Vijayapadam

ഉത്തരം താങ്ങുന്ന പല്ലികള്‍

Posted on: 19 Sep 2013

ദേബശിഷ് ചാറ്റര്‍ജികടുത്ത മാനസിക സമ്മര്‍ദത്തിന്റെ പിടിയിലായിരുന്ന ഒരു ജനറല്‍ മാനേജരുമായി അല്പനേരം സംസാരിക്കാനിടവന്നു. ഭൂമിയിലെ കോടാനുകോടി സ്ഥാപനങ്ങളിലൊന്നിന്റേതല്ല, ഈ പ്രപഞ്ചത്തിന്റെ തന്നെ ജനറല്‍മാനേജരാണെന്ന് സ്വയം കരുതുന്നതാണ് മൂപ്പരുടെ കുഴപ്പം. അതുഞാന്‍ സൂചിപ്പിച്ചപ്പോള്‍ ആദായനികുതി അടയ്ക്കാന്‍പോവുന്നവന്റെ മനഃപ്രയാസം നിഴലിക്കുന്നൊരു ചിരിയായിരുന്നു മുഖത്ത്. സകലനിയന്ത്രണച്ചരടുകളുടെയും ഒരറ്റം തന്റെ കൈയില്‍ത്തന്നെ വേണമെന്ന നിര്‍ബന്ധമാണ് മാനസികസമ്മര്‍ദത്തിന്റെ പ്രഭവകേന്ദ്രം.

ലോകത്തിന്റെ ഏതോ ഒരുകോണിലെ താങ്കളുടെ ഓഫീസ് താങ്കള്‍ കരുതുന്നതുപോലെയത്ര സുസ്ഥിരമല്ലെന്ന് ഞാന്‍ പറഞ്ഞു. ഭൂമിയിലെ മറ്റുപ്രദേശങ്ങള്‍പോലെ അതും മണിക്കൂറില്‍ 50,000 കി.മീ. വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെന്ന ഈ സാങ്കല്പിക ബഹിരാകാശപേടകത്തിലെ മറ്റേതൊരു സഞ്ചാരിയെയുംപോലെയാണ് താങ്കളും. അല്പം പരിഹസിക്കുക മാത്രമായിരുന്നില്ല എന്റെലക്ഷ്യം. ഒരുപക്ഷേ, ഏറ്റവുമധികം ഊര്‍ജം നാം ചെലവിടുന്നത് സ്വയം വാനോളമുയര്‍ത്തുന്ന കൃത്രിമമായൊരു വ്യക്തിത്വനിര്‍മിതിക്കുവേണ്ടിയാണ്. നാം നമ്മുടെപദവിയുടെ തടവുകാരനാവുന്നു. ഓഫീസ്മുറി ജയിലറയും. എല്ലാ പദവികളും ഉദ്യോഗമെന്ന നാടകത്തിലെ കേവലവേഷങ്ങളാണെന്നകാര്യം നാം വിസ്മരിക്കുന്നു.

ഞാനൊരു വ്യക്തിയല്ല പ്രതിഭാസംതന്നെയാണെന്ന തോന്നലാണ് പ്രശ്‌നത്തിനുകാരണം. നിയമത്തിന്റെകണ്ണില്‍ സമനിലതെറ്റിയവരല്ല പലരുമെങ്കിലും മറ്റു മനുഷ്യരെ യന്ത്രമായിക്കണ്ട് സ്വിച്ചിട്ട് പ്രവര്‍ത്തിപ്പിക്കാന്‍ തുനിയുന്നവന്‍ ഒരുതരത്തില്‍ മാനസികരോഗി തന്നെയാണ്. അവരുടെ ആ വിശ്വാസത്തിന്റെ കഥ വേഗംതന്നെ കഴിയുന്നില്ലെങ്കില്‍ അവര്‍ നയിക്കുന്ന സ്ഥാപനങ്ങളുടെ കഥകഴിയാന്‍ വലിയ താമസമുണ്ടാവുകയില്ല. മേധാവികളെന്നനിലയില്‍ അക്കൂട്ടരുടെ വായില്‍നിന്നുവരുന്നത് ഒരുപക്ഷേ, അസംബന്ധമാണെങ്കിലും തൊട്ടുതാഴെയുള്ളവനത് വേദവാക്യമായി ഭവിച്ചേക്കാം. അതിനു തൊട്ടുതാഴെയുള്ളയാള്‍ ഉത്തരവാകട്ടെ തലകൊണ്ടു കൊള്ളുന്നു, ഹൃദയപൂര്‍വം തള്ളുന്നു.

കാര്യത്തില്‍നിന്ന് നാം കളിയിലേക്ക് വരിക- അതിരുകളില്ലാത്ത ഭാവനാലോകം നമുക്കുമുന്നില്‍ തുറക്കുന്നു, ചിന്തകള്‍ ബന്ധനവിമോചിതമാവുന്നു. വികാരപ്രകടനങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. അറിവിന്റെ ഏറ്റവും മികച്ചരൂപമാണ് കളികളെന്ന് കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അവിടെ നാം ഞാനെന്നഭാവം മറക്കുന്നു. സ്വയംമറക്കാന്‍ നമുക്കുകഴിയുന്നു. വ്യക്തിത്വം അപ്രസക്തവും സാന്നിധ്യം പ്രസക്തവുമാവുന്നു. സാന്നിധ്യം സൃഷ്ടിപരമാണ്; ചടുലവും. ലോകത്തെ മഹാസംഘാടകരായിരുന്ന ബുദ്ധനെയും ക്രിസ്തുവിനെയും കൃഷ്ണനെയും നോക്കൂ, വ്യക്തികളെന്നനിലയില്‍ അപ്രത്യക്ഷരായിട്ടും അവര്‍ നമുക്കിടയിലെ നിറസാന്നിധ്യമായി അവശേഷിക്കുകയാണ്.

ശൈശവംവിട്ട നമുക്ക് കളികള്‍ വെറും ഓര്‍മകള്‍ മാത്രമായി. ജീവിതത്തിന്റെ മുഖ്യധാരയില്‍ കളികള്‍ക്ക് സ്ഥാനമില്ലാതായി. കളിയും കളിക്കാരുമാണ് നാമെന്ന വസ്തുത നമ്മളോര്‍ക്കുന്നില്ല. ഉദ്യോഗം അടിസ്ഥാനപരമായി പദവികള്‍ വേഷങ്ങളായിവരുന്ന കളിയാണ്. നമ്മുടെ വേഷത്തെക്കുറിച്ച് വലിയ വേവലാതിയില്ലാതാവുമ്പോള്‍ നടനം അനായാസേനയാവുന്നു, അതിമനോഹാരമാവുന്നു.


Vijayapadam Classifieds
Other Articles in this Section