Vijayapadam

CAT രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍

Posted on: 19 Sep 2013


മാനേജ്‌മെന്റ് രംഗത്ത് രാജ്യത്തെ ശ്രേഷ്ഠപഠനകേന്ദ്രങ്ങളായ ഐ.ഐ.എമ്മുകളിലെ(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്) പ്രവേശനപരീക്ഷയായ ക്യാറ്റ്(കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) രജിസ്‌ട്രേഷന്‍ സപ്തംബര്‍ 26-ന് അവസാനിക്കും. അപേക്ഷിക്കാനുള്ള വൗച്ചറുകളുടെ വില്പന 24 വരെയേ ഉണ്ടായിരിക്കുള്ളൂ.

13 ഐ.ഐ.എമ്മുകള്‍ക്കു പുറമേ രാജ്യത്തെ മറ്റ് മുന്‍നിര മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളും പ്രവേശനത്തിന് ക്യാറ്റ് റാങ്കിങ് അടിസ്ഥാനമാക്കുന്നുണ്ട്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 26 വരെ 20 ദിവസങ്ങളിലായി ഓണ്‍ലൈനായിട്ടാണ് ഇക്കുറി ക്യാറ്റ് പരീക്ഷ നടക്കുക. ഇതുവരെയുള്ള രജിസ്‌ട്രേഷന്‍ പ്രവണത വെച്ചുനോക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നാണ് കൂടുതലും അപേക്ഷകരെന്ന് ഐ.ഐ.എം. വൃത്തങ്ങള്‍ പറയുന്നു. രണ്ടുലക്ഷത്തിലേറെപ്പേര്‍ അപേക്ഷിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മാനേജ്‌മെന്റ് പഠനരംഗത്ത് ഐ.ഐ.എമ്മുകളിലെ പി.ജി. പ്രോഗ്രാമുകള്‍ ഏറെ വിലമതിക്കുന്നതാണ്.

ഐ.ഐ.എം. ഇന്‍ഡോറിന്റെ ആഭിമുഖ്യത്തിലാണ് ഇക്കുറി പരീക്ഷ നടക്കുന്നത്. രണ്ട് വിഭാഗങ്ങളുള്ളതാണ് പരീക്ഷ. 1)ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി ആന്‍ഡ് ഡാറ്റ ഇന്റര്‍പ്രിറ്റേഷന്‍, 2)വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് ലോജിക്കല്‍ റീസണിങ്. ഓരോ വിഭാഗത്തില്‍ നിന്നും 30 ചോദ്യങ്ങള്‍ വീതം, ഓരോ വിഭാഗത്തിനും 70 മിനിറ്റ് വീതമുണ്ടാകും. പുതിയ പരീക്ഷാക്രമമനുസരിച്ച് ഒരു വിഭാഗത്തിലെ ഉത്തരം പൂര്‍ത്തിയാക്കി രണ്ടാമത്തേതിലേക്ക് കടന്നാല്‍ പിന്നെ തിരികെ പോകാന്‍ കഴിയില്ല.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. അപേക്ഷാഫീസ്: 1600 രൂപ. പട്ടികവിഭാഗം/അംഗവൈകല്യമുള്ളവര്‍ തുടങ്ങി അര്‍ഹതപ്പെട്ടവര്‍ക്ക് 800 രൂപ. ഓണ്‍ലൈനായോ ആക്‌സിസ് ബാങ്ക് ശാഖകളില്‍ നിന്നോ വൗച്ചറുകള്‍ വാങ്ങാം. വിശദാംശങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും wwww.cat2013.iimidr.ac.in/,www.catiim.in



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial