ചന്ദ്രനിലേക്കൊരു കുതിച്ചുചാട്ടം

(Posted on: 18 Jul 2009)

 

ജയശ്രീ കുഞ്ഞിരാമന്‍

 


മനുഷ്യന്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയിട്ട് ഈ ജൂലായ് 20ന് 40 വര്‍ഷം തികയുന്നു. മാനവചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്രീയ-സാങ്കേതിക നേട്ടങ്ങളിലൊന്നായിരുന്നു മനുഷ്യനെ ചന്ദ്രനിലിറക്കിയത്. 1969 ജൂലായ് 20ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ മനുഷ്യനെന്ന ബഹുമതി നേടി. നീണ്ട 40 വര്‍ഷങ്ങള്‍ക്കുശേഷവും ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായമായി ചന്ദ്രയാത്രകള്‍ നിലനില്ക്കുന്നു! അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷത്തിലാണ് ചാന്ദ്രയുഗത്തിന്റെ നാല്പതാം വാര്‍ഷികം എന്നതും ശ്രദ്ധേയമാണ്.


ലോകമഹായുദ്ധങ്ങളെ നാം എത്രതന്നെ അപലപിച്ചാലും ഒന്നു സമ്മതിച്ചേ പറ്റൂ; ഏറ്റവും മികച്ച ചില ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും ഉരുത്തിരിഞ്ഞത് യുദ്ധകാലങ്ങളിലായിരുന്നു. ഒരുപക്ഷേ, ആവശ്യം കണ്ടുപിടിത്തങ്ങളുടെ മാതാവാണ് എന്ന പഴമൊഴിയില്‍ ഒട്ടും പതിരില്ലാത്തതാവാം കാരണം. എങ്കിലും ഇനിയൊരു ലോകമഹായുദ്ധം വരാതിരിക്കട്ടെ!


യുദ്ധകാലത്തില്‍ മാത്രമല്ല, ശീതയുദ്ധ കാലത്തിലും ഇതൊക്കെ ഒരളവുവരെ ശരിതന്നെ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം അമേരിക്കയുടെയും അന്നത്തെ സോവിയറ്റ് യൂണിയന്റെയും പിന്നില്‍ രണ്ടു ചേരികളിലായി. നേരിട്ടുള്ള സായുധ ഏറ്റുമുട്ടലുകളിലൂടെയല്ലെങ്കിലും ലോകാധിപത്യത്തിനുള്ള കിടമത്സരം എല്ലാ രംഗത്തും രണ്ടുകൂട്ടരും ആവോളം നടത്തി. സൈനിക ശക്തിയില്‍, കൂട്ടുകെട്ടുകളില്‍, സാമ്പത്തിക വളര്‍ച്ചയില്‍, ശാസ്ത്രമുന്നേറ്റങ്ങളില്‍, നവീന നശീകരണായുധ നിര്‍മാണത്തില്‍, നയതന്ത്ര ബന്ധങ്ങളില്‍ തങ്ങളോടു ചായ്‌വുള്ള ഭരണകൂടങ്ങളെ അധികാരത്തിലെത്തിക്കുന്നതില്‍, എന്നുവേണ്ട സാംസ്‌കാരിക രംഗത്തുവരെ ഈ കിടമത്സരം ആഗോളാടിസ്ഥാനത്തില്‍ മുടിയഴിച്ചാടി. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും മുതലാളിത്ത-സാമ്രാജ്യത്വ ശക്തിക്ക് ഒരു ബദല്‍ ശക്തിയായി സോവിയറ്റ്‌യൂണിയന്റെയും കൂട്ടരുടെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യ വ്യവസ്ഥിതി കുറെയൊക്കെ തുല്യമായി, പുറമേക്കെങ്കിലും പിടിച്ചുനിന്നു; 1990-ല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെ.

