അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും

Published on  15 Sep 2010
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാളം തിളങ്ങിയെങ്കിലും പതിവ് പോലെ വിവാദങ്ങളും തലപൊക്കി. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അമിതാഭ് ബച്ചന് അവാര്‍ഡ് നല്‍കിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. 'പാ' എന്ന ചിത്രത്തില്‍ മേക്കപ്പ്മാന്റെ കഴിവിനപ്പുറം ബച്ചന്റെ പ്രകടനം അവാര്‍ഡ് ലഭിക്കാന്‍ തക്ക യോഗ്യതയില്ലായിരുന്നു. ആ ചിത്രത്തില്‍ ബച്ചന്റെ കണ്ണുകള്‍ പ്രേക്ഷനോട് സംവദിക്കുന്നില്ല. ജൂറിയുടെ സുതാര്യതയേയും അദ്ദേഹം ചോദ്യം ചെയ്തു. കുട്ടികളുടെ വിഭാഗത്തില്‍ മികച്ച ചിത്രമായ കേശുവിന് ലഭിച്ച പുരസ്‌കാരമാണ് ഇതിന് ഉദാഹരണമായി രഞ്ജിത്ത് ചൂണ്ടിക്കാട്ടിയത്. ശിവന്റെ മകന്‍ ജൂറി അംഗമായിരുന്നു.

മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാതിരുന്നതില്‍ വിഷമമുണ്ടെന്ന് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടി സ്രാങ്കിന്റെ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. നടനെ തിരഞ്ഞെടുത്തതില്‍ ജൂറിഎന്താണ് മാനദണ്ഡമാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് മൂന്നാം തവണയാണ് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. 'അഗ്നിപഥ'ിലെ അഭിനയവും ബ്ലാക്കിലെ പ്രകടനവുമാണ് മുമ്പ് രണ്ട് തവണ അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബച്ചന് അംഗീകാരം ലഭിച്ച മൂന്നു തവണയും മലയാള നടന്മാര്‍ക്കാണ് അവാര്‍ഡ് നഷ്ടമായത്. അഗ്നിപഥിലൂടെ ബച്ചന്‍ ആദ്യം അവാര്‍ഡ് നേടിയപ്പോള്‍ പെരുന്തച്ചനിലെ അഭിനയത്തിന് തിലകന് ഉറപ്പിച്ച അവാര്‍ഡാണ് നഷ്ടമായത്. വീണ്ടും ബ്ലാക്കിലൂടെ അവാര്‍ഡെത്തിയപ്പോള്‍ തഴയപ്പെട്ടത് മോഹന്‍ലാലായിരുന്നു. ബ്ലസിയുടെ തന്മാത്രയിലെ പ്രകടനത്തെ മറികടന്നാണ് ബച്ചന് അന്ന് അവാര്‍ഡ് ലഭിച്ചത്. ഇത്തവണ 'പാ'യിലെ അഭിനയത്തിന് ജൂറിയുടെ നറുക്ക് വീണപ്പോള്‍ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തലനാരിയഴ്ക്ക് നഷ്ടമായി.