AnnaChandam Head

കൊടുങ്ങല്ലൂര്‍ ഗിരീശന്‍

Posted on: 17 May 2009

-ശ്രീകുമാര്‍ അരൂക്കുറ്റിവാശിയില്‍ ആശാന്‍, കൊമ്പന്‍മാരും കൊതിക്കുന്ന കൊമ്പിന്റെ വമ്പത്തം. കൊടുങ്ങല്ലൂര്‍ ഗിരീശന്‍ എന്ന ആനത്താരത്തെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പരിചയപ്പെടുത്താം.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍, നാട്ടുകാരായ ഭക്തന്മാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടിയാണ് ഗിരീശന്‍. കോടനാട് ആനക്കുട്ടില്‍ നിന്നാണ് കുട്ടിക്കൊമ്പനായ ഗിരീശനെ നാട്ടുകാര്‍, കണ്ണകിയുടെ അവതാരമെന്ന് പുകഴ്‌പെറ്റ സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്കായി കണ്ടെത്തുന്നത്. ഉഗ്രസ്വരൂപിണിയായ കണ്ണകിയുടെ രൗദ്രഭാവം ഗിരീശനിലേക്കും ആവശിച്ചതാവാം. എന്തായാലും കൊടുങ്ങല്ലൂര്‍ ഗിരീശന്‍ ആള് 'ഒരു അസ്സല്‍ ആമ്പിറപ്പ്' തന്നെ.

താടിക്ക് പിടിച്ച് 'തക്കിടതരികിട' കളിച്ചാലും തിരിഞ്ഞു കടിക്കാത്ത പാവത്താന്മാരുടെ ഗണത്തില്‍ പെടുന്നവനല്ല താനെന്ന് ആരുടെ മുഖത്തു നോക്കി പറയാനും മടിയില്ലാത്ത കാതലുള്ള ധിക്കാരി. എന്തിനധികം പറയുന്നു, കെട്ടുംതറിയില്‍ നിന്നഴിച്ച് ഗിരീശനെ ഇത്തിരി ദൂരം വഴി നടത്തണമെങ്കിലും ഒന്ന് കുളിക്കാന്‍ കുളത്തില്‍ ഇറക്കണമെങ്കിലുമൊക്കെ അവന്റെ പുറത്ത് ഒരു പാപ്പാന്‍ ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല. ഒരൊറ്റ വര്‍ഷംതന്നെ രണ്ട് വട്ടം മദപ്പാടിലാവുന്ന ആനയെന്ന പ്രത്യേകതയും ഗിരീശനുണ്ട്.

സ്വഭാവത്തിലെ മുന്‍ശുണ്ഠിയും ഉരുളയ്ക്കുപ്പേരിയെന്ന പോലുള്ള പ്രതികരണങ്ങളും മാറ്റിനിര്‍ത്തിയാല്‍, ഉത്സവകേരളത്തില്‍ അവന്റെ സ്ഥാനം; ഗിരീശന്റെ സിംഹാസനം എന്തെന്ന് ചോദിച്ചാല്‍, അത് ഇന്ന് ജീവിച്ചിരിക്കുന്ന മറ്റൊരാനയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത ആ മുന്നരങ്ങ് തന്നെ! മുന്നരങ്ങെന്നാല്‍ മുഖപ്രസാദം അഥവാ മുഖസൗന്ദര്യം.

ഇത്രയും ഭംഗിയാര്‍ന്ന മദഗിരികളും കൊമ്പുകളുമുള്ള ഒരു നാട്ടാന ഭൂമിമലയാളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നു പറയാനാണ് ഈ ലേഖകന് ഏറെയിഷ്ടം. തെച്ചിക്കോടിനോടാണോ ശിവസുന്ദറിനോടാണോ പാമ്പാടിയോടാണോ ഏറ്റവും ഇഷ്ടം എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ, നാലഞ്ചുവര്‍ഷമായി ആനയുടെ പിന്നാലെ അലയുന്ന ഒരാള്‍ എന്ന നിലയില്‍ അറിഞ്ഞോ അറിയാതെയോ ഒരു പൊന്നിഷ്ടം ഈ കൊടുങ്ങല്ലൂര്‍ ഗിരീശന്‍ തമ്പുരാനോട് തോന്നാറുണ്ട്.

