
ചെന്നൈ: വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സന്റെ ഭൗതികശരീരം വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തിക്കും. പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. ആസപ്ത്രിയിലെത്തിക്കുന്നത് മുമ്പ് മരിച്ചതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആസ്പത്രി അധികൃതര്‍ നിലപാടെടുത്തു.
ഇതുമൂലം മൃതദേഹം വിട്ടുകിട്ടാന്‍ വൈകി. അതോടെ കാട്ടുപാക്കത്തെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാനുള്ള തീരുമാനം റദ്ദാക്കി എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. വൈകിട്ട് 5.30 ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന ജെറ്റ് എയര്‍വേസ് വിമാനത്താവളത്തിലായിരിക്കും മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുക. മന്ത്രി കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങും.
അവിടെ നിന്ന് റോഡുമാര്‍ഗം തൃശൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണിവരെ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ നെല്ലിക്കുന്നിലുള്ള ഇടവകപള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. മലയാളികള്‍ക്ക് ഇമ്പമേറിയ നിരവധി മധുരഗാനങ്ങള്‍ സമ്മാനിച്ച ജോണ്‍സന്റെ അന്ത്യം വ്യാഴാഴ്ച രാത്രിയാണ് സംഭവിച്ചത്. തൃശ്ശൂര്‍ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ആന്‍റണിയുടെയും മേരിയുടെയും മകനാണ്. ഇടക്കൊച്ചി വേലിക്കകത്ത് വീട്ടില്‍ റാണിയാണ് ഭാര്യ. ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്.
ഗായകന്‍ പി.ജയചന്ദ്രനാണ് ജോണ്‍സണെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974-ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടിങ്ങോട്ട് ജോണ്‍സന്റെ വളര്‍ച്ചയായിരുന്നു. 1978-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിന് സംഗീതം നല്‍കിയാണ് ജോണ്‍സണ്‍ സംഗീത സംവിധായകനാവുന്നത്. '81-ല്‍ പുറത്തിറങ്ങിയ, സില്‍ക്ക് സ്മിത നായികയായ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് ഭരതന്റെ 'പാര്‍വതി' എന്ന ചിത്രത്തിന് ഈണം നല്കി.
സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. പത്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഈ ചിത്രത്തിലെ 'ആടി വാ കാറ്റേ...' എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറി. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വന്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, പെരുന്തച്ചന്‍, പാളങ്ങള്‍, ഓര്‍മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, ഒഴിവുകാലം, മാളൂട്ടി, ചമയം, പ്രേമഗീതങ്ങള്‍, ചുരം, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, കിരീടം, ചെങ്കോല്‍, ദശരഥം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കുടുംബസമേതം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, ശുഭയാത്ര, ഈ പുഴയും കടന്ന്, വരവേല്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അല്‍പ്പകാലം സംഗീതസംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്ന ജോണ്‍സണ്‍ 2006-ല്‍ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വേണ്ടത്ര ജ്വലിച്ചുനില്‍ക്കാനായില്ല. ഇതിനിടയില്‍ നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതം നിര്‍വഹിച്ചു.
മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാട , സുകൃതം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇത്. ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും ജോണ്‍സണ് ലഭിച്ചു. കൂടാതെ സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് 2006-ല്‍ മാതൃഭൂമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നാലുതവണ കേരള ഫിലിം ക്രിട്ടിക്‌സ് അവര്‍ഡും നേടി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അവര്‍ഡ്, രവീന്ദ്രന്‍ മാസ്റ്റര്‍ മെമ്മോറിയില്‍ അവാര്‍ഡ്, മുല്ലശ്ശേരി രാജു മ്യൂസിക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.
മലയാള സിനിമയുടെ വസന്തകാലത്ത് പത്മരാജന്റെയും ഭരതന്റെയും ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് ജോണ്‍സണായിരുന്നു. ഇടക്കാലത്ത് വിട്ടുനിന്ന ജോണ്‍സന്റെ തിരിച്ചുവരവ് ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെയായിരുന്നു. പത്മരാജന്റെ തുടര്‍ച്ചയായ 17 സിനിമകള്‍ക്ക് തികച്ചും വൈവിധ്യമേറുന്ന ഈണങ്ങള്‍ ചിട്ടപ്പെടുത്തി.
1953 മാര്‍ച്ച് 26-ന് തൃശ്ശൂരില്‍ ജനിച്ച ജോണ്‍സന്റെ സംഗീതരംഗത്തേക്കുള്ള വരവ് നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ക്വയര്‍ സംഘത്തിലൂടെയായിരുന്നു. ഇവിടെനിന്ന് ഹാര്‍മോണിയത്തിലും ഗിത്താറിലും പരിശീലനം നേടിയ അദ്ദേഹം, 1968-ല്‍ 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. യുവജനോത്സവങ്ങളിലും സംഗീത പരിപാടികളിലും ഗായകനായും തിളങ്ങിയകാലമായിരുന്നു യൗവനം. ഇടയ്ക്ക് ഗാനമേളകളില്‍ സ്ത്രീശബ്ദത്തിലും പാടിയിരുന്നു. അക്കാലത്ത് 10 രൂപയായിരുന്നു പ്രതിഫലം.
