Vijayapadam

JAM ശാസ്ത്ര മേഖലയില്‍ മികവിന്‌

Posted on: 19 Sep 2013

ടി.എ. അരുണാനന്ദ്‌എന്‍ജിനീയറിങ് രംഗത്തേക്കുള്ള വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റംകൊണ്ട് ക്ഷീണം അനുഭവിക്കേണ്ടിവന്ന പഠനശാഖയാണ് സയന്‍സ്. എന്നിട്ടും ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്രപഠനത്തിന്റെ മികവ് ചോരാതിരിക്കാന്‍ കാരണം ശാസ്ത്രത്തിന് മനുഷ്യജീവിതവുമായുള്ള അഭേദ്യബന്ധവും മികച്ച പഠനാവസരങ്ങളൊരുക്കുന്ന രാജ്യത്തെ സ്ഥാപനങ്ങളുമാണ്.

ഐ.ഐ.ടി., ഐ.ഐ.എസ്.സി. എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് എന്‍ജിനീയറിങ് പഠനമായിരിക്കാം. എന്നാല്‍, രാജ്യത്തെ ത്തന്നെ മുന്തിയ ശാസ്ത്രപഠനകേന്ദ്രങ്ങള്‍ കൂടിയാണിവ. രാഷ്ട്രത്തിന് ഒട്ടേറെ ശാസ്ത്രപ്രതിഭകളെ സംഭാവനചെയ്ത മഹദ്സ്ഥാപനങ്ങള്‍. ഈ കേന്ദ്രങ്ങളില്‍ ബിരുദാനന്തരബിരുദ ശാസ്ത്രപഠനത്തിനായി നടത്തുന്ന പ്രവേശനപ്പരീക്ഷയാണ് ജാം(JAM-Joint Admission Test for M.Sc). അടുത്തവര്‍ഷത്തെ പ്രവേശനപ്പരീക്ഷയ്ക്ക്, അതായത് ജാം-2014-ന് ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ഐ.ടി./ കാണ്‍പുരിനാണ് ഇക്കുറി പരീക്ഷാനടത്തിപ്പുചുമതല.

പേരില്‍ എം.എസ്.സി. എന്നുണ്ടെങ്കിലും ഇതിനുപുറമേ ഐ.ഐ.എസ്.സി.. നടത്തുന്ന ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി.. പ്രോഗ്രാമുകളിലേക്കും ഐ.ഐ.ടി.കള്‍ നടത്തുന്ന എം.എസ്‌സി..-പി.എച്ച്.ഡി.. ഇരട്ട/ ജോയന്റ് പ്രോഗ്രാമുകളിലേക്കും ജാം വഴി പ്രവേശനം നടത്തുന്നു. ഒരുവര്‍ഷമാണ് ജാം സ്‌കോറിന് പ്രാബല്യം.

അപേക്ഷ

ഈ വര്‍ഷം ഓണ്‍ലൈന്‍മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. പരമാവധി രണ്ടുവിഷയങ്ങള്‍ക്ക് അപേക്ഷ അയയ്ക്കാം (ഒന്ന് രാവിലെയുള്ള പരീക്ഷയും മറ്റൊന്ന് ഉച്ചയ്ക്കും). അപേക്ഷ, യോഗ്യത, തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http: / / gate.iitk.ac.in/ jam2014examination. അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് ഈ വെബ്‌സൈറ്റില്‍ ആദ്യം അക്കൗണ്ട് ഉണ്ടാക്കണം.

പരീക്ഷ

ആകെ ഏഴുവിഷയങ്ങളാണ് ജാം 2014-ല്‍
ഉള്ളത് ഇവയില്‍ BL, BT എന്നീപേപ്പറുകള്‍ ഒഴികെയുള്ളവയ്ക്ക് പാര്‍ട്ട്-1, പാര്‍ട്ട്-2 എന്നിങ്ങനെ രണ്ടുസെക്ഷനുകള്‍ ഉണ്ടാകും. പാര്‍ട്ട്-1ല്‍ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും മൂന്നിലൊന്നു ഭാഗം നെഗറ്റീവ് മാര്‍ക്ക് ഉണ്ടെന്ന കാര്യം ഓര്‍ക്കുക. ഈ പാര്‍ട്ടില്‍ നിശ്ചിതമാര്‍ക്ക് വാങ്ങുന്നവരെ മാത്രമേ പാര്‍ട്ട്-2ന് പരിഗണിക്കുകയുള്ളൂ. പാര്‍ട്ട്-1 ന് 60ശതമാനം, പാര്‍ട്ട് -2ന് 40ശതമാനം എന്നിങ്ങനെയാണ് വെയ്‌റ്റേജ്. പാര്‍ട്ട്-2ല്‍ വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ (descriptive questions)ആയിരിക്കും. ചുരുക്കം പറഞ്ഞാല്‍, പരീക്ഷാസമയത്ത് രണ്ട് പാര്‍ട്ടുകളും എഴുതണമെങ്കിലും പാര്‍ട്ട്-1 ഒരു 'എലിമിനേഷന്‍' ടെസ്റ്റ് പോലെ ആയിരിക്കും. എങ്കിലും ആദ്യത്തെ പാര്‍ട്ടിലെ മാര്‍ക്ക് കൂടി പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യറാക്കപ്പെടുക.

