Mathrubhumi

കണികാഗവേഷണനിലയത്തിന് തമിഴ് ഗ്രാമം ഒരുങ്ങുന്നു

Posted on: 30 Jul 2010



തേനി(തമിഴ്‌നാട്): കേരളത്തിന്റെ അതിര്‍ത്തിഗ്രാമമായ തമിഴ്‌നാട്ടിലെ പൊട്ടിപ്പുറത്ത് ലോകത്തെ നാലാമത്തെ വലിയ കണികാഗവേഷണ പരീക്ഷണശാല സ്ഥാപിക്കാന്‍ പ്രാരംഭനടപടി തുടങ്ങി. അതിസൂക്ഷ്മ അന്തരീക്ഷ കണങ്ങളായ ന്യൂട്രിനോകളെ കണ്ടെത്താനും ഇവയെ ഉപയോഗിച്ച് പ്രപഞ്ചോത്പത്തിയടക്കം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പരിഹാരം തേടാനുമുള്ള ശ്രമത്തിനാണ് ഇന്ത്യന്‍ ശാസ്ത്രലോകം ഒരുങ്ങുന്നത്.

962 കോടി രൂപയുടെ പ്രാരംഭമുതല്‍മുടക്കുള്ള 'ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി' എന്ന പദ്ധതിക്ക് ആറുമാസത്തിനകം സ്ഥലമെടുക്കല്‍ പൂര്‍ത്തിയാകും. അന്താരാഷ്ട്ര ശാസ്ത്രസമൂഹംപോലും ഉറ്റുനോക്കുന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 8,000 കോടി രൂപയുടെയെങ്കിലും മുതല്‍ മുടക്കുണ്ടാവുമെന്നാണ് കണക്ക്.

തേനി ജില്ലയിലെ തേവാരത്തിനടുത്താണ് പൊട്ടിപ്പുറം ഗ്രാമം. ഉയരമേറിയ 'അമ്പരശന്‍ കരട്' എന്ന മലയ്ക്കുള്ളില്‍ 1.3 കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയിലാണ് ഗവേഷണനിലയം ഒരുങ്ങുന്നത്. പൊട്ടിപ്പുറം വീരപ്പസ്വാമി ക്ഷേത്രത്തിനു സമീപത്തുനിന്ന് പാറതുരന്ന് രണ്ടുകിലോമീറ്റര്‍നീളത്തില്‍ നിര്‍മ്മിക്കുന്ന തുരങ്കത്തിനൊടുവിലാണ് ഭൂഗര്‍ഭനിലയം നിര്‍മ്മിക്കുക.

രാജ്യത്തെ ശാസ്ത്രഗവേഷണത്തില്‍ മുന്‍നിരയിലുള്ള ഏഴു സ്ഥാപനം കേന്ദ്രആണവോര്‍ജ വകുപ്പിന്റെ നേതൃത്വത്തില്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 13 സര്‍വകലാശാലയും ഇതിനോട് സഹകരിക്കുന്നു. കണികാ ഗവേഷണത്തിനുപുറമെ, ഫിസിക്‌സ്, പ്രാപഞ്ചിക ശാസ്ത്രം, ജീവശാസ്ത്രം, ഭൗമശാസ്ത്രം തുടങ്ങി വിവിധ ശാഖകളിലെ ആധുനിക പഠനങ്ങള്‍ക്കും പരീക്ഷണശാല വേദിയാകും. കാന്തികവത്കരിച്ച ഇരുമ്പ് ഉപയോഗിച്ചുള്ള കലോറിമീറ്ററാണ് ന്യൂട്രിനോ കണങ്ങളെ 'പിടികൂടാന്‍' ഉപയോഗിക്കുക. അപകടകരമായ വാതകങ്ങളുടെയോ, രാസവസ്തുക്കളുടെയോ സാന്നിധ്യമില്ലാത്ത നിലയം അണുവികിരണവും ഉണ്ടാക്കുകയില്ലെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാംതന്നെ ഉറപ്പുനല്‍കിയതോടെ പ്രാദേശികമായി ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഈ സ്വപ്ന പദ്ധതിയെ തങ്ങളുടെ അഭിമാനമായി കാണുകയാണെന്ന് പൊട്ടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സുരുളിയമ്മാള്‍ പറയുന്നു.

എന്താണ് ന്യൂട്രിനോ?


ന്യൂട്രിനോ എന്നാല്‍ ഉദാസീനമായ ചെറിയ കണം എന്നാണര്‍ത്ഥം. പ്രകാശവേഗത്തോടടുത്ത പ്രവേഗമുള്ള ഈ അതിസൂക്ഷ്മകണം ഏതു മാധ്യമത്തിലൂടെയും കടന്നുപോകും. എന്നാല്‍, പ്രതിപ്രവര്‍ത്തനം ഉണ്ടാകാത്തതിനാല്‍ ഇവയെ പിടികൂടുക എളുപ്പമല്ല.
പ്രതിനിമിഷം കോടാനുകോടി ന്യൂട്രിനോകള്‍ ഭൂമിയെത്തന്നെ ഭേദിച്ച് കടന്നുപോകുന്നു. വീട്ടിനുള്ളില്‍ ഇരിക്കുന്ന ഒരാളുടെ ശരീരത്തിലൂടെ ഓരോ നിമിഷവും 50 ട്രിലുണ്‍(അഞ്ചുകഴിഞ്ഞ് 19 പൂജ്യം) ന്യൂട്രിനോകള്‍ കടന്നുപോകുന്നു.

ഈ സൂക്ഷ്മസ്വഭാവംതന്നെയാണ്, ഭൗമോപരിതലത്തില്‍വച്ച് ഇവയെ വലയിലാക്കുന്നതിനു തടസ്സം. ഭൂഗര്‍ഭത്തിലും സമുദ്രാന്തര്‍ഭാഗത്തും ധ്രുവപ്രദേശങ്ങളിലെ മഞ്ഞിനടിയിലും മറ്റും നിരീക്ഷണോപകരണങ്ങള്‍ സ്ഥാപിക്കുകയേ വഴിയുള്ളു.
ഭൂമിയിലെത്തുന്ന ന്യൂട്രിനോകള്‍ പ്രധാനമായും സൂര്യനില്‍നിന്നാണ്. 1930-ല്‍ വോള്‍ഫ് ഗാങ് പോളി എന്ന ആസ്ട്രിയന്‍ ശാസ്ത്രജ്ഞനാണ് ഈ കണങ്ങളെപ്പറ്റി ആദ്യം പ്രവചിച്ചത്. 26 വര്‍ഷത്തിനുശേഷം ന്യൂട്രിനോയെ കണ്ടെത്തി. 2002-ലെ ഫിസിക്‌സ് നോബല്‍ സമ്മാനം ന്യൂട്രിനോകളെപ്പറ്റിയുള്ള പഠനത്തിനായിരുന്നു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page