ എന്തെങ്കിലും ചെയേ്താ? രാഘവന്‍ തോക്കും കൊടുത്ത് ഇ.പി. ജയരാജനെ കൊല്ലാന്‍ ആളെ വിട്ടില്ലേ? തലയില്‍ വെടിയുണ്ടയുമായിട്ടല്ലേ ഇപ്പോഴും ആ സഖാവ് ജീവിക്കുന്നത്. ഞങ്ങള്‍ രാഘവനെ എന്തെങ്കിലും ചെയേ്താ? പിന്നെ ഇങ്ങോട്ട് അടിയും പീഡനവും വരുമ്പോള്‍ ആത്മരക്ഷയ്ക്കായി ചിലപ്പോള്‍ ചെറുത്തുനില്‍ക്കേണ്ടിവരും -മണി പറഞ്ഞു.
ഞഞ്ഞാമിഞ്ഞാ... ന്യായം പറഞ്ഞ് സി.പി.എമ്മിനെ ഇറക്കിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് മണി തുടര്‍ന്നു. ''നെഹ്രുവിനും ഇന്ദിരയ്ക്കും പറ്റിയില്ല. ഉമ്മന്‍ചാണ്ടിയേക്കാള്‍ വലിയ പുള്ളിയായിരുന്നു കരുണാകരന്‍. വല്ലോം നടന്നോ? കല്ലേ കടിച്ചാ പല്ലു പോകും; അത്രതന്നെ. ഇവിടെ എന്ത് ഭരണമാ? മാവേലി സ്റ്റോറെന്ന് ബോര്‍ഡുണ്ട്, സ്റ്റോക്കില്ല. മുല്ലപ്പെരിയാറെന്തായി? ശീ...ഭൂ... ഡാം പൊട്ടിയാല്‍ അവര് വെള്ളം കിട്ടാതെ ചാകും. നമ്മള്‍ വെള്ളം കുടിച്ചുചാകും. നാല് ജില്ല ക്ലോസ്. ഇന്ദ്രപ്രസ്ഥത്തിലെന്താ സ്ഥിതി? പൊതുമുതല്‍ കട്ടുമുടിക്കുകാ കാളികൂളികള്‍. നാണംകെട്ടവന് ആവശ്യമില്ലാത്തിടത്ത് ആല് മുളച്ച സ്ഥിതിയിലാ ചിദംബരം'' -മണി കത്തിക്കയറി.
വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നു പ്രഖ്യാപിച്ചായിരുന്നു പ്രസംഗത്തിന്റെ സമാപനം. ''മാര്‍ക്‌സ് മരിക്കുമ്പോള്‍ ഒരു വലിയ സെറ്റിനെ സംഭാവന ചെയ്തിരുന്നു. അവരൊക്കെയാ ചൈനയിലും റഷ്യയിലും പിന്നെ വിപ്ലവം നടത്തിയത്. ഇടുക്കിയില്‍ എം.എം. മണി ഇല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തിക്കും. അതാ ചരിത്രപരമായ ഭൗതികവാദം. അല്ലാതെ ഞാനില്ലെങ്കില്‍ വെള്ളപ്പൊക്കമെന്ന് മണി പറയാന്‍ പാടുണ്ടോ...?'' -അദ്ദേഹം ഉപസംഹരിച്ചു.
കെ.ശങ്കരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീനും പ്രസംഗിച്ചു. നേതാക്കളായ എ. പത്മനാഭന്‍, യു.പി. ജോസഫ്, മേരി തോമസ്, ഭാഗ്യലക്ഷ്മിഅമ്മ, ടി.കെ. നമ്പീശന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് വിട്ടുവന്ന മുന്‍ സി.പി.എം. നേതാവ് പി. ഉണ്ണികൃഷ്ണന്‍ വേദിയിലുണ്ടായിരുന്നു. ഏരിയാ സെക്രട്ടറി സേവ്യര്‍ ചിറ്റിലപ്പിള്ളി സ്വാഗതം പറഞ്ഞു.