പഠനം തുടങ്ങാം

ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് പുറമേ വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍കൂടി ഉള്ളത് കൊണ്ട് പഠനവും അതിനുതകുന്ന രീതിയിലായെ പറ്റൂ. പരീക്ഷാ സിലബസ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് മിക്കവാറും പാഠഭാഗങ്ങള്‍ നമ്മുടെ യൂണിവേഴ്‌സിറ്റി സിലബസില്‍ ഉള്ളവ തന്നെയാണെന്നാണ്. പക്ഷേ, പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടുന്നത് കൊണ്ടും രാജ്യത്തെ പ്രമുഖ പരീക്ഷയായതിനാലും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത് പോലെ പഠിച്ചാല്‍ ശരിയാകില്ല. അടിസ്ഥാനതത്ത്വങ്ങളോടൊപ്പം ആഴത്തിലുള്ള പഠനവും ഈ പരീക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് പേജ് കണക്കിന് ഉത്തരമെഴുതിയുള്ള ശീലം ദോഷം ചെയ്‌തേക്കാം. വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ക്ക് നിശ്ചിത വലിപ്പത്തില്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായും ആറ്റിക്കുറുക്കിയും എഴുതാന്‍ ശീലിക്കണം. പട്ടികകള്‍, ചിത്രങ്ങള്‍ എന്നിങ്ങനെ നിങ്ങളുടെ ഉത്തരത്തിന് ഉപോല്‍ബലകമായി നല്‍കാന്‍ കഴിയുന്ന വിവരങ്ങള്‍ സ്ഥലപരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ നല്‍കാന്‍ കഴിയണം. ഇതിന് പരിശീലനം ആവശ്യമാണ്.

അതുപോലെ, ഒബ്ജക്ടീവ് പരീക്ഷയില്‍ ഭാഗ്യപരീക്ഷണത്തിന് ഒരിക്കലും മുതിരരുത്; കാരണം, ഈ ഭാഗമാണ് നമ്മുടെ വിജയത്തിന്റെ ആദ്യ ചവിട്ടുപടി നിര്‍ണയിക്കുന്നത്. ഈ ഭാഗം നന്നായി അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം ഭാഗം എത്ര ഭംഗിയായി എഴുതിയിട്ടും ഒരു കാര്യവുമില്ല എന്നോര്‍ക്കണം. ഒബ്ജക്ടീവ് രീതിയില്‍ വിഷയങ്ങളുടെ അടിസ്ഥാന അറിവുകളെപ്പറ്റിയുള്ള ചോദ്യങ്ങളാകും ഉണ്ടാവുക എന്ന് മറക്കരുത്. ഇക്കാരണം കൊണ്ട് തന്നെ അടിസ്ഥാന പഠനം അതതു വിഷയത്തിലെ പ്ലസ് ടു പാഠപുസ്തകങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം. എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും. പഠനസമയത്ത് ഫോര്‍മുലകളും മറ്റും ചെറുകുറിപ്പുകളായി എഴുതി ശീലിക്കണം. ഈ കുറിപ്പുകള്‍ പരീക്ഷാസമയത്ത് മാത്രമല്ല, ഇന്റര്‍വ്യൂ സമയത്തും നിങ്ങളെ സഹായിച്ചേക്കാം. കൈയക്ഷരവും ശ്രദ്ധിക്കണം; വായിക്കാന്‍ ബുദ്ധിമുട്ടുള്ള എഴുത്ത് മാര്‍ക്ക് കുറയ്ക്കും എന്നോര്‍ക്കുക.

ജിയോളജി ഒഴികെയുള്ള വിഷയങ്ങള്‍ക്ക് അടിസ്ഥാനഗണിതശാസ്ത്രത്തില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. പത്താം തരത്തിലെയോ, പ്ലസ് ടു തലത്തിലെയോ നിലവാരത്തിലുള്ളവയാകും ഈ ചോദ്യങ്ങള്‍. ഓരോ മാര്‍ക്കിനും വളരെ പ്രാധാന്യമുള്ളതിനാല്‍ ഈ ഭാഗത്തുനിന്നുള്ള ചോദ്യങ്ങള്‍ പ്രത്യേകം പരിശീലിക്കണം. നോണ്‍പ്രോഗ്രാമബിള്‍ കാല്‍ക്കുലേറ്റര്‍ പരീക്ഷക്ക് ഉപയോഗിക്കാം. അതുപോലെ, പത്താം ക്ലാസ് നിലവാരമുള്ള അഭിരുചി ചോദ്യങ്ങളും പരിശീലിക്കണം.