സാഹസികമായ തീരുമാനം


ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ തങ്ങളാണ് ഒന്നാംകിടക്കാര്‍ എന്നൊരു ധാരണ എന്നും അമേരിക്കക്കാര്‍ക്കുണ്ടായിരുന്നു; ഒരളവോളം ഇതു വസ്തുതകള്‍ക്കു നിരക്കുന്നതുമായിരുന്നു. അപ്പോഴാണ് 1957-ല്‍ സോവിയറ്റ്‌യൂണിയന്‍ ആദ്യമായി ഒരുപഗ്രഹം (സ്പുട്‌നിക്) ബഹിരാകാശത്തില്‍ ഭൂമിക്കുചുറ്റും പ്രദക്ഷിണം വെപ്പിച്ചു ചരിത്രം സൃഷ്ടിക്കുന്നത്. മാത്രമല്ല, തുടര്‍ന്നും പലപല ഉപഗ്രഹങ്ങളിലൂടെ, മനുഷ്യനെ കയറ്റിയും അല്ലാതെയും അവരീ നേട്ടങ്ങള്‍ തുടര്‍ന്നു. ലോകത്തിന്റെ മുന്നില്‍ അമേരിക്കയുടെ വിലയിടിയാന്‍ ഇതില്പരം പിന്നെന്താണ് വേണ്ടത്. ഒരു ശീതയുദ്ധ കാലാവസ്ഥയില്‍ ഇതില്പരം അപമാനകരവും ആപല്‍ക്കരവുമായി മറ്റൊന്നുമുണ്ടാവാനില്ല. ബഹിരാകാശ സഞ്ചാര മത്സരത്തില്‍ തുടക്കത്തില്‍ സോവിയറ്റ്‌യൂണിയന്റെ പിന്നിലായിപ്പോയ അമേരിക്ക മുതലാളിത്ത ചേരിയുടെ നേതൃസ്ഥാനത്തു സ്വന്തം നിലനില്പിനെ ഭദ്രമാക്കാനും ബഹിരാകാശ ഗവേഷണ രംഗത്ത് നഷ്ടപ്പെട്ട അഭിമാനവും അന്തസ്സും വീണ്ടെടുക്കാനുമാണ് അന്നത്തെ സാഹചര്യത്തില്‍ അതിസാഹസികമെന്നു പറയാവുന്ന മനുഷ്യനെ ചന്ദ്രനിലിറക്കുന്ന 'അപ്പോളോ' പദ്ധതിക്ക് 1961-ല്‍ രൂപംകൊടുക്കുന്നത്. എന്തു വിലകൊടുത്തും ഈ അതിസാഹസിക നേട്ടം കൈവരിക്കാന്‍ 'നാസ' ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതാവട്ടെ, അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ അതിപ്രശസ്തനായ ജോണ്‍ എഫ്. കെന്നഡിയും! (കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ സാങ്കേതിക വളര്‍ച്ചയുടെ പിന്‍ബലമുണ്ടായിട്ടും 1972-നുശേഷം അമേരിക്കയ്ക്ക് വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ 2020 വരെ തയ്യാറെടുപ്പുകള്‍ ആവശ്യമായി വരുന്നു എന്നതുതന്നെ അന്നത്തെ ശീതയുദ്ധ കാലാവസ്ഥയിലെ തീരുമാനം എത്ര സാഹസികവും അപകടം നിറഞ്ഞതും ആയിരുന്നു എന്നതിനു നിദാനമാണ്!)

'ബഹിരാകാശയുഗം' തുടങ്ങിയിട്ട് അന്നേക്ക് നാലുവര്‍ഷമേ ആയിരുന്നുള്ളൂ. സോവിയറ്റ് യൂണിയന് ഭൂഭ്രമണപഥത്തിലേക്കെങ്കിലും ഒരു മനുഷ്യനെ കയറ്റിയ ഉപഗ്രഹമയച്ചു തിരിച്ചുകൊണ്ടുവന്നിരുന്നു. അമേരിക്കയ്ക്ക് ആ പരിചയവും അവകാശപ്പെടാനുണ്ടായിരുന്നില്ല. അതായത് എല്ലാം ആദ്യം മുതല്‍ തുടങ്ങുകതന്നെ വേണമായിരുന്നു. വിജയത്തിനെപ്പറ്റി വലിയ ഉറപ്പൊന്നുമില്ലാതെ ഈ പരിതഃസ്ഥിതിയിലാണ് അന്നത്തെ കണക്കില്‍ 25 ബില്യണ്‍ ഡോളര്‍ ചെലവുവരുന്ന 3,50,000 ആള്‍ക്കാര്‍ ജോലി ചെയ്യേണ്ട, ഭൂമിയില്‍നിന്നു രണ്ടരലക്ഷം നാഴിക അകലെയുള്ള ചന്ദ്രനില്‍ ആളെയിറക്കി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കുക എന്ന ദൗത്യവുമായി അമേരിക്ക 'അപ്പോളോ' പദ്ധതിക്കു രൂപം നല്കുന്നത്. ശീതയുദ്ധ രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ ഈ തീരുമാനം പക്ഷേ, അമേരിക്കന്‍ ശാസ്ത്രജ്ഞരും ടെക്‌നീഷ്യന്‍മാരും ഏഴുകൊല്ലത്തെ നിരന്തര പ്രയത്‌നത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷം നടപ്പാക്കുക തന്നെ ചെയ്തു; വിജയകരമായിത്തന്നെ!

