AnnaChandam Head

കാഞ്ഞിരക്കാട്ട് ശേഖരന്‍

Posted on: 02 Jun 2009കോട്ടയമെന്ന അക്ഷരനഗരിയിലെ താരത്തിളക്കമാര്‍ന്ന ഗജരാജപ്രജാപതി; നാടനാനകളുടെ തനതുമേല്‍ക്കോയ്മകളായ അംഗപോംഗലക്ഷണത്തികവുകളും ആണത്തത്തിന് മകുടം ചാര്‍ത്തുന്ന അത്യാവശ്യം തനിയ്ക്കുതാന്‍ പോരിമയും ഒത്തുചേര്‍ന്നാല്‍ അത് കാഞ്ഞിരക്കാട്ട് ശേഖരന്‍.

എണ്ണം പറഞ്ഞ ആനപ്പിറപ്പുകള്‍ ആരും കൊതിക്കുന്ന ഗജസുന്ദരന്മാര്‍, അവര്‍ സ്വന്തം കാലില്‍ നിന്നു കൊണ്ട് തന്നെ താരപരിവേഷം നേടിയെടുക്കുന്ന നാട്ടില്‍, പ്രശസ്തനായ ഉടമയുടെ പ്രിയങ്കരനായ ആനയെന്ന നിലയിലും കാഞ്ഞിരക്കാട്ട് ശേഖരന്‍ കേരളത്തിലെ ആയിരത്തോളം വരുന്ന നാടനാനകള്‍ക്കിടയിലെ മുന്നണിപ്പോരാളിയായി മാറുന്നു. പ്രശസ്ത ചലച്ചിത്ര നടന്‍ ബാബുനമ്പൂതിരിയുടെ സ്വന്തം തറവാടായ കുറവിലങ്ങാട് കാഞ്ഞിരക്കാട്ട് മനക്കാരുടെ അഭിമാനവും മൂവരില്‍ മുമ്പനുമാണ് ശേഖരന്‍.

ഒമ്പതേ മുക്കാല്‍ അടിക്ക് മേലെ ഉയരം, നിലം തൊടുന്ന തുമ്പിക്കെ, മോശമല്ലാത്ത ചെവികള്‍, മികച്ച വായൂകുംഭവും തലക്കുന്നിയും, മറ്റേതൊരാനയേയും അസൂയാലുവാക്കുകയും ഛതൊരാനക്കമ്പക്കാരെയും ആരാധകനാക്കി മാറ്റുകയും ചെയ്യുന്ന ഒരു ജോഡി കിടിലന്‍ കൊമ്പുകള്‍. സത്യത്തില്‍ ശേഖരന്റെ ഏറ്റവും വലിയ സമ്പാദ്യവും ഈ കൊമ്പുകള്‍ തന്നെയാണെന്ന് പറയാം.

കൊമ്പിന്റെ കടഭാഗത്ത് ചെറിയൊരു മടക്ക് പോലുള്ള പ്രത്യേകതയുമുണ്ട്. അതു കാണ്‍കെ അവനെ 'നാല്‍ക്കൊമ്പന്‍' എന്നു വിശേഷിപ്പിക്കാനും ഉടമയായ ബാബുനമ്പൂതിരി തയ്യാറാവും. ശേഖരന്റെ ചെവിയടി ശബ്ദത്തിനും ഉണ്ട് ഇതുപോലൊരു പ്രത്യേക്ത. മാതംഗലീലയൊക്കെ മികച്ച ആനകളുടെ ലക്ഷണങ്ങളില്‍ ഒന്നായി ഉദ്‌ഘോഷിക്കുന്നതാണ്. ആനയുടെ ചെവിയടി ശബ്ദത്തിന് ദുന്ദുദിനാദത്തോട് സാമ്യത തോന്നുകയെന്നത് ശേഖരന്റെ ചെവിയടി ശബ്ദം ഇങ്ങനെയാണത്രെ; നിശബ്ദമായ രാത്രികളിലൊക്കെ ശ്രദ്ധിച്ചിരുന്നാല്‍ ശരിക്കും ഉടുക്ക് കൊട്ടും പോലെ!. മലയാള നാട് കണ്ടിട്ടുള്ളത്തില്‍ വെച്ച് തന്നെ എക്കാലത്തേയും ഏറ്റവും മികച്ച ലക്ഷണോത്തമന്‍മാരില്‍ പ്രധാനിയെന്ന് വിളിക്കാവുന്ന മംഗലാംകുന്ന് ഗണപതി ഒഴിച്ചിട്ടുപോയ ശൂന്യതയിലേക്ക് കടന്നുവന്നവനാണ് ശേഖരന്‍ എന്നു പറയുമ്പോള്‍ പെട്ടെന്ന് ആരും ഞെട്ടരുത്.

അതെ, ഇന്ന് പാലക്കാട് ജില്ലയിലെ മംഗലാംകുന്ന്കാരുടെ സ്വന്തമാണ് ഗണപതിയാനയെങ്കിലും, അവന്റെ സുവര്‍ണ്ണകാലത്ത് അവനും കാഞ്ഞിരക്കാട് പടിഞ്ഞാറെ മനക്കാരുടെ സ്വന്തമായിരുന്നു. പക്ഷെ ഒന്നാന്തരം ഒരു മോഹവില വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ അവനെ കച്ചവടം ചെയ്യാന്‍ മനക്കാര്‍ തയ്യാറായി. പക്ഷെ, ഗണപതി പൊയ്ക്കഴിഞ്ഞപ്പോഴാണ് അതിന്റെ നഷ്ടബോധം ശരിക്കും തിരിച്ചറിയുന്നത്. പിന്നെ, അതുപോലെ ലക്ഷണങ്ങള്‍ എല്ലാം ഒത്തിണങ്ങിയ ഒരു കൊമ്പനാനയ്ക്കു വേണ്ടിയുള്ള അന്വേഷണങ്ങളായി. അങ്ങിനെ ഒരു പാട് നാടുകളില്‍ അന്വേഷിച്ചലഞ്ഞും ഒത്തിരിയൊത്തിരി ആനകളെ 'പെണ്ണുകണ്ടും' കാലിലെ തൊലി തേഞ്ഞതിന് ശേഷം അവസാനം കണ്ടെത്തിയ മനസ്സിന് പിടിച്ച സുമുഖന്‍, സുന്ദരന്‍ അതായിരുന്നു ശേഖരന്‍.

അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന ആന, പക്ഷെ കാഞ്ഞിരക്കാട്ട് തറവാട്ടിലെത്തിച്ചേര്‍ന്നതോടെ അവനും പേരായി, ആരാധകരുടെ ഹരമായി. രാജശേഖരന്‍ നായരാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശേഖരന്റെ പാപ്പാന്‍. ശേഖരന്റെ പ്രായം നാല്പതിനും അമ്പതിനും മധ്യേയാവണം. (
അടുത്ത് ലക്കത്തില്‍ - തൃക്കടവൂര്‍ ശിവരാജു)


sreekumararookutty@gmail.comTags:   Elephant, Kerala Festivals, Anachantham, Kanjirakattu Shekharan