ഗിത്താര്‍, ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതില്‍ ജോണ്‍സണ് പ്രത്യേക കഴിവായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് തന്നെ അറിയപ്പെടുന്ന സംഗീത ട്രൂപ്പായി വോയ്‌സ് ഓഫ് തൃശൂര്‍ മാറിയതിന് പിന്നില്‍ ജോണ്‍സന്റെ സാന്നിധ്യമായിരുന്നു. ഗായകന്‍ ജയചന്ദ്രനാണ് ജോണ്‍സണെ ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തിയത്. ഈ കണ്ടുമുട്ടലാണ് ജോണ്‍സന്റെ സംഗീതജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1974 ല്‍ ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം ചെന്നൈയിലെത്തി.
ഭരതന്റെ 'ആരവ'ത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയാണ് സ്വതന്ത്രനായത്. തകരയിലും ചാമരത്തിലും തുടര്‍ച്ച. ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകന്‍ എന്ന മേല്‍വിലാസമായി. അതും ദേവരാജന്‍ മാസ്റ്റര്‍ തന്നെയാണ് ജോണ്‍സണെ സംവിധായകന് പരിചയപ്പെടുത്തിയത്.
പ്രേമഗീതങ്ങളിലെ സ്വപ്‌നം വെറുമൊരു സ്വപ്‌നം..., നീ നിറയു ജീവനില്‍..ഉള്‍പ്പടെ നാല് ഗാനങ്ങളും സൂപ്പര്‍ഹിറ്റായി. അതോടെ ജോണ്‍സണ്‍ സംഗീത സംവിധായകന്‍ എന്ന പട്ടം ഉറപ്പിച്ചു. ഭരതനൊപ്പം പാര്‍വതി എന്ന ചിത്രം മുതല്‍ ചുരം വരെ 10 സിനിമകളില്‍ ഒന്നിച്ചു. കാറ്റത്തെ കിളിക്കൂടിലെ ഗോപികേ.. എന്ന് തുടങ്ങുന്നഗാനം ആര്‍ക്കാണ് മറക്കാനാകുക. അതുപോലെ മാളൂട്ടിയിലെ മൗനത്തിന്‍ ഇടനാഴിയില്‍...മോഹനൊപ്പം സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, സിബിമലയിലിന്റെ കൂടെ ദശരഥം, കിരീടം(കണ്ണീര്‍പീവിന്റെ...., ചെങ്കോല്‍(മധുരം ജീവാമൃത ബിന്ദു...), ശ്രീനിവാസന്റെ കൂടെ വടക്കുനോക്കിയന്ത്രവും(മായാമയൂരം പീലിവിടര്‍ത്തി....), ചിന്താവിഷ്ടയായ ശ്യാമള(ആരോടും മിണ്ടാതെ...)അങ്ങനെ എത്രയെത്ര സുന്ദരഗാനങ്ങള്‍.
കൂടെവിടെയിലെ ആടിവാ കാറ്റേ....ഈ ചിത്രത്തിലൂടെ മലയാള സിനിമയിലെ അപൂര്‍വമായ ഒരു കൂട്ടുകെട്ടും തുടങ്ങുന്നത്. പത്മരാജനും-ജോണ്‍സണും കൈകോര്‍ക്കുന്നത് കൂടെവിടെ മുതല്‍ക്കാണ്. പത്മരാജന്റെ 'ഞാന്‍ ഗന്ധര്‍വന്‍' എന്ന അവസാന ചിത്രം വരെ ആ കൂട്ടുകെട്ട് പിരിയാതെ തുടര്‍ന്നു. പത്മരാജന്‍ ചിത്രങ്ങളുടെ തികവ് ജോണ്‍സന്റെ ഈണങ്ങളിലൂടെയായിരുന്നു.
പത്മരാജന് ശേഷം അങ്ങനെയൊരു കൂട്ടുകെട്ടുണ്ടായത് സത്യന്‍ അന്തിക്കാടുമായി ചേര്‍ന്നാണ്. സത്യന്‍ അന്തിക്കാടിന്റെ 25 സിനിമകള്‍ക്ക് അദ്ദേഹം ഈണങ്ങള്‍ ഒരുക്കി. ഈ വര്‍ഷം പുറത്തിറങ്ങിയ 'നാടകമേ ഉലകം' എന്ന ചിത്രത്തിനാണ് അവസാനമായി സംഗീതം ഒരുക്കിയത്. അടുത്തിടെ പുറത്തിറങ്ങിയ 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയാണ് ഈ വിടവാങ്ങല്‍.