സാറ്റേണും അപ്പോളോയും
ചന്ദ്രയാത്രയ്ക്കുള്ള ഉപഗ്രഹമായ 'അപ്പോളോ' യെ ചന്ദ്രഭ്രമണപഥത്തിലെത്തിക്കാനുള്ള ശക്തിയേറിയ ഉപഗ്രഹ വിക്ഷേപിണി വികസിപ്പിച്ചെടുക്കലായിരുന്നു ആദ്യത്തെ ലക്ഷ്യം. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും ശക്തിയാര്‍ന്നതും വലുതുമായ 'സാറ്റേണ്‍-5' ഉപഗ്രഹ വിക്ഷേപിണിയുടെ ജനനം. പിന്നീട് ഉപഗ്രഹങ്ങള്‍. 1967-ലും 1968-ലും അപ്പോളോ-4, 5, 6 ഉപഗ്രഹങ്ങളെ, മനുഷ്യരെ കയറ്റാതെ, ഭൂഭ്രമണപഥത്തിലയച്ചു പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. സാറ്റേണ്‍ റോക്കറ്റിന്റെയും അപ്പോളോ ഉപഗ്രഹങ്ങളുടെയും ഒരുമിച്ചുള്ള പരീക്ഷണങ്ങള്‍ ഈ വിക്ഷേപണങ്ങളില്‍ക്കൂടി നടന്നു. 1968 നവംബറില്‍ ആദ്യമായി അപ്പോളോ-7ല്‍ മൂന്നു ബഹിരാകാശ സഞ്ചാരികള്‍ 260 മണിക്കൂര്‍ ഭൂഭ്രമണപഥത്തില്‍ പരീക്ഷണങ്ങള്‍ നടത്തി. 1968 ഡിസംബറില്‍ അപ്പോളോ-8ല്‍ ഒരു മൂന്നംഗ സംഘം ആദ്യമായി ചാന്ദ്രഭ്രമണപഥത്തിലെത്തി ചന്ദ്രനില്‍നിന്ന് 69 മൈല്‍ മുകളില്‍ക്കൂടി ചന്ദ്രനെ പത്തുപ്രാവശ്യം ചുറ്റി. ഇതു ചരിത്രപ്രധാനമായ ഒരു വിജയമായിരുന്നു. 1969 മാര്‍ച്ചില്‍ അപ്പോളോ-9 ഭൂഭ്രമണപഥത്തില്‍ വെച്ചും 1969 മെയില്‍ അപ്പോളോ-10 വീണ്ടും ചന്ദ്ര ഭ്രമണപഥത്തില്‍ വെച്ചും ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പിന്റെ അവസാന പരീക്ഷണങ്ങളും വിജയകരമായി നടത്തി. ബഹിരാകാശ പര്യവേക്ഷണ കുതുകികള്‍ക്ക് ലഹരിയുടെ ദിനങ്ങളായിരുന്നു അന്ന്.

ചന്ദ്രനും ഭൂമിയും


ഇത്തരുണത്തില്‍ ലക്ഷ്യസ്ഥാനമായ ചന്ദ്രനെക്കുറിച്ചുള്ള ചില പ്രാഥമിക വിവരങ്ങളറിയണ്ടേ. ചന്ദ്രന്‍ ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്തമായ ഉപഗ്രഹമാണ്. ഭൂമിയില്‍നിന്ന് ഏകദേശദൂരം 2,52,710 മൈല്‍. വ്യാസം 2160 മൈല്‍. ചുറ്റളവ് 6790 മൈല്‍. മണിക്കൂറില്‍ 2287 മൈല്‍ വേഗത്തില്‍ നീങ്ങുന്ന ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം വലംവെക്കാന്‍ 27 ദിവസവും ഏഴു മണിക്കൂറും 43 മിനിറ്റുമെടുക്കുന്നു. ചന്ദ്രദിനരാത്രങ്ങളുടെ ദൈര്‍ഘ്യം ഭൂമിയിലെ 14 ദിനങ്ങള്‍ക്കു തുല്യമാണ്. ഭൂമിയുടെ 50ല്‍ ഒന്നുമാത്രം വിസ്താരമുള്ള ചന്ദ്രനില്‍ പകല്‍ കഠിനമായ ചൂടും (250 ഡിഗ്രി എഫ്.) രാത്രി കഠിനമായ തണുപ്പുമാണ് (-280 ഡിഗ്രി എഫ്.). ഗുരുത്വാകര്‍ഷണം ഭൂമിയുടെ 1/6 മാത്രമായതിനാല്‍ മനുഷ്യര്‍ക്കും വസ്തുക്കള്‍ക്കും ഭൂമിയിലെ ഭാരത്തിന്റെ ആറില്‍ ഒന്നുമാത്രമേ ചന്ദ്രനില്‍ അനുഭവപ്പെടുകയുള്ളൂ.