ചോദ്യങ്ങളുടെ ഏകദേശ രൂപവും മറ്റും മനസ്സിലാക്കാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ പരിശോധിക്കുന്നത് ഗുണം ചെയ്യും. ഇവ ജാം ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ട്. സിലബസ് പൂര്‍ണമായും പഠിക്കാന്‍ ശ്രദ്ധിക്കണം. തങ്ങള്‍ക്കു താത്പര്യമുള്ള ഭാഗങ്ങള്‍ മാത്രം പഠിക്കുന്നത് വിപരീതഗുണം ചെയ്‌തേക്കാം. വിഷയങ്ങളെല്ലാം ഒറ്റയ്ക്ക് തന്നെ പഠിക്കാന്‍ ശ്രമിക്കാതെ, അധ്യാപകരെയോസുഹൃത്തുക്കളെയോ മുന്‍വര്‍ഷങ്ങളില്‍ വിജയിച്ചവരെയോ കൂടെ കൂട്ടിയാല്‍ പഠനം എളുപ്പവും രസകരവുമാക്കാം. മുന്‍ വര്‍ഷങ്ങളിലെ ഉന്നതവിജയികളുടെ അഭിപ്രായപ്രകാരം, ഇത്തരത്തിലുള്ള ചിട്ടയായ പഠനരീതികള്‍ അവരുടെ വിജയത്തെ പോസിറ്റീവ് ആയി സ്വാധീനിച്ചതായി കാണാന്‍ കഴിയുന്നു.

പ്രവേശനം

ജാം 2014 പരീക്ഷയില്‍ വിജയിക്കുന്നവര്‍ അഡ്മിഷന് വേണ്ടി പ്രത്യേകം ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. ഏതു സ്ഥാപനത്തിലേക്കാണ് അപേക്ഷയെങ്കിലും ഐ.ഐ.ടി. കാണ്‍പുര്‍ വെബ്‌സൈറ്റിലാണ് സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് 600 രൂപയുടെ ഡി.ഡി.യും ആവശ്യമായ രേഖകളോടുമൊപ്പം ജാം ഓഫീസിലേക്ക് അയച്ചു കൊടുക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ റൗണ്ടുകളിലായി അഡ്മിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ചില പ്രോഗ്രാമുകളിലേക്ക് അതത് സ്ഥാപനങ്ങള്‍ നടത്തുന്ന ഇന്റര്‍വ്യൂ കൂടി പരിഗണിച്ചാകും പ്രവേശനം.

മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍

മുന്‍വര്‍ഷങ്ങളിലെ പോലെ ബാങ്ക് മുഖേനയുള്ള ജാം അപേക്ഷാഫോം വില്പന ഇക്കുറി ഉണ്ടാവില്ല. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുക.

CA, GP എന്നീ പരീക്ഷാപേപ്പറുകള്‍ നിര്‍ത്തിയിരിക്കുന്നു. ഇതില്‍ GP പേപ്പറിന് പകരം ഫിസിക്‌സ് പേപ്പര്‍ എഴുതിയാല്‍ മതിയാകും.
എം. സി. എ, ജിയോളജിക്കല്‍ ടെക്‌നോളജി, ജിയോഫിസികല്‍ ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള എം. ടെക് പ്രോഗ്രമുകള്‍ എന്നിവ 2014-'15 അധ്യയന വര്‍ഷം നടത്തപ്പെടുന്നതല്ല.

പരീക്ഷാ ഫീസില്‍ മാറ്റം വന്നിരിക്കുന്നു. ഇത്തവണ പെണ്‍കുട്ടികള്‍ക്കും ഫീസ് ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http: / /gate.iitk.ac.in/ jam


ഓര്‍ക്കേണ്ട തീയതികള്‍

* ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ : സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 12 വരെ.
* ചെലാന്‍ മുഖേന പണമടയ്‌ക്കേണ്ട അവസാനതീയതി: ഒക്ടോബര്‍ 12 .
* ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പിയും ഫോട്ടോയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ഐ.ഐ.ടി. കാണ്‍പുര്‍ ജാം 2014 ഓഫീസില്‍ എത്തേണ്ട അവസാനതീയതി: ഒക്ടോബര്‍ 23
* ജാം 2014 പരീക്ഷ: ഫിബ്രവരി 9, 2014
* ഫലം: ഏപ്രില്‍ 16, 2014 ന് വൈകിട്ട് 5


Vijayapadam Classifieds
Other Articles in this Section