LATEST NEWS
  Aug 23, 2010
മലയാളതാരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി; കേരളത്തെ മറക്കില്ലെന്ന് കമല്‍
താരസംഘടന ചടങ്ങ് ബഹിഷ്‌കരിച്ചുതിരുവനന്തപുരം: ഓണംവാരാഘോഷ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമാതാരങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. യഥാര്‍ഥ കലയേക്കാള്‍ അവര്‍ പ്രാമുഖ്യം നല്‍കുന്നത് പരസ്യകലയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രിയത ദുരുപയോഗം ചെയ്യാത്തതിന് കമലഹാസനെ മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തു. താന്‍ പാണ്ടിയാണെങ്കിലും കേരളത്തെ മറക്കില്ലെന്ന് കമലഹാസന്‍ പറഞ്ഞു. സിനിമാരംഗത്തെ മിക്ക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത ഓണംവാരാഘോഷച്ചടങ്ങില്‍ താരസംഘടനയായ ' അമ്മ ' യുടെ പ്രതിനിധികള്‍ മാത്രം വന്നില്ല.

മലയാളതാരങ്ങള്‍ക്കുപകരം കമലിനെ ആദരിക്കുന്നതില്‍ പ്രതിഷേധിച്ച് 'അമ്മ' ചടങ്ങ് അനൗദ്യോഗികമായി ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ മലയാളസിനിമാതാരങ്ങളുടെ പരസ്യഭ്രമത്തിനെതിരെ സംസാരിച്ചത്. ''...ചൂഷണമുക്തമായ ലോകത്തെക്കുറിച്ചുള്ള സ്വപ്നം ഓണം മുന്നോട്ടുവെയ്ക്കുന്നു. സംസ്ഥാനത്ത് ദരിദ്രവിഭാഗങ്ങള്‍ക്കുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തു.

എന്നാല്‍ പ്രജകളെ കാണാന്‍ വരുന്ന മാവേലി ചില അസാധാരണ സംഭവങ്ങള്‍ ശ്രദ്ധിക്കാനും സാധ്യതയുണ്ട്. ഒരു സാരി വാങ്ങിയാല്‍ ഒന്ന് ഫ്രീ എന്ന മട്ടിലുള്ള പ്രചാരണങ്ങളിലും ലോട്ടറിഭ്രമത്തിലും മദ്യാസക്തിയിലും മുങ്ങിനില്‍ക്കുന്ന പ്രജകളെ മാവേലി കാണുന്നത് ശുഭകരമല്ല. സിനിമാ ക്കൊട്ടകകള്‍ക്ക് പകരം ബിവറേജസിന്റെ മുന്നിലാണ് ജനം ക്യൂ നില്‍ക്കുന്നത്. സിനിമാതാരങ്ങളാകട്ടെ ഉപഭോഗസംസ്‌കാരത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറുന്നു. സ്വര്‍ണം മുതല്‍ ലോട്ടറിവരെ വില്‍ക്കാന്‍ അവര്‍ പരസ്യങ്ങളില്‍ മാറിമാറി വരികയാണ്. യഥാര്‍ത്ഥ കലയെക്കാള്‍ പരസ്യകലയ്ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത് ''.വി.എസ്.പറഞ്ഞു.

സര്‍ഗാത്മകതയും സാങ്കേതികതയും ഒരുപോലെ സമന്വയിപ്പിച്ച് ഇന്ത്യന്‍സിനിമയെ ലോകനിലവാരത്തില്‍ ഉയര്‍ത്തിയ നടനാണ് കമലഹാസനെന്നും എന്നാല്‍ തന്റെ ജനപ്രിയതയെ അദ്ദേഹം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരുരാഷ്ട്രീയ ഗുണവുമില്ലാത്ത തന്നെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ കാണിച്ച സന്മനസ്സിന് കമലഹാസന്‍ നന്ദിപറഞ്ഞു. ''എന്തുകൊണ്ട് കേരളം കമലിനെ ആദരിക്കുന്നു എന്നതിനെ വിമര്‍ശിക്കുന്നവര്‍ ഒരു മുപ്പതുവര്‍ഷം പിറകോട്ടുനോക്കാന്‍ ഞാന്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു. കെ.എസ്.സേതുമാധവന്റെ 'കണ്ണും കരളും' എന്ന സിനിമയിലൂടെയാണ് ഞാന്‍ അഭിനയം പഠിച്ചത്.

ഞാന്‍ മലയാളസിനിമയുടെ സൃഷ്ടിയാണ്. പിന്നെ എന്നെ കെ.ബാലചന്ദര്‍ സാര്‍ ദത്തെടുക്കുകയായിരുന്നു. മലയാളത്തിന്റെ പരിശീലനമില്ലെങ്കില്‍ ഞാന്‍ വേറൊരു വ്യക്തിയായേനെ. അച്ഛനെയും അമ്മയെയും എന്നപോലെ മലയാളസിനിമ എന്നെ കൈപിടിച്ചുയര്‍ത്തി. എന്റെ തിന്മകളെ മറന്ന് എന്റെ നന്മകളെ മലയാളികള്‍ സ്‌നേഹിച്ചു. മലയാളത്തോടും മലയാളികളോടുമുള്ള എന്റെ കടപ്പാടുകള്‍ എത്ര പറഞ്ഞാലും തീരില്ല.

മലയാളം എനിക്കുനല്‍കിയ സ്‌നേഹം തിരിച്ചുനല്‍കാന്‍ എന്നാലാവുംവിധം ഞാന്‍ ശ്രമിക്കും. എന്റെ ഫാന്‍സ് അസോസിയേഷന്‍കാര്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള നേത്രദാനപരിപാടി തുടങ്ങുന്നത് അതിന്റെ ഭാഗമാണ്.മലയാളിയും തമിഴനുമെന്നത് അര്‍ത്ഥമില്ലാത്ത പ്രാദേശികഭേദങ്ങള്‍ മാത്രമാണ്. ചില തമിഴ് ചാനലുകള്‍ ഇവിടെ ഈ പരിപാടി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും ഞാന്‍ ഇതൊക്കെ പറയുന്നു. ഞാന്‍ കേരള ഭക്ഷണമാണ് കഴിക്കുന്നത്. പാണ്ടിയെന്നും തമിഴനെന്നും എന്നെ വിളിച്ചുകൊള്ളൂ. പക്ഷേ ഞാന്‍ കേരളത്തെ സ്‌നേഹിക്കുന്നു''-കമലഹാസന്‍ പറഞ്ഞു.

Latest news