അപ്പോളോ ഇതിഹാസം


ബഹിരാകാശ നേട്ടങ്ങളില്‍ സോവിയറ്റ് യൂണിയനെ പിന്തള്ളി ആധിപത്യമുറപ്പിക്കാനുള്ള വെമ്പലിലും അമേരിക്ക ചന്ദ്രസന്ദര്‍ശനം ആകാവുന്നത്ര സുരക്ഷിതവും കുറ്റമറ്റതുമാക്കാനുള്ള മുന്‍കരുതലുകളില്‍ ഒട്ടും കുറവുവരുത്തിയിരുന്നില്ല. അതുകൊണ്ടാണ് അപ്പോളോ-4 മുതല്‍ 10 വരെയുള്ള ഉപഗ്രഹങ്ങളും അവയെ വഹിച്ച റോക്കറ്റുകളും വിവിധ പരീക്ഷണങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചത്. എവിടെയെങ്കിലും ഒന്നു പാളിപ്പോയാല്‍ യാത്രികരുടെ ജീവന്‍ അപകടത്തിലാവുകയും അമേരിക്കയുടെ സല്‍പ്പേരിന് തീരാകളങ്കം വന്നുചേരുകയും ചെയ്യുമായിരുന്നു. അതിനാല്‍ മനുഷ്യനും യന്ത്രങ്ങള്‍ക്കും സാധ്യമായ എല്ലാ മുന്‍കരുതലുകളും അപ്പേളോ-11ലെ (ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയ ഉപഗ്രഹം) യാത്രികരുടെ സുരക്ഷയ്ക്കായി ചെയ്തിരുന്നു.

അവസാനം 1969 ജൂലായ് 16ഉം വന്നുചേര്‍ന്നു. ചന്ദ്രനിലിറങ്ങാനുള്ള മൂന്നു യാത്രികരെ വഹിച്ച അപ്പോളോ-11 ഉപഗ്രഹം യാത്രതിരിക്കുന്ന ദിവസം അമേരിക്ക മാത്രമല്ല, ലോകമെമ്പാടും ദശലക്ഷക്കണക്കിനാളുകള്‍, ടെലിവിഷനിലൂടെ ചന്ദ്രസന്ദര്‍ശനത്തിനായുള്ള അപ്പോളോ പേടകം ഭീമാകാരനായ സാറ്റേണ്‍-5 വിക്ഷേപിണി ബഹിരാകാശത്തേക്കുയര്‍ത്തുന്നത് ശ്വാസമടക്കി നോക്കിനിന്നു.അറ്റ്‌ലാന്‍റിക് സമുദ്രക്കരയിലെ കേപ് കെന്നഡി വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് 64,85,000 പൗണ്ട് ഭാരം വരുന്ന ഭീമാകാരനായ ശൂന്യാകാശ വാഹനം രാജകീയ പ്രൗഢിയോടെ പതുക്കെ പറന്നുയര്‍ന്നു.

ആദ്യത്തെ ചന്ദ്രയാത്രികരുടെ പേരുകള്‍ പിന്നീട് മാനവചരിത്രത്തിന്റെ തന്നെ ഭാഗമായി. ഒരു സിവിലിയനായ നീല്‍ ആള്‍ഡന്‍ ആംസ്‌ട്രോങ്ങായിരുന്നു വാഹനത്തിന്റെ കമാന്‍ഡര്‍. കൂട്ടാളികളായി യു.എസ്. എയര്‍ഫോഴ്‌സിലെ ലഫ്റ്റനന്‍റ് കേണല്‍ മൈക്കിള്‍ കോളിന്‍സും കേണല്‍ എഡ്‌വിന്‍ യൂജിന്‍ അള്‍ഡ്രിന്‍ ജൂനിയറും. ആംസ്‌ട്രോങ്ങും അള്‍ഡ്രിനും ചന്ദ്രനിലിറങ്ങുമ്പോള്‍, തിരിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള മാതൃപേടകം ചന്ദ്രഭ്രമണപഥത്തില്‍ നിയന്ത്രിച്ചുനിര്‍ത്തുകയായിരുന്നു കോളിന്‍സിന്റെ ദൗത്യം.


