
തൃശൂര്‍: പ്രമുഖ എഴുത്തുകാരനും നിരൂപകനും സംവിധായകനുമായ രവീന്ദ്രന്‍ (ചിന്ത രവി-65) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. കുറച്ചുനാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സഞ്ചാര സാഹിത്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ രവീന്ദ്രന്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ഏറെ എഴുതിയ വ്യക്തിയും കൂടിയാണ്.
ഒരേ തൂവല്‍ പക്ഷികള്‍, ഹരിജന്‍, ഇനിയും മരിച്ചിട്ടാത്ത നമ്മള്‍ തുടങ്ങിയവയാണ് സംവിധാനം ചെയ്ത സിനിമകള്‍. ഒരു തൂവല്‍ പക്ഷികള്‍ സംസ്ഥാന-ദേശീയ ബഹുമതികള്‍ സ്വന്തമാക്കിയ ചിത്രമാണ്. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവയില്‍ മിക്കവയും പുസ്തകങ്ങളായി പുറത്തുവന്നിട്ടുമുണ്ട്. ചൊവ്വാഴ്ച്ച രാവിലെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകീട്ട് നാലുമണിയ്ക്ക് മൃതദേഹം സംസ്‌കരിക്കും.
എന്റെ കേരളം, സ്വിസ് സ്‌കെച്ചുകള്‍, ബുദ്ധപഥം, അകലങ്ങളിലെ മനുഷ്യര്‍, കലാവിമര്‍ശനം ഒരു മാര്‍ക്‌സിസ്റ്റ് മാനദണ്ഡം തുടങ്ങിവയാണ് പ്രധാന കൃതികള്‍. ടെലിവിഷന് വേണ്ടി യാത്രാവിവരണങ്ങളും നിരവധി ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. ഇടത് സഹയാത്രികനായ രവീന്ദ്രന്‍ സി.പി.എം. പ്രസിദ്ധീകരണമായ ചിന്തയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു അങ്ങനെയാണ് ചിന്ത രവി എന്ന വിളിപ്പേരുണ്ടായത്.
പി.എ. ബക്കര്‍, പവിത്രന്‍, ടി.വി.ചന്ദ്രന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള രവീന്ദ്രന്റെ ചലച്ചിത്ര കൂട്ടായ്മ മലയാള സമാന്തര സിനിമാലോകത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്. സംവിധായകന്‍ അരവിന്ദനെക്കുറിച്ചും ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ 'കപിലവസ്തു' എന്ന വീട്ടിലാണ് വര്‍ഷങ്ങളായി താമസം.