Mathrubhumi

രേഖാചോര്‍ച്ച അന്വേഷിക്കാന്‍ എഫ്.ബി.ഐ.യും.

Posted on: 30 Jul 2010


വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ വിരുദ്ധ പോരാട്ടത്തിന്റെ സുപ്രധാന രേഖകള്‍ വിക്കിലീക്ക്‌സ് വഴി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ അമേരിക്ക എഫ്.ബി.ഐയുടെ സേവനം തേടി. യു.എസ്. ഡിഫന്‍സ് സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് അറിയിച്ചതാണ് ഇക്കാര്യം. ബുധനാഴ്ച എഫ്.ബി.ഐ. ഡയറക്ടര്‍ റോബര്‍ട്ട് മ്യൂളറെ വിളിച്ചുവരുത്തിയാണ് ഗേറ്റ്‌സ് അന്വേഷണത്തില്‍ എഫ്.ബി.ഐ.യുടെ സേവനം തേടിയത്.

അഫ്ഗാനിസ്താനിലെ യു.എസ്. സൈനികര്‍ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയായതിനാലാണ് സമഗ്രമായ അന്വേഷണം നടത്തുന്നതെന്ന് റോബര്‍ട്ട് ഗേറ്റ്‌സ് പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ച്ച അഫ്ഗാനിസ്താനും പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധത്തയും ഉലയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഗേറ്റ്‌സ് പറഞ്ഞു.

ഭാവിയിലും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍, അതുവഴി അമേരിക്കയുടെ സൈനികതന്ത്രങ്ങള്‍ ശത്രുപക്ഷത്തിന് ലഭ്യമാകുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകും. അതുകൊണ്ടുതന്നെ രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നത്തെ കുറിച്ച്, ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയേപറ്റൂ-ഗേറ്റ്‌സ് പറഞ്ഞു.

കഴിഞ്ഞ മെയില്‍ ഇറാക്കിലെ സാധാരണക്കാര്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് അറസ്റ്റിലായ മുന്‍ സൈനിക ഇന്റലിജന്‍സ് വിദഗ്ദ്ധന്‍ ബ്രാഡ്‌ലി മാന്നിങ് തന്നെയാണ് ഇപ്പോഴത്തെ രഹസ്യരേഖകളുടെ ചോര്‍ച്ചയ്ക്ക് പിറകിലുമെന്ന് പ്രതിരോധവകുപ്പ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാന്നിങ്ങിനെതിരായി പെന്റഗണ്‍ നടത്തുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ അന്വേഷണവും പുരോഗമിക്കുന്നത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page