'മനുഷ്യരാശിയുടെ കുതിച്ചുചാട്ടം'


ഭൂമിയില്‍നിന്നു പുറപ്പെട്ട് 109 മണിക്കൂറും 24 മിനിറ്റും കഴിഞ്ഞപ്പോള്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തി. ചന്ദ്രനിലെത്തുന്ന ആദ്യത്തെ മനുഷ്യന്‍! ചരിത്രംകുറിച്ച നിമിഷങ്ങളായിരുന്നു അവ. ''ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ ഒരു വന്‍കുതിച്ചുചാട്ടവും''- ചന്ദ്രനില്‍ കാല്‍കുത്തമ്പോള്‍ ആംസ്‌ട്രോങ് വിളിച്ചുപറഞ്ഞു. ഭൂമിയില്‍ അതുകേട്ട് ജനസഹസ്രങ്ങള്‍ രോമാഞ്ചം കൊണ്ടു. അത് 1969 ജൂലായ് 20-നായിരുന്നു. 18 മിനിറ്റിനു ശേഷമാണ് അള്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. ''അപാരമായ ശൂന്യത!'' അള്‍ഡ്രിന്‍ ഭൂമിയിലേക്കുള്ള തന്റെ ആദ്യപ്രക്ഷേപണത്തില്‍ ചന്ദ്രമണ്ഡലത്തെ വിശേഷപ്പിച്ചതിങ്ങനെയാണ്.

ആദ്യത്തെ ചന്ദ്രയാത്ര പരിപൂര്‍ണ വിജയമായിരുന്നു. ചന്ദ്രനില്‍ നിന്നവര്‍ ഭൂമിയുടെ ഫോട്ടോകളെടുത്തു; ചന്ദ്രനില്‍ മനുഷ്യരാശിക്കുവേണ്ടി കൊടിനാട്ടി; ഫലകം സ്ഥാപിച്ചു; നടന്നു... ചന്ദ്രനില്‍ ഏകദേശം 15 മണിക്കൂര്‍ നേരത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കുശേഷം ആദ്യ ചന്ദ്രയാത്രികര്‍ ഭൂമിയിലേക്ക് തിരിച്ചുപറന്നു; ചന്ദ്രനിലെ മണ്ണും കല്ലും എല്ലാമായി. യാത്രികരുമായി തിരികെ പറന്ന പേടകം പസഫിക് സമുദ്രത്തിലെ നിര്‍ദിഷ്ട സ്ഥാനത്തുതന്നെ ഇറങ്ങി. 195 മണിക്കൂര്‍ 18 മിനിറ്റാണ് ആദ്യത്തെ മൂണ്‍മിഷന്‍ എടുത്ത ആകെ സമയം.

അപ്പോളോ-11ന്റെ വിജയത്തോടെ ചന്ദ്രയാത്രകള്‍ അവസാനിച്ചില്ല. 1969 നവംബറില്‍ത്തന്നെ അപ്പോളോ-12, 1970 ഏപ്രിലില്‍ അപ്പേളോ-13, 1971 ജനവരിയില്‍ അപ്പോളോ-14, ജൂലായില്‍ അപ്പോളോ-15, 1972 ഏപ്രിലില്‍ അപ്പോളോ-16 എന്നിങ്ങനെ 1972 ഡിസംബറില്‍ അപ്പോളോ-17 വരെ അത് തുടര്‍ന്നു. ഇവയില്‍ അപ്പോളോ-13 മാത്രം ചന്ദ്രനിലിറങ്ങാതെ വഴിയില്‍വെച്ച് യന്ത്രത്തകരാറുമൂലം തിരിച്ചുവരേണ്ടിവന്നു.

1972-നുശേഷം പിന്നീടാരും ഇതുവരെ ചന്ദ്രനില്‍ പോയില്ല. (അമേരിക്ക വീണ്ടും 2020-ല്‍ ചന്ദ്രയാത്രകള്‍ പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതേകാലയളവില്‍ത്തന്നെ ഇന്ത്യയും ചൈനയും ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നു). ബഹിരാകാശ ചരിത്രത്തിലെ ഇന്നോളമുള്ള നേട്ടങ്ങളിലെ ഏറ്റവും രോമാഞ്ചകരമായ അധ്യായമായി, ഒരു സ്വപ്നംപോലെ, ഇന്നും അപ്പോളോ പര്യവേക്ഷണങ്ങള്‍ നിലനില്ക്കുന്നു!
x