LATEST NEWS
  Nov 09, 2010
മേയര്‍മാര്‍ അധികാരമേറ്റു


തിരുവനന്തപുരം: കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളിലെയും മേയര്‍മാര്‍ അധികാരമേറ്റെു. തിരുവനന്തപുരത്ത് എല്‍.ഡി.എഫിലെ അഡ്വ. കെ. ചന്ദ്രികയും കൊല്ലത്ത് എല്‍. ഡി. എഫിലെ പ്രസന്ന ഏണസ്റ്റും കൊച്ചിയില്‍ യു.ഡി.എഫിലെ ടോണി ചമ്മണിയും തൃശൂരില്‍ യു.ഡി.എഫിലെ ഐ.പി. പോളും കോഴിക്കോട്ട് എല്‍ .ഡി.എഫിലെ പ്രൊഫ. എ. കെ. പ്രേമജവുമാണ് മേയര്‍മാരായി ചുമതലയേറ്റത്.

നൂറ് അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 51 പേരുടെ പിന്തുണയുമായാണ് സി.പി.എമ്മിലെ അഡ്വ. ചന്ദ്രിക മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ലീലാമ്മ ഐസക്കിന് നാല്‍പ്പതും ബി.ജെ.പി. സ്ഥാനാര്‍ഥി ശ്രീജ മധുവിന് ആറും വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ആകെ 99 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മുട്ടട വാര്‍ഡില്‍ നിന്നാണ് ചന്ദ്രിക കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

കൊല്ലത്ത് 35 പേരുടെ പിന്തുണയുമായാണ് സി.പി.എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. താമരക്കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മേയര്‍സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശ്രദ്ധേയമായ കൊച്ചി കോര്‍പ്പറേഷനില്‍ 48 പേരുടെ പിന്തുണയുമായാണ് കോണ്‍ഗ്രസിലെ ടോണി ചമ്മണി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍. ഡി. എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.ജി. ജേക്കബിന് 24 വോട്ട് ലഭിച്ചു. രണ്ട് സ്വതന്ത്രര്‍ ടോണിയെ പിന്തുണച്ചു. കത്രിക്കടവ് വാര്‍ഡില്‍ നിന്നാണ് ടോണി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ബി.ജെ.പി. അംഗങ്ങള്‍ വിട്ടുനിന്നു. മൂന്ന് പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കൊച്ചി കോര്‍പ്പറേഷന്‍ യു.ഡി.എഫ്. ഭരിക്കുന്നത്.

യു.ഡി.എഫിന് വന്‍ ഭൂരിപക്ഷമുള്ള തശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിലെ ഐ. പി. പോള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കോണ്‍ഗ്രസ് വിമതരുടേതടക്കം 47 വോട്ടാണ് പോളിന് ലഭിച്ചത്. എല്‍ .ഡി. എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ പി.എ. പുരുഷോത്തമന് ആറ് വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. അംഗം വോട്ട് അസാധുവാക്കി. ആദ്യത്തെ മൂന്ന് വര്‍ഷമാണ് ഐ ഗ്രൂപ്പുകാരനായ പോള്‍ മേയറാവുക. പിന്നീടുള്ള രണ്ടു വര്‍ഷം എ. ഗ്രൂപ്പുകാരനായ രാജന്‍ പല്ലനായിരിക്കും മേയര്‍. കളത്തോട് വാര്‍ഡില്‍ നിന്നാണ്, നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന പോള്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തിനിടെ നടന്ന വോട്ടെടുപ്പില്‍ 38 വോട്ട് ലഭിച്ചാണ് പ്രൊഫ. എ. കെ. പ്രേമജം കോഴിക്കോട് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു. ഡി. എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍മന്ത്രി എം. ടി. പത്മയ്ക്ക് 32 വോട്ട് ലഭിച്ചു. ഒരു എല്‍ . ഡി. എഫ്. അംഗത്തിന്റേതടക്കം അഞ്ച് പേരുടെ വോട്ട് അസാധുവായി. വേങ്ങേരി വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി. പി. എമ്മിലെ എം. ശ്രീധരന്റെ വോട്ടാണ് അസാധുവായത്. വോട്ട് തെറ്റായി രേഖപ്പെടുത്തിയ ശ്രീധരന് വരണാധികാരിയായ ജില്ലാ കളക്ടര്‍ വീണ്ടും ബാലറ്റ് പേപ്പര്‍ നല്‍കിയതാണ് തര്‍ക്കത്തിന് വഴിവച്ചത്. യു. ഡി. എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ബന്ധപ്പെട്ടശേഷം കളക്ടര്‍ രണ്ടാമതും നല്‍കിയ ബാലറ്റ് തിരിച്ചുവാങ്ങുകയായിരുന്നു.

പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. എ. കെ. പ്രേമജം രണ്ടാം തവണയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകുന്നത്. മൂന്ന് വര്‍ഷം മേയറായിരുന്ന പ്രേമജം പിന്നീട് രണ്ടു തവണ വടകര മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.

Latest news