ഈ ലേഖകനെപ്പോലെ ആയിരമായിരം ആരാധകരുള്ള ഗിരീശനെ, ഗജലക്ഷണശാസ്ത്രത്തലെ കൃതഹസ്തനായ ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് 'ഗജലക്ഷണങ്ങളിലെ ചക്രവര്‍ത്തി സമാനന്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. നിലത്തിഴയുന്ന തുമ്പികൈയും ഉയര്‍ന്ന വായൂകുംഭവും ചന്ദനവര്‍ണമാര്‍ന്ന മദഗിരികളുമൊക്കെ ഗിരീശസാമ്രട്ടിന്റെ 'ശംഖചക്രഗദാപത്മങ്ങള്‍' ആണെങ്കിലും ഒരൊറ്റ മാത്രയില്‍തന്നെ ആരെയും കറക്കി വീഴ്ത്തുന്ന ഒരു വജ്രായുധം അവന്റെ ആവനാഴിയില്‍ ഉണ്ടെങ്കില്‍ അത് ഗിരീശന്റെ കൊമ്പുകള്‍ തന്നെയാണ്.

കോടനാട് ആനക്കൂട്ടില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് എത്തിയ കാലം മുതല്‍ ഗിരീശന്റെ കണ്ണുംകാതുമായി ഒപ്പമുണ്ടായിരുന്ന പാപ്പാന്‍ രാമപ്പണിക്കരുമായി ഈ ആനയ്ക്ക് ഉണ്ടായിരുന്ന ആത്മബന്ധം ഐതിഹ്യമാലയിലെ ആനക്കഥകളിലേതിനേക്കാള്‍ തിളക്കമാര്‍ന്നതാണ്. വര്‍ഷങ്ങള്‍ നീണ്ട സഹവാസത്തിന് ശേഷം കൊച്ചിന്‍ ദേവസ്വംബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ പറ്റിപിരിയുകയായിരുന്നു രാമപ്പണിക്കര്‍. താന്‍ ആനയുടെ മുന്നില്‍ ചെല്ലുന്നത് വഴി നിലയിലുള്ള പപ്പാനും ആനയ്ക്ക്ക്കുമിടയില്‍ 'അലോഹ്യം' വേണ്ട എന്ന ചിന്തയാല്‍ പെന്‍ഷന്‍ പറ്റിയ ശേഷം അധികമൊന്നും ഗിരീശന്റെ മുന്നില്‍ ചെന്നുപെടാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു പണിക്കര്‍. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ ദൂരെ മാറി നിന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ തെല്ല് ഒളിഞ്ഞുമാറിനിന്ന് പണിക്കര്‍ തന്റെ പഴയ സതീര്‍ത്ഥ്യനെ ഒരു നോക്ക് കാണാന്‍ എത്തി.

പെട്ടന്ന് ഒരു നിമിഷം,.... പിന്നെ ആ ഗന്ധം തലച്ചോറിലേക്ക് എത്തുവാനും തിരിച്ചറിയുവാനും എടുത്ത ഏതാനും നിമിഷങ്ങള്‍... പ്രിയപ്പെട്ട രാമപ്പണിക്കരെ തിരിച്ചറിഞ്ഞ ഗിരീശന്‍ സ്‌നേഹപ്രകടനത്തോടെ നിലംകൈയടിക്കുകയും കണയിറക്കി മൂത്രമൊഴിക്കുകയും ചെയ്യുമ്പോള്‍ രാമപ്പണിക്കരും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ കണ്ണീര്‍ പൊഴിക്കുകയായിരുന്നു.

ആനയുടെ മനസ്സറിയുന്ന ആനക്കാരെ ഒത്തുകിട്ടുകയെന്നതാണ് സത്യത്തില്‍ നാട്ടാനകളുടെ സുകൃതം. രാമപ്പണിക്കരും ഗരീശനുമായി ഉണ്ടായിരുന്ന ബന്ധത്തിന് അത്തരം ഒരു ഇഴയടുപ്പവും ശ്രുതിഭംഗിയും ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ ഇന്ന് ഗിരീശനെ വഴി നടത്തുന്ന വേണുവേട്ടനും നല്ല മനസ്സുള്ള, ക്ഷമയും സഹനശക്തിയുമുള്ള മികച്ചൊരു പാപ്പാനാണെന്നത് ആനപ്രേമികളുടെ പുണ്യം.

sreekumararookutty@gmail.com
Tags:   Elephant, Kerala Festivals, Anachantham, Kodungallur Girisan